Connect with us

Gulf

ശൈഖ് മുഹമ്മദ് വിളിക്കുന്നു, ബഹിരാകാശ യാത്രക്ക്‌

Published

|

Last Updated

ദുബൈ: ഇമാറാത്തി യുവതയെ ബഹിരാകാശ യാത്രക്ക് സജ്ജമാക്കാനുള്ള ചരിത്രദൗത്യവുമായി യു എ ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സ്വദേശികളായ യുവതീ-യുവാക്കളെ ബഹിരാകാശ യാത്രക്ക് ക്ഷണിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു. യു എ ഇയിലെ ആദ്യ ആസ്‌ട്രൊനോട്ട്‌സ് ബാച്ചില്‍ രജിസ്റ്റര്‍ ചെയ്യാനാണ് ക്ഷണം. നാല് ഇമാറാത്തികള്‍ക്ക് പരിശീലനം നല്‍കി ബഹിരാകാശ ദൗത്യങ്ങള്‍ നയിക്കാന്‍ കെല്‍പുള്ളവരാക്കി മാറ്റുകയാണ് ലക്ഷ്യം. ഇവരെ ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷ (ഐ എസ് എസ്)സിലേക്ക് അയക്കും.

ഈ ദിവസം പുതിയൊരു ചരിത്രാധ്യായത്തിന് തുടക്കം കുറിക്കുകയാണ്. തടസ്സങ്ങളെയെല്ലാം യു എ ഇ അതിജയിക്കും, ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.
മുഹമ്മദ് ബിന്‍ റാശിദ് ബഹിരാകാശ നിലയത്തിന് കീഴിലാണ് പ്രോഗ്രാം നടക്കുക. 18 വയസിന് മുകളിലുള്ള അറബിക്, ഇംഗ്ലീഷ് ഭാഷകളില്‍ പ്രാവീണ്യം നേടിയ ഇമാറാത്തികള്‍ക്കാണ് അപേക്ഷിക്കാനാവുക. ഏതെങ്കിലും ഒരു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയവരാകണം അപേക്ഷകര്‍. ആരോഗ്യ, മാനസിക കഴിവുകള്‍ അളന്ന ശേഷം അഭിമുഖത്തിലൂടെയാണ് യുവതീ-യുവാക്കളെ തിരഞ്ഞെടുക്കുക. യോഗ്യരായ വിദ്യാര്‍ഥികളില്‍ നിന്ന് മികച്ച നാല് പേരെ സ്‌ക്രീനിംഗിലൂടെ തിരഞ്ഞെടുക്കും.

കഴിഞ്ഞ ഏപ്രിലില്‍ ശൈഖ് മുഹമ്മദും അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും ചേര്‍ന്ന് പ്രഖ്യാപിച്ച യു എ ഇ നാഷണല്‍ സ്‌പേസ് പ്രോഗ്രാമിന്റെ ഭാഗമാണ് യു എ ഇ ആസ്‌ട്രൊനോട്ട്‌സ് പ്രോഗ്രാം. ബഹിരാകാശ രംഗത്തെ ഭാവി വെല്ലുവിളികളെ അതിജയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇതിന് തുടക്കംകുറിച്ചത്. ചൊവ്വയില്‍ 2117ല്‍ മനുഷ്യരെ എത്തിച്ചു ചെറുനഗരം യാഥാര്‍ഥ്യമാക്കാനുള്ള പദ്ധതിയും ഇതിന്റെ ഭാഗമായി പ്രഖ്യാപിച്ചിരുന്നു. ചൊവ്വയില്‍ സ്വയംപര്യാപ്ത നഗരം യാഥാര്‍ഥ്യമാക്കാനാണ് യു എ ഇ ലക്ഷ്യമിടുന്നത്.

യു എ ഇയുടെ ചൊവ്വാദൗത്യമായ അല്‍ അമലും ഇതിന്റെ ഭാഗമാണ്. 2020ലാണ് പര്യവേഷണ പേടകം വിക്ഷേപിക്കുക. 2021ല്‍ യു എ ഇ 50-ാമത് ദേശീയദിനമാഘോഷിക്കുമ്പോള്‍ പേടകം ചൊവ്വയിലെത്തും.
അറബ് ലോകത്ത് നിന്ന് ചൊവ്വയിലേക്ക് ആളില്ലാ പേടകമയക്കാന്‍ തയ്യാറെടുക്കുന്ന ആദ്യ രാജ്യമാണ് യു എ ഇ. ഒന്‍പത് രാജ്യങ്ങളുമായി ചേര്‍ന്നാണ് ചൊവ്വാ ദൗത്യത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്.