ഹരിത കേരളത്തിലേക്ക് ചുവടുവെക്കുമ്പോള്‍

  പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രതീക്ഷാ നിര്‍ഭരമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഹരിതകേരളം മിഷന് കഴിഞ്ഞു എന്നത് നല്ല തുടക്കമാണ്. എന്നാല്‍ കേരളത്തിന്റെ ഓരോ ഇഞ്ച് ഭൂമിയിലും, ഓരോ വ്യക്തിയുടെ മനസ്സിലും ഓരോ ഭവനത്തിലും, സ്ഥാപനത്തിലും കടന്നു ചെല്ലേണ്ട ഇടപെടലും സന്ദേശവുമായി ഈ പ്രവര്‍ത്തനങ്ങള്‍ മാറുന്നതിലൂടെ മാത്രമേ ഹരിത കേരളം എന്ന ലക്ഷ്യം നേടാന്‍ കഴിയൂ. വികസന പ്രശ്‌നങ്ങളില്‍ ഓരോ പ്രദേശത്തിനും ഉചിതമായ ഇടപെടല്‍ രീതികള്‍ വികസിപ്പിക്കാനും നടപ്പിലാക്കാനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനുള്ള സംവിധാനമായിട്ടായിരിക്കും ഹരിത കേരളം മിഷന്‍ പ്രവര്‍ത്തിക്കുക. കൈവരിക്കാനുള്ള ലക്ഷ്യങ്ങള്‍ പരിഗണിച്ചുകൊണ്ട് ശാസ്ത്രീയവും ഭാവനാപൂര്‍ണവുമായ കാഴ്ചപ്പാടോടെ സംസ്ഥാനത്തിന്റെ ജലസുരക്ഷ, ഭക്ഷ്യസുരക്ഷ, പരിസ്ഥിതി സുരക്ഷ ഇവ നേടിയെടുക്കുക എന്ന വലിയ വെല്ലുവിളി ഏറ്റെടുക്കുന്നതിനുള്ള ശരിയായ പാതയിലൂടെയാണ് ഹരിതകേരളം മിഷന്‍ ഇപ്പോള്‍ മുന്നോട്ട് പോകുന്നത്.
  Posted on: December 8, 2017 6:12 am | Last updated: December 7, 2017 at 11:29 pm

  1956 ല്‍ ഐക്യകേരളം രൂപീകൃതമായ കാലം മുതല്‍ തന്നെ നമ്മുടെ സംസ്ഥാനം സുസ്ഥിര വികസനം സാധ്യമാകുന്നതിനായുള്ള നിരവധി പരിഷ്‌കരണ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.  ഭൂപരിഷ്‌കരണം, വിദ്യാഭ്യാസ പരിഷ്‌കരണം, സാക്ഷരതാ യജ്ഞം ജനകീയാസൂത്രണം, സ്ത്രീ ശാക്തീകരണം, സാമൂഹ്യ ആരോഗ്യ പരിപാലനം തുടങ്ങിയ പ്രസ്ഥാനങ്ങള്‍ രാജ്യമാകെ ശ്രദ്ധിക്കപ്പെട്ടു. ഈ അടിത്തറയില്‍ നിന്നു കൊണ്ട് കേരളത്തിന്റെ സുസ്ഥിര വികസനക്രമം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും പുതിയ കേരളത്തിലേക്കുള്ള പ്രയാണം വേഗത്തില്‍ സാധ്യമാക്കുന്നതിനും സംസ്ഥാനത്തെ സാധാരണ ജനങ്ങള്‍ അവരുടെ ജീവിതവും ജീവനോപാധികളുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്‌നങ്ങള്‍ പ്രത്യേകമായി പരിഗണിക്കപ്പെടേണ്ടതുണ്ട് എന്ന് സര്‍ക്കാര്‍ തിരിച്ചറിയുകയുണ്ടായി.  