സുതാര്യമാകട്ടെ, വഖ്ഫ് നിയമനങ്ങള്‍

Posted on: December 7, 2017 6:31 am | Last updated: December 6, 2017 at 11:32 pm

സംസ്ഥാന വഖ്ഫ് ബോര്‍ഡ് ജീവനക്കാരുടെ നിയമനം പി എസ് സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കയാണ് ഒരു വിഭാഗം മുസ്‌ലിം സംഘടനകള്‍. ഒന്നാം ഘട്ടമെന്ന നിലയില്‍ ഡിസംബര്‍ 14ന് സെക്രട്ടേറിയറ്റിന് മുമ്പില്‍ സത്യഗ്രഹമനുഷ്ഠിക്കാനാണ് തീരുമാനം. നിയമനം പി എസ് സിക്ക് വിടുന്നതിന് മുമ്പ് ഇതു സംബന്ധമായി ഏതാണ്ടെല്ലാ മുസ്‌ലിം സംഘടനകളുമായി സര്‍ക്കാര്‍ കൂടിയാലോചിച്ചിരുന്നുവെന്നും അവരില്‍ നിന്ന് അനുകൂലമായ പ്രതികരണമാണ് ഉണ്ടായതെന്നും മന്ത്രി കെ ടി ജലീല്‍ വ്യക്തമാക്കിയതാണ്. രണ്ട് ആവശ്യങ്ങളാണ് കൂടിയാലോചനകളില്‍ മുസ്‌ലിം സംഘടനകള്‍ മുന്നോട്ട് വെച്ചത്. നിയമനം മുസ്‌ലിം സമുദായത്തില്‍ നിന്നാകണം. ഏഴ് വര്‍ഷം തികയാത്തതിനാല്‍ നിയമനം സ്ഥിരപ്പെടുത്താത്ത താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുകയും വേണം. ഈ രണ്ട് ആവശ്യങ്ങളും പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. പിന്നെന്തിനാണ് ഇവര്‍ പ്രക്ഷോഭത്തിനിറങ്ങുന്നത്?

കാരണം വ്യക്തമാണ്. മതിയായ യോഗ്യതയോ എഴുത്തു പരീക്ഷയോ നടത്താതെ ബോര്‍ഡിന്റെ തലപ്പത്തുള്ളവര്‍ക്കും ‘സമുദായ പാര്‍ട്ടി’ക്കും വേണ്ടപ്പെട്ടവരെയാണ് ഇതുവരെ ജീവനക്കാരായി നിയമിച്ചു വന്നിരുന്നത്. യോഗ്യതയുള്ള മുസ്‌ലിം ഉദ്യോഗാര്‍ഥികള്‍ അവിടെ തഴയപ്പെടുകയായിരുന്നു. പി എസ് സിക്ക് വിട്ടാല്‍ തന്നിഷ്ട പ്രകാരമുള്ള ഈ ‘വീതംവെപ്പ്’ നിയമനങ്ങള്‍ നടക്കില്ലെന്നതിലപ്പുറം ഈ സംഘടനകളുടെ എതിര്‍പ്പിന് മറ്റൊരു ന്യായീകരണവുമില്ല. പ്രവര്‍ത്തനത്തിന് ആവശ്യമായ ഉദ്യോഗസ്ഥരെ നിശ്ചയിക്കാനും നിയമിക്കാനുമുള്ള അധികാരം ബോര്‍ഡില്‍ നിക്ഷിപ്തമായതിനാല്‍ അത് എടുത്തു മാറ്റരുതെന്നല്ലാതെ എന്താണ് നിയമനം പി എസ് സിക്ക് വിടുന്നത് കൊണ്ടുള്ള കുഴപ്പമെന്ന്ചൂണ്ടിക്കാട്ടാന്‍ പ്രക്ഷോഭ തീരുമാനം കൈക്കൊണ്ട യോഗത്തിന് സാധിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

