Connect with us

Kasargod

കൈക്കൂലി വാങ്ങുന്ന ഡോക്ടര്‍മാര്‍ക്ക് താക്കീതുമായി ആശുപത്രിയില്‍ ചൂലുകൊണ്ടുള്ള പ്രതിഷേധം

Published

|

Last Updated

കാസര്‍കോട്: കൈക്കൂലി വാങ്ങുന്ന ഡോക്ടര്‍മാര്‍ക്ക് താക്കീതുമായി ആശുപത്രിയില്‍ ചൂലുകൊണ്ടുള്ള പ്രതിഷേധം. കാസര്‍കോട്ടെ അഴിമതിവിരുദ്ധ സംഘടനയായ ജി എച്ച് എമ്മാണ് ജനറല്‍ ആശുപത്രിയില്‍ വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. ജനറല്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഗര്‍ഭിണിയോട് കൈക്കൂലി ആവശ്യപ്പെട്ട സംഭവം പുറത്തുവന്നതോടെ ജി എച്ച് എം പ്രവര്‍ത്തകര്‍ ചൂലുമായി ആശുപത്രിയിലെത്തുകയായിരുന്നു.

ആശുപത്രി കവാടത്തിന് മുന്നില്‍ നിന്നും ആരംഭിച്ച പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ രോഗികളോട് അഭിപ്രായം ആരായുകയും കൈക്കൂലിയോ പാരിതോഷികമോ നല്‍കരുതെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. ചൂലും ലഘുലേഖയുമായെത്തിയ പ്രവര്‍ത്തകര്‍ ലഘുലേഖകള്‍ ആശുപത്രിക്ക് മുന്നില്‍ പതിച്ച് പ്രതിഷേധം രേഖപ്പെടുത്തി. ലിഫ്റ്റ് തകരാറും കാന്റീന്‍ ശോചനീയാവസ്ഥയും ബ്ലഡ് ബാങ്ക്, എക്‌സ്‌റേ സംവിധാനം, മറ്റു സാമഗ്രികളും തുരുമ്പെടുത്ത് നശിക്കുകയും ചെയ്യുന്നതിന്റെ മാധ്യമ റിപ്പോര്‍ട്ടുകള്‍ ശേഖരിച്ചാണ് ലഘുലേഖയിറക്കിയത്.
സമരത്തിന് ജി എച്ച് എം പ്രവര്‍ത്തകരായ ബുര്‍ഹാന്‍ തളങ്കര, നാഷണല്‍ അബ്ദുല്ല, ഫൈസല്‍ ആദൂര്‍, നിസാം ബോവിക്കാനം, ഖാദര്‍ കരിപ്പൊടി, സൈഫുദ്ദീന്‍ മാക്കോട്, ഖാലിദ് കൊളവയല്‍, താജുദ്ദീന്‍ ചേരങ്കൈ, താജുദ്ദീന്‍ നെല്ലിക്കട്ട, ആനന്ദന്‍, അജയ് പരവനടുക്കം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Latest