1956 ല്‍ ഐക്യകേരളം രൂപീകൃതമായ കാലം മുതല്‍ തന്നെ നമ്മുടെ സംസ്ഥാനം സുസ്ഥിര വികസനം സാധ്യമാകുന്നതിനായുള്ള നിരവധി പരിഷ്‌കരണ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.  ഭൂപരിഷ്‌കരണം, വിദ്യാഭ്യാസ പരിഷ്‌കരണം, സാക്ഷരതാ യജ്ഞം ജനകീയാസൂത്രണം, സ്ത്രീ ശാക്തീകരണം, സാമൂഹ്യ ആരോഗ്യ പരിപാലനം തുടങ്ങിയ പ്രസ്ഥാനങ്ങള്‍ രാജ്യമാകെ ശ്രദ്ധിക്കപ്പെട്ടു. ഈ അടിത്തറയില്‍ നിന്നു കൊണ്ട് കേരളത്തിന്റെ സുസ്ഥിര വികസനക്രമം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും പുതിയ കേരളത്തിലേക്കുള്ള പ്രയാണം വേഗത്തില്‍ സാധ്യമാക്കുന്നതിനും സംസ്ഥാനത്തെ സാധാരണ ജനങ്ങള്‍ അവരുടെ ജീവിതവും ജീവനോപാധികളുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്‌നങ്ങള്‍ പ്രത്യേകമായി പരിഗണിക്കപ്പെടേണ്ടതുണ്ട് എന്ന് സര്‍ക്കാര്‍ തിരിച്ചറിയുകയുണ്ടായി.
  ധാരാളം മഴ ലഭിക്കുന്നുവെങ്കിലും വേനല്‍ക്കാലത്ത് വലിയ ജലക്ഷാമം നേരിടുന്ന സ്ഥിതി കേരളത്തില്‍ വര്‍ദ്ധിച്ചിരിക്കുന്നു. ലഭ്യമായ വെള്ളം മലിനമായി മാറുന്ന സ്ഥിതിയും വ്യാപകമാണ്. വര്‍ദ്ധിച്ചു വരുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിലെ അപര്യാപ്തത വലിയ പരിസ്ഥിതി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനു കാരണമായിരിക്കുന്നു. കാര്‍ഷിക മേഖലയുടെ മുരടിപ്പ് സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷയെ വലിയ തോതില്‍ ബാധിച്ചിരിക്കുന്നു. നെല്ലിന്റെ ഉത്പാദനം ഗണ്യമായി കുറഞ്ഞു.  നാട്ടില്‍ സാധ്യതയുണ്ടായിട്ടും അന്യപ്രദേശങ്ങളില്‍ നിന്നെത്തുന്ന വിഷലിപ്തമായ പച്ചക്കറി ഉപയോഗിക്കേണ്ട സ്ഥിതിയിലാണ് കേരളം. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ടതാണ്. എന്നാല്‍ ഇന്ന് ആഗോളതലത്തില്‍ കാര്യങ്ങള്‍ കാണേണ്ടിവന്നിരിക്കുന്നു.  അതിനനുസൃതമായി നമ്മുടെ  അടിസ്ഥാന പൊതുവിദ്യാഭ്യാസ സൗകര്യങ്ങളുടെ നിലവാരം വര്‍ധിപ്പിക്കേണ്ടിയിരിക്കുന്നു.