ജീവനക്കാരുടെ നിയമനം ഉള്‍പ്പെടെ ആറ് പതിറ്റാണ്ട് കാലത്തെ വഖ്ഫ് ബോര്‍ഡിന്റെ സേവന ചരിത്രം സുതാര്യവും നിരാക്ഷേപവുമാണെന്ന് ബോര്‍ഡ് നേതാക്കള്‍ അവകാശപ്പെട്ടതായി കണ്ടു. എന്നാല്‍ വസ്തുത നേരെ മറിച്ചാണ്. പല നിയമനങ്ങളും തീരുമാനങ്ങളും പക്ഷപാതപരവും നിക്ഷിപ്ത താത്പര്യങ്ങളെ മുന്‍നിര്‍ത്തിയുള്ളതുമായിരുന്നു. അനര്‍ഹരാണ് പലപ്പോഴും നിയമിക്കപ്പെടുന്നത്. ഇതിനിടെ മഞ്ചേരി വഖ്ഫ് ബോര്‍ഡ് ഓഫീസില്‍ മൂന്ന് പേര്‍ക്ക് സ്ഥിരം നിയമനം നല്‍കിയ നടപടി വിവാദമായതാണ്. വര്‍ഷങ്ങളായി അവിടെ സേവനമനുഷ്ഠിക്കുന്ന താത്കാലിക ജീവനക്കാരെ അവഗണിച്ചായിരുന്നു ഈ നിയമനം. അതിനെതിരെ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവരികയും ചെയ്തിരുന്നു. ഇതൊരു മഞ്ചേരി അനുഭവം മാത്രമല്ല, വര്‍ഷങ്ങളായി ജോലി ചെയ്തിട്ടും സ്ഥിരപ്പെടുത്താതെ അവരെ മാറ്റി നിര്‍ത്തി വേണ്ടപ്പെട്ടവര്‍ക്ക് കാലപരിധിയൊന്നും നോക്കാതെ സ്ഥിരനിയമനം നല്‍കുന്ന പ്രവണത വഖ്ഫ് ബോര്‍ഡില്‍ പൊതുവെയുണ്ട്. ഹൈക്കോടതിയും സര്‍ക്കാറും സ്ഥിരപ്പെടുത്തരുതെന്ന് നിര്‍ദേശിച്ച അഞ്ച് പേരെ നിയമവിരുദ്ധമായി സ്ഥിരപ്പെടുത്തിയ സംഭവവും വഖ്ഫ് ബോര്‍ഡിലുണ്ടായി. ഇതു സംബന്ധിച്ച കേസ് ഇപ്പോള്‍ വിജിലന്‍സ് കോടതിയുടെ പരിഗണനയിലാണ്. കേന്ദ്ര വഖ്ഫ് സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര വഖ്ഫ് കൗണ്‍സിലില്‍ നിന്ന് ലോണ്‍ അനുവദിക്കുന്നതില്‍ ക്രമക്കേട്, ഇല്ലാത്ത തസ്തികകളില്‍ സ്വന്തക്കാരെ നിയമിക്കല്‍, സര്‍ക്കാര്‍ ഖജനാവിന് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടം വരുത്തല്‍ തുടങ്ങി ഒട്ടേറെ പരാതികള്‍ സംസ്ഥാന വഖ്ഫ് ബോര്‍ഡിനെതിരെയും ജീവനക്കാര്‍ക്കെതിരെയും നിലവിലുണ്ട്.

പല പള്ളി, മദ്രസ തര്‍ക്കങ്ങളിലും ജീവനക്കാര്‍ കക്ഷി ചേരലും തങ്ങളുടെ വിഭാഗത്തിന്റെ താത്പര്യ സംരക്ഷണാര്‍ഥം ഫയലുകള്‍ വെച്ചുതാമസിപ്പിക്കലും പതിവാണ്. പാര്‍ട്ടിയുടെ ഔദാര്യത്തില്‍ കയറിപ്പറ്റിയവരാകുമ്പോള്‍ പാര്‍ട്ടി നേതൃത്വം പറയുന്നത് അനുസരിക്കാന്‍ ജീവനക്കാര്‍ നിര്‍ബന്ധിതരാകുമല്ലോ. വളരെ സൂക്ഷ്മതയോടെയും കണിശമായൂം കൈകാര്യം ചെയ്യേണ്ടതാണ് വഖ്ഫ് സ്വത്തുക്കളും വഖ്ഫ് സ്ഥാപനങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച കേസുകളിലെ തീര്‍പ്പും. വഖ്ഫ് ചെയ്തവരുടെ താത്പര്യവും നിര്‍ദേശവും മനസ്സിലാക്കിയായിരിക്കണം ഇക്കാര്യത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടത്. അവിടെ രാഷ്ട്രീയമോ മുസ്‌ലിം സംഘടനകള്‍ക്കിടയിലെ വിഭാഗീയതയോ കടന്നുവരരുത്. പാര്‍ട്ടി വളര്‍ത്താനോ സലഫിസത്തിന് ഒത്താശ ചെയ്യാനോ ഉള്ള വേദിയായി ബോര്‍ഡിനെ ദുരുപയോഗപ്പെടുത്തുകയും അരുത്. നിരവധി സുന്നി സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാന്‍ സലഫികള്‍ക്ക് മുസ്‌ലിം ലീഗ് നേതാക്കളും പാര്‍ട്ടി നോമിനികളായ വഖ്ഫ് ബോര്‍ഡ് സാരഥികളും ഒത്താശ ചെയ്തിട്ടുണ്ട്. നിയമനങ്ങള്‍ പി എസ് സി മുഖേനയാകുമ്പോള്‍ ഇത്തരം കളികള്‍ക്ക് കുറെയേറെ മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വഖ്ഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമവും നിഷ്പക്ഷവുമാകാന്‍ ജീവനക്കാര്‍ പ്രാപ്തരും രാഷ്ട്രീയമോ മറ്റു ബാഹ്യതാത്പര്യങ്ങളോ പരിഗണിക്കാതെ നിയമിതരായവരും ആകേണ്ടതുണ്ട്. ബോര്‍ഡ് ഒരു പൊതുസ്ഥാപനമാണെന്നിരിക്കെ നിയമനങ്ങള്‍ സുതാര്യമാകേണ്ടത് അനിവാര്യമാണ്. വഖ്ഫ് സ്വത്തുക്കളുടെ വിനിയോഗത്തിലും അതുസംബന്ധമായി ഉയരുന്ന തര്‍ക്കങ്ങളിലും സത്യസന്ധവും നീതിപൂര്‍വകവുമായ തീരുമാനങ്ങള്‍ ആഗ്രഹിക്കുന്നവര്‍ സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്.