ദോഹ നഗരം പുനര്‍നിര്‍മിക്കപ്പെട്ടത് രണ്ടു നൂറ്റാണ്ടിനിടെ നാലു തവണ

Posted on: December 7, 2017 6:22 pm | Last updated: December 7, 2017 at 6:22 pm

ദോഹ: ഒടുവിലെ രണ്ടു നൂറ്റാനിടെ കുറഞ്ഞത് നാലു തവണയെങ്കിലും ദോഹ നഗരം ഇവിടെ അധിവസിച്ച സമൂഹത്താല്‍ നവീകരിക്കപ്പെട്ടുവെന്ന് കണ്ടെത്തല്‍. പഴയ ദോഹ പരിത്ര പര്യവേക്ഷണ പദ്ധതിയുടെ ഭാഗമായി കണ്ടെത്തിയ വിവരങ്ങള്‍ വിശദീകരിക്കുന്നതിനായി യു സി എല്‍ ഖത്വറും ഖത്വര്‍ മ്യൂസിയംസും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത ഗവേഷകരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ക്യു സി എല്‍ ഖത്വര്‍ പ്രൊഫസേറിയല്‍ റിസര്‍ച്ച് ഫെല്ലോ പ്രൊഫ. റോബര്‍ട്ട് കാര്‍ട്ടര്‍, ഖത്വര്‍ മ്യൂസിയംസ് ആര്‍ക്കിയോളജിക്കല്‍ ഓപറേഷന്‍സ് മേധാവി ഡോ. ഫര്‍ഹാന്‍ സാകല്‍ എന്നിവരാണ് പര്യവേക്ഷണത്തിലൂടെ കണ്ടെത്തിയ വിവരങ്ങള്‍ സദസ്സിനു മുന്നില്‍ അവതിരിപ്പിച്ചത്.

1800കളുടെ ആദ്യത്തില്‍ തുടങ്ങി 20 ാം നൂറ്റാണ്ടു വരെയുള്ള കാലത്തെ ഖത്വറിന്റെ മാറ്റങ്ങളും നവീകരണങ്ങളുമാണ് പുരാരേഖകളുടെ അടിസ്ഥാനത്തില്‍ വിശദീകരിച്ചത്. വികസിച്ചു കൊണ്ടിരുന്ന ഒരു നാഗരീക ചരിത്രമാണ് ദോഹയുടെത്. മുത്ത് കേന്ദ്രീകൃതമായ സാമ്പത്തിക വ്യവസ്ഥിതിക്കൊപ്പം പാര്‍പ്പിട വ്യവസ്ഥയും ഖത്വറില്‍ ഉണ്ടായിരുന്നു. രണ്ടു നൂറ്റാനിടെ നാലു തവണയെങ്കിലും നഗരത്തെ പുതുക്കിപ്പണിതതായി രേഖകള്‍ തെളിയിക്കുന്നു. ഓരോ കാലഘട്ടത്തിലെയും സമൂഹം ഉപയോഗിച്ചതും പുതുക്കിപ്പണിതതുമായ വീടുകളും കെട്ടിടങ്ങളുമുള്‍പ്പെടെയുള്ളവയുടെ പരിശോധനയാണ് ഇത് ബോധ്യപ്പെടുത്തുന്നത്.

ഗള്‍ഫിലെ മറ്റു പല കേന്ദ്രങ്ങളെയും പോലെ ദോഹയും മുത്തുവാരല്‍ വ്യവസായത്തില്‍നിന്നും ഊര്‍ജം സ്വീകരിച്ചാണ് വികസിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ ലോകത്ത് 80 ശതമാനം മുത്തുകളും നല്‍കിയിരുന്നത് ഗള്‍ഫ് മേഖലയായിരുന്നു. ഈ ഘട്ടത്തില്‍ ഖത്വര്‍ ഈ രംഗത്തെ പ്രധാന പ്രദേശമായിരുന്നു. മുത്തു വ്യാപാരത്തിലൂടെ ലോകവ്യാപകമായുള്ള രാജ്യങ്ങളുമായി നൂറ്റാണ്ടുകളോളം ബന്ധം പുലര്‍ത്താന്‍ ഖത്വറിനു സാധിച്ചിരുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ആഡംബര വസ്തുവായി പരിഗണിച്ചിരുന്ന മുത്തുകള്‍ക്കു പകരമായാണ് യൂറോപ്പില്‍ നിന്നും ഫാര്‍ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നും ഉത്പന്നങ്ങള്‍ രാജ്യത്തേക്കു ഇറക്കുമതി ചെയ്തത്.

1929ല്‍ ഉണ്ടായ ലോക മാന്ദ്യത്തോടെ മുത്തുവ്യവസായ മേഖല പ്രതിസന്ധി നേരിട്ടതോടെ ലോക വിപണിയുമായുള്ള ഖത്വറിന്റെ സമ്പര്‍ക്കത്തിനും ഉലച്ചിലുകളുണ്ടായി. വ്യാപാര പങ്കാളികളുമായുള്ള ബന്ധത്തെ ഇത് വിപരീതദിശയില്‍ ബാധിച്ചു. പിന്നീട് എണ്ണ കണ്ടെടുത്തതിനു ശേഷമാണ് രാജ്യത്തിന് വിദേശവിപണിയിലെ പഴയ പ്രതാപം തിരിച്ചു പിടിക്കാനായത്. ദോഹയുടെ മറ്റൊരു നവീകരണത്തിനുകൂടി ഇതോടെ നാന്ദിയാവുകയായിരുന്നു. നൂറുകണക്കിനു വര്‍ഷങ്ങളുടെ ചരിത്രമുള്ള നഗരത്തിന്റെ സ്വീകാര്യതയും വികസനവുമാണ് ദോഹയില്‍ ഇപ്പോള്‍ പ്രതിഫലിക്കുന്നതെന്ന് പ്രൊഫ. റോബര്‍ട്ട് കാര്‍ട്ടര്‍ പറഞ്ഞു.

നമുക്കു മുമ്പ് ഇവിടെ ജീവിച്ച മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങളാണ് ഈ പഠനങ്ങള്‍ നല്‍കുന്നത്. രാജ്യം എങ്ങനെയാണ് ലോകവുമായി ബന്ധം പുലര്‍ത്തിയതിന്റെയും സാമ്പത്തികാധിഷ്ഠിതവും ഉപഭോക്തൃ രീതിയിലുമുള്ള ഇടപാടുകളുടെയും ചരിത്രവും ലഭിക്കുന്നു. ഭൂമിശാശ്ത്രപരമായി ഒറ്റപ്പെട്ട പ്രദേശത്തെ വെല്ലുവിളികളെ നേരിട്ടുകൊണ്ടുള്ള വാസവും വളര്‍ച്ചയും ചരിത്രം പറഞ്ഞു വരുന്നു. ഖത്വര്‍ ജനതയുടെ ആഗോള ബന്ധവും വികസനവും പുതിയ ചരിത്രം മാത്രമല്ല എന്നാണ് പുരാതന ചരിത്രരേഖകള്‍ അറിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.