  ഭൂരഹിതര്‍ക്കും ഭവന രഹിതര്‍ക്കും സഹായമെത്തിക്കുന്നതില്‍ സംസ്ഥാനത്തെ പുരോഗമന സര്‍ക്കാരുകള്‍ ഏക്കാലവും വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്.  എന്നിരുന്നാലും ഇനിയും ചിലര്‍ക്ക് സ്വന്തമായി വീടില്ലാത്ത സ്ഥിതി പരിഹരിക്കേണ്ടതുണ്ട്.  ഇപ്രകാരം, പരിശോധിക്കുമ്പോള്‍ ആരോഗ്യ പരിപാലനം, ജല സംരക്ഷണം, മാലിന്യ സംസ്‌കരണം, കൃഷി വികസനം, വിദ്യാഭ്യാസ പരിഷ്‌കരണം, ഭവന ലഭ്യത ഇവ ഉറപ്പാക്കുന്നതിനുള്ള ദൗത്യം നിര്‍വ്വഹിക്കുക എന്നത് നവകേരള സൃഷ്ടി ലക്ഷ്യമിടുന്ന ഈ സര്‍ക്കാറിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രവര്‍ത്തനമായി കാണുകയാണ്.  ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ഒരു വര്‍ഷമായി ആരോഗ്യമേഖലക്കായി ‘ആര്‍ദ്രം’, വിദ്യാഭ്യാസ മേഖലക്കായി“’പൊതുവിദ്യാഭ്യാസ യജ്ഞം’,  ഭവനങ്ങളും ജീവനോപാധി സഹായവും ലഭ്യമാക്കുന്നതിനായി ‘ലൈഫ്’, പരിസ്ഥിതി സുരക്ഷ ഉറപ്പാക്കുന്നതിനായി ‘ഹരിതകേരളം’ എന്നീ നാല് വികസന മിഷനുകള്‍ രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിക്കുകയുണ്ടായി.
  ഹരിത കേരളത്തിന്റെ ഒരു വര്‍ഷം
  ശുചിത്വം, മാലിന്യ സംസ്‌കരണം, ജലസംരക്ഷണം, കൃഷി വികസനം എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഹരിത കേരളം മിഷന്‍ ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. നാട് നേരിടുന്ന ഗുരുതരമായ ചില വികസന പ്രതിസന്ധികളെ അഭിസംബോധന ചെയ്യേണ്ട അതിപ്രധാനമായ ദൗത്യം എന്ന നിലയിലാണ് സര്‍ക്കാര്‍ ഹരിതകേരളം മിഷനെ വിഭാവനം ചെയ്തത്. കേരളത്തിന്റെ ഏറ്റവും പ്രധാന സവിശേഷതകളായിരുന്ന വൃത്തിയും ജല സമൃദ്ധിയും സുരക്ഷിത ഭക്ഷ്യ വസ്തുക്കളുടെ ഉത്പാദനവും മെച്ചപ്പെടുത്തുന്നതിനുള്ള ദൗത്യമായാണ് ഹരിതകേരള മിഷന്‍ രൂപീകരിച്ചിട്ടുള്ളത്.  ഈ മൂന്നു മേഖലകളും പരസ്പര ബന്ധിതമാണ് എന്നതിനാലും ഈ മൂന്നു മേഖലകളിലേയും സംയോജിതമായ പ്രവര്‍ത്തനം സംസ്ഥാനത്തിന്റെ പരിസ്ഥിതി സുരക്ഷ കൈവരിക്കുന്നതിന് ഏറ്റവും പ്രധാനമാണ് എന്നതിനാലും ഈ മൂന്ന് പ്രവര്‍ത്തനങ്ങളേയും ഏകോപിപ്പിക്കുന്നതിനാണ് ഹരിത കേരളം മിഷന്‍ ലക്ഷ്യമിടുന്നത്. സമഗ്രമായ മാലിന്യ സംസ്‌കരണം, ജൈവ കൃഷിയും വീട്ടുവളപ്പിലെ പച്ചക്കറികൃഷിയും വ്യാപിപ്പിക്കുക, കേരളത്തിന്റെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വനസമ്പത്തും ജല സമ്പത്തും സംരക്ഷിക്കുവാനും വ്യാപ്തി വര്‍ധിപ്പിക്കുവാനും കഴിയുക തുടങ്ങിയവയെല്ലാം ഇന്നത്തെ കേരള സമൂഹത്തിന്റെ അടിയന്തര ആവശ്യങ്ങളാണ്. എന്നാല്‍ ഇവയൊന്നും കേവലം ഒരു സര്‍ക്കാര്‍ പദ്ധതി എന്ന നിലയില്‍ നടപ്പാക്കാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങളല്ല. നാടിന്റെ പച്ചപ്പും മണ്ണിന്റെയും ജലത്തിന്റെയും വായുവിന്റെയും ശുദ്ധിയും വീണ്ടെടുക്കണമെങ്കില്‍ ഒരു ജനകീയ യജ്ഞം തന്നെ ആവശ്യമാണ്. അത്തരത്തില്‍, വരും തലമുറകള്‍ക്ക് ഈ നാടിനെ അതിന്റെ എല്ലാ നന്മകളോടെയും കൈമാറുന്നതിന് മുഴുവന്‍ ജനങ്ങളെയും അണിനിരത്തിക്കൊണ്ടുള്ള വിപുലമായ പ്രവര്‍ത്തനം എന്ന ബോധ്യത്തോടെ യാണ് ഹരിതകേരളം മിഷന്‍ പ്രവര്‍ത്തിക്കുന്നത്. വികസന വകുപ്പുകളുടെയും പ്രാദേശിക ഭരണകൂടങ്ങളുടെയും നേതൃത്വത്തില്‍, ജനങ്ങളുടെ പങ്കാളിത്തത്തോടെ നാടിന്റെ പരിസ്ഥിതി സുരക്ഷ വീണ്ടെടുക്കുക എന്ന ലക്ഷ്യമാണ് ഹരിതകേരളം മിഷനെ മുന്നോട്ടു നയിക്കുന്നത്.

  ജലസംരക്ഷണത്തിനായി
  നിലവിലുള്ള ജലസ്രോതസ്സുകളുടെ നവീകരണവും ശുദ്ധീകരണവും ഉറപ്പാക്കി പരമാവധി ജലം സംരക്ഷിച്ച് പ്രാദേശിക ജലസേചന – കുടിവെള്ള സ്രോതസ്സുകളായി ഉപയോഗിക്കുക എന്ന സമീപനമാണ് ഇക്കാര്യത്തില്‍ സ്വീകരിക്കുന്നത്. ആദ്യഘട്ടത്തില്‍ കുളങ്ങള്‍, കനാലുകള്‍, തോടുകള്‍ എന്നിവ പുനരുജ്ജീവിപ്പിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിട്ടത്.  ഇതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ 15,000 ത്തിലധികം കിണറുകള്‍ നിര്‍മിക്കുകയും 5000 ത്തിലധികം പൊതുകിണറുകള്‍ പുനരുജ്ജീവിപ്പിക്കുകയും 10,000 ത്തോളം കുളങ്ങള്‍ വൃത്തിയാക്കുകയും 3200 കി.മീ തോടുകള്‍ പുനരുജ്ജീവിപ്പിക്കുകയും 1500 കീ.മി കനാലുകള്‍ വൃത്തിയാക്കുകയുമുണ്ടായി. നാട്ടുകാരുടെ സന്നദ്ധപ്രവര്‍ത്തനത്തിലൂടെയും തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനത്തിലൂടെയുമാണ് ഈ മുന്നേറ്റം പ്രധാനമായും സാധ്യമായത്. നദികളുടെയും ഉപനദികളുടേയും പുനരുജ്ജീവനം രണ്ടാം ഘട്ടത്തിലാണ് ലക്ഷ്യമിട്ടത്.  എങ്കിലും ജല സുരക്ഷാപ്രശ്‌നങ്ങള്‍ നേരിടുന്ന അനേകം പ്രദേശങ്ങളില്‍ പ്രാദേശിക ജനസമൂഹം ഉപനദികള്‍ പുനരുജ്ജീവിപ്പിക്കുന്നതിന് ഹരിതകേരളം സംവിധാനത്തിനു കീഴില്‍ സ്വമേധയാ അണിചേരുന്നതായാണ് കേരളം കണ്ടത്. പള്ളിക്കലാര്‍, കൂട്ടേമ്പരൂറാര്‍, ആദിപമ്പ, വരട്ടാര്‍, കോലറയാര്‍, കോട്ടൂര്‍, മീനന്തലയാര്‍, പെരുംതോട്, കാനാമ്പുഴ തുടങ്ങി നിരവധി ഉപനദികള്‍ ഉപയോഗത്തിലേക്ക് തിരിച്ചുവന്നു. പ്രദേശവാസികള്‍ സ്വരൂപിച്ച സാമ്പത്തിക സഹായമാണ് പ്രധാനമായും ഈ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കിയത്. പരിസ്ഥിതി സംരക്ഷണത്തില്‍ ജനങ്ങള്‍ക്കുള്ള താത്പര്യമാണ് ഇവിടെ കാണാന്‍ സാധിച്ചത്.  പുനരുജ്ജീവിപ്പിച്ച ജലസ്രോതസ്സുകളും ഉപനദികളും നിലനില്‍ക്കണമെങ്കില്‍ നീര്‍ത്തട അടിസ്ഥാനത്തില്‍ അവ സംരക്ഷിക്കപ്പെടേണ്ടതുണ്ട്്. ഇതിനായുള്ള സാങ്കേതിക മാര്‍ഗനിര്‍ദേശങ്ങള്‍ സ്വരൂപിച്ചു കൊണ്ടും പ്രാദേശിക സാങ്കേതിക സമിതികള്‍ സംഘടിപ്പിച്ചുകൊണ്ടും വിപുലമായ പരിശീലനം സാധ്യമാക്കിയുമുള്ള പ്രവര്‍ത്തനങ്ങള്‍ ജലവിഭവ വകുപ്പ്, മണ്ണ് സംരക്ഷണ വകുപ്പ്, തൊഴിലുറപ്പ് പദ്ധതി എന്നിവയുമായി ചേര്‍ന്ന് സംഘടിപ്പിച്ചു വരികയാണ്. ഇതോടൊപ്പം നമുക്ക് ലഭ്യമായ ജലം ശുദ്ധമായി സംരക്ഷിക്കുകയും നിയന്ത്രിതമായി വിനിയോഗിക്കുകയും ചെയ്യണ്ടതുണ്ട്. ഓരോ പൗരനും പ്രത്യേകം ശ്രദ്ധിച്ചാല്‍ മാത്രമേ ഇത് കൈവരിക്കാനാകുകയുള്ളൂ.“’ജലമാണ് ജീവന്‍’ എന്ന കാമ്പയിനിലൂടെ സാക്ഷരതാ പ്രവര്‍ത്തകരുടെയും സന്നദ്ധ സംഘടനകളുടേയും സഹായത്താല്‍ കുറെയധികം ജനങ്ങളിലേക്ക് ഈ സന്ദേശം എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. നൂതന ആശയങ്ങളും അനുയോജ്യമായ സാങ്കേതികവിദ്യ കളും ഉപയോഗപ്പെടുത്തി ജലസംരക്ഷണം സാധ്യമാക്കിയും ജലവിനിയോഗം ക്രമീകരിച്ചും ജല മലിനീകരണം തടഞ്ഞുകൊണ്ടും കേരളത്തിന്റെ ജല സുരക്ഷ സാധ്യമാക്കുക എന്ന ലക്ഷ്യം കൈവരിക്കാം എന്നാണ് ആദ്യ വര്‍ഷ പ്രവര്‍ത്തനങ്ങള്‍ നല്‍കുന്ന സൂചന.
  മാലിന്യ സംസ്‌കരണംകഴിഞ്ഞ പത്തിരുപത് വര്‍ഷക്കാലമായി മാലിന്യ സംസ്‌കരണം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ് സംസ്ഥാനം.  എന്നാല്‍ നമ്മുടെ പ്രയത്‌നങ്ങള്‍ വേണ്ടത്ര ഫലം കാണുന്നില്ല എന്ന സ്ഥിതിയാണ് സംസ്ഥാനത്തെ അലട്ടുന്നത്. മാലിന്യ സംസ്‌കരണത്തില്‍ നാളിതുവരെയുള്ള സംസ്ഥാനത്തിന്റെ അനുഭവങ്ങള്‍ വെച്ചുകൊണ്ട് ജനപങ്കാളിത്തത്തോടൊപ്പം അനുയോജ്യ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയും മാലിന്യസംസ്‌കരണ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മാലിന്യം പരമാവധി കുറക്കുന്നതിനും പുനരുപയോഗിക്കുന്നതിനും പുനഃചംക്രമണത്തിന് വിധേയമാക്കുന്നതിനുമുള്ള സാര്‍വ്വത്രിക തത്വം സ്വീകരിച്ചുകൊണ്ട്, മാലിന്യത്തെ വിഭവമായി പരിഗണിച്ചുകൊണ്ട് പരിഹാരം കാണുന്നതിനുള്ള രീതിയാണ് ഹരിതകേരളം മിഷന്റെ ഭാഗമായി സ്വീകരിക്കുന്നത്.  ജൈവ മാലിന്യങ്ങളെ പരമാവധി സ്രോതസ്സില്‍ തന്നെ ഏറ്റവും അനുയോജ്യമായ സാങ്കേതിക രീതി ഉപയോഗിച്ച് സംസ്‌കരിക്കുന്ന തിനും അജൈവ മാലിന്യങ്ങളെ കേന്ദ്രീകൃത സംഭരണ കേന്ദ്രത്തിലെത്തിച്ച് പുനരുപയോഗിത്തിനോ, പുനചംക്രമണത്തിനോ വിധേയമാക്കുന്ന രീതിയുമാണ് അവലംബിക്കുന്നത്.  ഇതോടൊപ്പം വലിയ നഗര പ്രദേശങ്ങളില്‍ കേന്ദ്രീകൃത മാലിന്യ സംസ്‌കരണ സംവിധാനങ്ങളും വേണ്ടതുണ്ട്.  ശുചിത്വ മിഷന്‍, ക്ലീന്‍ കേരള കമ്പനി, കുടുംബശ്രീ മിഷന്‍, തൊഴിലുറപ്പു പദ്ധതി, സാങ്കേതിക സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹായത്തോടെ 300 ലധികം തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ സമഗ്രമായ മാലിന്യസംസ്‌കരണ സംവിധാനം പ്രായോഗികമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.

  ‘മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം’ എന്ന വിപുലമായ കാമ്പയിനിലൂടെ യാണ് 300 തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സംസ്ഥാനത്തെ 60 ലക്ഷത്തിലധികം ഭവനങ്ങള്‍ സന്ദര്‍ശിച്ച് വിവരം ശേഖരിച്ചുകൊണ്ട് 6000 ത്തോളം ജനപ്രതിനിധികളെയും സന്നദ്ധ പ്രവര്‍ത്തകരെയും ഉദ്യോഗസ്ഥരെയും വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പരിശീലിപ്പിച്ചുകൊണ്ടാണ് സമഗ്രമായ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ സാധ്യമാക്കുന്നതിലേക്ക് എത്തിയിട്ടുള്ളത്.
