ദേശീയ ദിനാഘോഷത്തിനായി അമീറിന്റെ ചിത്രം പുറത്തിറക്കി

Posted on: December 6, 2017 8:21 pm | Last updated: December 6, 2017 at 8:21 pm

ദോഹ: ദേശീയ ദിനാഘോഷത്തിനായി ഖത്വര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ പുതിയ രേഖാചിത്രം ദേശീയദിനാഘോഷ കമ്മിറ്റി പ്രസിദ്ധപ്പെടുത്തി. ദേശീയദിനാഘോഷവുമായി ബന്ധപ്പെട്ട എല്ലായിടത്തും ഉപയോഗിക്കുന്നതിനായാണ് ചിത്രം. ദേശീയ ദിനത്തിന്റെ പ്രമേയമായ ‘സമൃദ്ധിയുടെയും മഹത്വത്തിന്റെയും വാഗ്ദാനം’ എന്നത് ഉല്ലേഖനം ചെയ്തു കൊണ്ടുള്ള ചിത്രമാണ് പുറത്തിറക്കിയത്. ഈ മാസം ഒമ്പതിനാണ് പത്തു ദിവസത്തെ ഔദ്യോഗിക ദേശീയദിനാഘോഷ പരിപാടികള്‍ ആരംഭിക്കുന്നത്.

അയല്‍ രാജ്യങ്ങളുടെ ഉപരോധം നേരിടുന്ന സാഹചര്യത്തില്‍ ഖത്വര്‍ ഭരണനേതൃത്വത്തിനുള്ള പിന്തുണയും ഐക്യവും ലക്ഷ്യമാക്കുന്ന രീതിയിലാണ് ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ നടക്കുന്നതെന്ന് ആഘോഷ കമ്മിറ്റി അധ്യക്ഷനും സാംസ്‌കാരിക കായിക വകുപ്പു മന്ത്രിയുമായ സാലഹ് ബിന്‍ ഗാനിം അല്‍ അലി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സിറിയന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞ വര്‍ഷത്തെ ദേശീയ ദിനാഘോഷം ഉപേക്ഷിക്കാന്‍ ഖത്വര്‍ സന്നദ്ധമായിരുന്നു. ഒരുക്കങ്ങള്‍ ആരംഭിച്ച ശേഷമായിരുന്നു അമീറിന്റെ ആഹ്വാനം. എന്നാല്‍ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തോടുള്ള ഐക്യഡാര്‍ഢ്യം ശക്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ഈ വര്‍ഷം ആഘോഷം നടക്കും.

ദര്‍ബ് സാഇയിലാണ് പത്തു ദിവസത്തെ പ്രധാന ആഘോഷങ്ങള്‍ നടക്കുക. 2008ലാണ് രാജ്യത്തെജനതയുടെ ഐക്യത്തിന്റെയും സാഹോദരത്യത്തിന്റെയും പ്രതീകമായി ദേശീയദിനാഘോഷത്തിനു തുടക്കം കുറിച്ചത്.