Connect with us

National

അമിത്ഷായെ തടയില്ല: കര്‍ണാടക ആഭ്യന്തര മന്ത്രി

Published

|

Last Updated

ബെംഗളൂരു: ബി ജെ പി ദേശീയ പ്രസിഡന്റ് അമിത്ഷാക്ക് അനുകൂല നിലപാടുമായി കര്‍ണാടക ആഭ്യന്തര മന്ത്രി. അമിത്ഷാ കര്‍ണാടകയില്‍ പ്രവേശിക്കുന്നത് സര്‍ക്കാര്‍ തടയില്ലെന്ന് ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി വ്യക്തമാക്കി. കര്‍ണാടകത്തില്‍ അക്രമം അഴിച്ചുവിടാന്‍ അമിത്ഷാ ആഹ്വാനം ചെയ്തിരുന്നതായുള്ള ബി ജെ പിയുടെ മൈസൂരു എം പി പ്രതാപ് സിംഹയുടെ വെളിപ്പെടുത്തലിനോട് പ്രസ്‌ക്ലബ്ബില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. അക്രമത്തിന് ആഹ്വാനം ചെയ്യുന്ന രീതി അമിത് ഷാ അവസാനിപ്പിക്കണമെന്നും അക്രമം നടത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള നീക്കം അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

നബിദിനവും ഹനുമദ് ജയന്തിയും അടുത്തടുത്ത ദിവസങ്ങളില്‍ വന്നപ്പോള്‍ ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്ത് ഹെണ്ണൂരില്‍ റാലി നിരോധിച്ചതിനെതിരെ സിംഹയുടെ നേതൃത്വത്തില്‍ യുവമോര്‍ച്ച പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
യുവമോര്‍ച്ചാ നേതാക്കള്‍ തങ്ങള്‍ നടത്തിയ പ്രതിഷേധങ്ങളെക്കുറിച്ച് അമിത് ഷായോട് പറഞ്ഞപ്പോള്‍, പ്രതിഷേധത്തിന് വീറു പോരെന്നും ലാത്തിച്ചാര്‍ജും മറ്റും നടക്കത്തക്ക രീതിയില്‍ കൂടുതല്‍ കലാപം സൃഷ്ടിക്കാന്‍ കഴിയുന്ന പ്രതിഷേധമാണ് നടത്തേണ്ടിയിരുന്നതെന്നുമാണ് അമിത് ഷാ പ്രതികരിച്ചതെന്ന് പ്രതാപ് സിംഹ വെളിപ്പെടുത്തിയിരുന്നു. കര്‍ണാടകയില്‍ അക്രമത്തില്‍ അധിഷ്ഠിതമായ പ്രതിഷേധങ്ങള്‍ നടത്താന്‍ നിര്‍ദേശിച്ചതിനെ സംബന്ധിച്ച് പ്രതാപ് സിംഹ സംസാരിക്കുന്ന 37 മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പുറത്തുവന്നത്.
ഫേസ്ബുക്ക് ലൈവിലൂടെയാണ് സിംഹ ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. ഇതാകട്ടെ ബി ജെ പി നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

 

Latest