ആറ് മാസത്തിനിടയില്‍ 7,900 സേവകരെ ഒരുമിച്ചുകൂട്ടി ആസ്റ്റര്‍ വളണ്ടിയേഴ്‌സ് പ്രോഗ്രാം

Posted on: December 6, 2017 7:30 pm | Last updated: December 6, 2017 at 7:30 pm

ദുബൈ: ആസ്റ്റര്‍ ഡി എം ഹെല്‍ത് കെയറിന്റെ ആസ്റ്റര്‍@30 കാമ്പയിന്റെ ഭാഗമായ ആസ്റ്റര്‍ വളണ്ടിയേര്‍സ് പ്രോഗ്രാമില്‍ ഇതിനകം എട്ടായിരത്തോളം വളണ്ടിയര്‍മാരെ പങ്കെടുപ്പിക്കാന്‍ സാധിച്ചതായി ഡി എം ഹെല്‍ത് കെയര്‍ അറിയിച്ചു. യു എ ഇ, ഒമാന്‍, ബഹ്‌റൈന്‍, ഖത്വര്‍, കെ എസ് എ, ജോര്‍ദാന്‍, ഇന്ത്യ, ഫിലിപ്പൈന്‍സ് എന്നിവിടങ്ങിലായി അര്‍ഹരായവര്‍ക്ക് കൈത്താങ്ങാവുന്ന പ്രവര്‍ത്തനങ്ങളുമായി സേവനനിരതരാവാന്‍ ആസ്റ്റര്‍ വളണ്ടിയര്‍മാര്‍ക്ക് കഴിഞ്ഞു. ആസ്റ്റര്‍ ഡി എം ഹെല്‍ത് കെയറിന്റെ 30-ാം വാര്‍ഷികാഘോഷം അടയാളപ്പെടുത്തുന്ന ആസ്റ്റര്‍ @30 കാമ്പയിന്റെ ഭാഗമായി ഈ വര്‍ഷം ജൂണിലാണ് ആസ്റ്റര്‍ വളണ്ടിയേര്‍സ് പ്രോഗ്രാം പ്രഖ്യാപിച്ചത്.

യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പ്രഖ്യാപിച്ച 2017 ദാനവര്‍ഷത്തിന് പിന്തുണയായാണ് ആസ്റ്റര്‍ വളണ്ടിയേര്‍സ് പ്രോഗ്രാം വിഭാവനം ചെയ്യപ്പെട്ടത്. സേവന സന്നദ്ധരാകുന്നതിനെ ദാനകര്‍മത്തിന്റെ അടിസ്ഥാനമായി കണ്ട് സേവനനിരതമായ സമൂഹത്തിന് പിന്തുണ നല്‍കുകയെന്ന ലക്ഷ്യം നിറവേറ്റുകയാണ് ആസ്റ്റര്‍ ഡി എം ഹെല്‍ത് കെയര്‍ ലക്ഷ്യമിട്ടത്.

ഗ്രൂപ്പിന് കീഴിലുളള 96 ക്ലിനിക്കുകളിലും 18 ഹോസ്പിറ്റലുകളിലുമായാണ് ഇവ പൂര്‍ത്തിയാക്കിയത്. ഇതുവരെ 732 സൗജന്യ ശസ്ത്രക്രിയകളാണ് ഇതിന്റെ ഭാഗമായി നല്‍കിയിട്ടുളളത്. ഇതില്‍ ആറ് ശസ്ത്രക്രിയകള്‍ ജി സി സിയിലാണ് നിര്‍വഹിച്ചിട്ടുളളത്. അര്‍ഹരായ ആയിരകണക്കിന് രോഗികള്‍ക്ക് സൗജന്യ പരിശോധനയും ചികിത്സയും ഇതിനകം പ്രോഗ്രാമിന്റെ ഭാഗമായി പ്രദാനം ചെയ്യാനും സാധിച്ചിട്ടുണ്ട്.

പ്രാദേശിക ഗവണ്‍മെന്റ് വകുപ്പുകള്‍, വിവിധ ആഗോള കമ്പനികള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവയുമായി സഹകരിച്ചുകൊണ്ടാണ് പ്രവര്‍ത്തന സാന്നിധ്യമുളള വിവിധ രാജ്യങ്ങളില്‍ ആസ്റ്റര്‍വളണ്ടിയേര്‍സ് സംരംഭങ്ങള്‍ യാഥാര്‍ഥ്യമാക്കിയത്. അവിദഗ്ധ-വിദഗ്ധ തൊഴിലാളികളെ പ്രാഥമിക ജിവന്‍ രക്ഷാ മാര്‍ഗങ്ങള്‍ പരിശീലിപ്പിക്കുന്ന ക്ലാസുകള്‍ ഇതിന്റെ ഭാഗമായിരുന്നു. 95,000 ലധികം പേര്‍ ഇതിനകം ഇത്തരം ക്ലാസുകളില്‍ പങ്കെടുത്ത് പരിശീലനം സ്വായത്തമാക്കികഴിഞ്ഞു. 300,000 പേര്‍ക്ക് പരിശീലനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 2018, 2019 വര്‍ഷങ്ങളിലും ഈ ദൗത്യം തുടരുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.