  കാര്‍ഷിക മേഖല•കേരളത്തിലെ നെല്‍കൃഷിയുടെ വിസ്തൃതി 2 ലക്ഷം ഹെക്ടറിനു താഴെയെത്തിയിരിക്കുകയാണ്. പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാനുള്ള സാധ്യതകളുണ്ടെങ്കിലും അത് പ്രയോജനപ്പെടുത്താത്ത അവസ്ഥ നിലവിലുണ്ട്.  ലഭ്യമായ പച്ചക്കറിയേറെയും വിഷലിപ്തമാണ് എന്ന ബോധ്യപ്പെടുത്തലുകളും വലിയ തോതില്‍ നമ്മെ അലട്ടുന്നു. ഈ സാഹചര്യത്തില്‍ ജൈവകൃഷിക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള കൃഷി വികസനം സാധ്യമാക്കി സുരക്ഷിത ഭക്ഷ്യ വസ്തുക്കളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുക എന്നത് നമ്മുടെ സംസ്ഥാനത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമായിരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷിതമായ പച്ചക്കറി ഉത്പാദനം പരമാവധി വര്‍ദ്ധിപ്പിക്കുന്നതിനും, നെല്‍കൃഷി ഏറ്റവും കുറഞ്ഞത് 3 ലക്ഷം ഹെക്ടറിലേക്കെങ്കിലും വ്യാപിപ്പിക്കുന്നതിനും പഴവര്‍ഗങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവര്‍ത്തനം കൃഷി ഉപമിഷന്റെ ആഭിമുഖ്യത്തില്‍ തുടക്കം കുറിച്ചിട്ടുണ്ട്.  തരിശു നിലങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കുന്നതിനും, ഗാര്‍ഹിക തലത്തിലുള്‍പ്പെടെ പച്ചക്കറി വ്യാപിപ്പിക്കുന്നതിനുമുള്ള തീവ്രശ്രമം നടക്കുകയുണ്ടായി. “’ഓണത്തിന് ഒരുമുറം പച്ചക്കറി’ എന്ന കാമ്പയിന്‍ വലിയ സഹായകമായി. കൂടുതല്‍ ചിട്ടയോടെയും സാങ്കേതിക സംവിധാനങ്ങളുടെ മേന്‍മ വര്‍ദ്ധിപ്പിച്ചും ശുഷ്‌കാന്തിയോടെ കാര്‍ഷിക മേഖലയുടെ വളര്‍ച്ചക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.

  വൃക്ഷവത്കരണംമഴ, മണ്ണ് സംരക്ഷണം, ജലപരിപോഷണം, വായു ഗുണത, ശബ്ദമലിനീകരണ നിയന്ത്രണം, സര്‍വ്വോപരി പരിസ്ഥിതി സുരക്ഷ ഉറപ്പാക്കുന്നതില്‍ വൃക്ഷങ്ങള്‍ക്ക് വലിയ പങ്കാണുള്ളത്.  ആയതിനാല്‍ കഴിഞ്ഞ ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെടുത്തി 86 ലക്ഷം വൃക്ഷത്തൈകള്‍ വനം വകുപ്പ്, കാര്‍ഷിക വകുപ്പ്, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി, വിവിധ മാധ്യമങ്ങള്‍ തുടങ്ങിയ സംവിധാനങ്ങളുമായി ചേര്‍ന്ന് വെച്ചു പിടിപ്പിക്കുന്നതിനുള്ള പരിശ്രമം വിജയിക്കുകയുണ്ടായി. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി നട്ട മരങ്ങള്‍ സുരക്ഷിതമായി വളരുന്നുവോ എന്ന അന്വേഷണം ഭാഗികമായെങ്കിലും നടത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ 50 ശതമാനത്തിലധികം വൃക്ഷത്തൈകള്‍ നിലനില്‍ക്കുന്നു എന്ന അറിവും പുതുമയാര്‍ന്നതായി.  ഈ അനുഭവം വെച്ചുകൊണ്ട് അടുത്ത പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 2 കോടി വൃക്ഷത്തൈകള്‍ വച്ച് പിടിപ്പിച്ച് പരിപാലിക്കുന്നതിനുള്ള തയ്യാറെടുപ്പ് നടന്നു വരുന്നു.
  ഹരിതോത്സവം
  പച്ചപ്പിന്റെ സമൃദ്ധി തിരിച്ചെടുക്കാന്‍ കൈകോര്‍ക്കുകയാണ് കേരളം. വിദ്യാര്‍ഥികളെയും അവര്‍ക്കു ചുറ്റുമുള്ള പ്രകൃതിയെയും ഗാഢമായി ബന്ധിപ്പിച്ചുകൊണ്ട് ഹരിത സൗഹൃദമായ വിദ്യാലയാന്തരീക്ഷവും ഗൃഹാന്തരീക്ഷവും സൃഷ്ടിക്കുക എന്നത് കാലത്തിന്റെ ആവശ്യമായി മാറിയിരിക്കുന്നു. ഈ സന്ദേശം ഉള്‍ക്കൊണ്ട് കേരളത്തിലെ വിദ്യാലയങ്ങളില്‍ പഠനത്തോടൊപ്പം പത്ത് പരിസ്ഥിതി ഉത്സവങ്ങളും അതിന്റെ ഭാഗമായി നിരവധി ഹരിത പ്രവര്‍ത്തനങ്ങളും നിര്‍വഹിച്ചുകൊണ്ട് ഹരിത വിദ്യാലയങ്ങളും ഹരിത ഭവനങ്ങളും സാധ്യമാക്കുന്ന നടപടിയാണ് വിദ്യാര്‍ഥി സമൂഹത്തിനെ പങ്കാളിത്തത്തോടെ ഹരിതോത്സവം വിഭാവനം ചെയ്തിട്ടുള്ളത്.
  പ്രതീക്ഷയുടെ ആദ്യവര്‍ഷംകേരളത്തിലങ്ങോളമിങ്ങോളം പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രതീക്ഷാ നിര്‍ഭരമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഹരിതകേരളം മിഷന് കഴിഞ്ഞു എന്നത് നല്ല തുടക്കമായി സര്‍ക്കാര്‍ കാണുന്നു. എന്നാല്‍ കേരളത്തിന്റെ ഓരോ ഇഞ്ച് ഭൂമിയിലും, ഓരോ വ്യക്തിയുടെ മനസ്സിലും ഓരോ ഭവനത്തിലും, സ്ഥാപനത്തിലും കടന്നു ചെല്ലേണ്ട ഇടപെടലും സന്ദേശവുമായി ഈ പ്രവര്‍ത്തനങ്ങള്‍ മാറുന്നതിലൂടെ മാത്രമേ ഹരിത കേരളം എന്ന ലക്ഷ്യം നേടാന്‍ കഴിയൂ. വികസന പ്രശ്‌നങ്ങളില്‍ ഓരോ പ്രദേശത്തിനും ഉചിതമായ ഇടപെടല്‍ രീതികള്‍ വികസിപ്പിക്കുവാനും നടപ്പിലാക്കുവാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനുമുള്ള സംവിധാനമായിട്ടായിരിക്കും ഹരിത കേരളം മിഷന്‍ പ്രവര്‍ത്തിക്കുക. ഇതിനായി വിവിധ വകുപ്പുകളുടെയും, സ്ഥാപനങ്ങളുടെയും, സംഘടനകളുടെയും, പ്രാദേശിക കൂട്ടായ്മകളുടെയും ഏകോപനം ഒരു പരിധിവരെ സാധ്യമാക്കുന്നതിന് സാധിച്ചിട്ടുണ്ട്. ഈ കൂട്ടായ്മ വിപുലീകരിച്ചു വരികയാണ്. കൈവരിക്കാനുള്ള ലക്ഷ്യങ്ങള്‍ പരിഗണിച്ചുകൊണ്ട് ശാസ്ത്രീയവും ഭാവനാപൂര്‍ണവുമായ കാഴ്ചപ്പാടോടെ സംസ്ഥാനത്തിന്റെ ജലസുരക്ഷ, ഭക്ഷ്യസുരക്ഷ, പരിസ്ഥിതി സുരക്ഷ ഇവ നേടിയെടുക്കുക എന്ന വലിയ വെല്ലുവിളി ഏറ്റെടുക്കുന്നതിനുള്ള ശരിയായ പാതയിലൂടെയാണ് ഹരിതകേരളം മിഷന്‍ ഇപ്പോള്‍ മുന്നോട്ട് പോകുന്നത്.