മൃഗസംരക്ഷണ പോളിക്ലിനിക്കുകള്‍ ആരംഭിക്കും: മന്ത്രി അഡ്വ. കെ രാജു

Posted on: December 8, 2017 11:06 pm | Last updated: December 8, 2017 at 11:06 pm

തൃക്കരിപ്പൂര്‍: ജില്ലയിലെ ബേഡഡുക്കയില്‍ ആടുഫാം ആരംഭിക്കുമെന്നും ഈ സാമ്പത്തികവര്‍ഷം അവസാനത്തോടെ ഇതിന് തറക്കല്ലിടുമെന്നും ക്ഷീരവികസന മൃഗസംരക്ഷണ മന്ത്രി അഡ്വ. കെ രാജു പറഞ്ഞു. ഇതിനായി 22 ഏക്കര്‍ സ്ഥലം ലഭ്യമാക്കിയിട്ടുണ്ട്. തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്തില്‍ മൃഗാശുപത്രി കെട്ടിടോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ജില്ലയിലെ എല്ലാ മൃഗാശുപത്രികളിലും ഡോക്ടര്‍മാരുടെ സേവനം ഉറപ്പു വരുത്തും. വെറ്ററിനറി ഡോക്ടര്‍മാരുടെ ഒഴിവുള്ള തസ്തികകളില്‍ 10 ദിവസത്തിനകം നിയമനം നടത്താന്‍ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി. ഉദ്യോഗസ്ഥര്‍ സ്ഥലംമാറ്റത്തിന് ശിപാര്‍ശയുമായി വന്നാല്‍ വഴങ്ങില്ലെന്നും മന്ത്രി പറഞ്ഞു.
പാലുത്പാദനത്തില്‍ കേരളം അടുത്ത വര്‍ഷത്തിനകം സ്വയം പര്യാപ്തമാകും.

ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗുണനിലവാരം കുറഞ്ഞ പാലും പച്ചക്കറികളും ഇറച്ചിക്കോഴികളും ഉപയോഗിക്കേണ്ടി വരുന്നത് കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ഇത് പരിഹരിക്കാന്‍ സ്വയം പര്യാപ്തത കൈവരിക്കേണ്ടത് അത്യാവശ്യമാണ്. കന്നുകാലികള്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 50 ശതമാനം തുക സര്‍ക്കാറും 25 ശതമാനം തുക തദ്ദേശഭരണ സ്ഥാപനങ്ങളും 25 ശതമാനം ഗുണഭോക്താവും വഹിക്കുകയാണെങ്കില്‍ പദ്ധതി പൂര്‍ണമായും നടപ്പിലാക്കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു.