Connect with us

National

വിശാല്‍ മത്സരിക്കും; പത്രിക തള്ളിയ നടപടി കമ്മീഷന്‍ പിന്‍വലിച്ചു

Published

|

Last Updated

ചെന്നൈ: ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന നടന്‍ വിശാലിന്റെ നാമനിര്‍ദേശ പത്രിക തള്ളിയ നടപടി തിരഞ്ഞെടുപ്പ് കമ്മിഷന്‍ പിന്‍വലിച്ചു. ഇതോടെ, സ്വതന്ത്ര സ്ഥാനാര്‍ഥിയായി വിശാല്‍ മത്സരിക്കും. തന്റെ വാദങ്ങള്‍ അംഗീകരിച്ച കമ്മിഷനു വിശാല്‍ നന്ദി അറിയിച്ചു. നേരത്തേ, അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സഹോദര പുത്രി ദീപാ ജയകുമാറിന്റെ പത്രികയും കമ്മിഷന്‍ തള്ളിയിരുന്നു.

സൂക്ഷ്മ പരിശോധനയില്‍ പത്രികകളില്‍ അപാകത കണ്ടെത്തിയതിനാലാണ് വിശാലിന്റെയും ദീപ ജയകുമാറിന്റെയും പത്രികകള്‍ തള്ളിയത്. വിശാലിനെ നാമനിര്‍ദേശം ചെയ്തു രണ്ടുപേര്‍ സമര്‍പ്പിച്ച രേഖകളില്‍ തെറ്റായ വിലാസമാണ് രേഖപ്പെടുത്തിയിരുന്നതെന്ന കാരണമാണ് കമ്മിഷന്‍ അധികൃതര്‍ അറിയിച്ചത്. ദീപയുടെ പത്രികയിലെ ചില കോളങ്ങള്‍ പൂരിപ്പിച്ചിട്ടുമില്ലായിരുന്നു.

പത്രിക പിന്തള്ളിയതില്‍ പ്രതിഷേധിച്ചു വിശാലും പ്രവര്‍ത്തകരും ആര്‍കെ നഗറിലെ തിരുവൊട്ടിയൂര്‍ ഹൈറോഡില്‍ പ്രതിഷേധം നടത്തി. ഗതാഗത തടസ്സം ഉണ്ടാക്കിയതിനെത്തുടര്‍ന്ന് അന്‍പതോളം വരുന്ന പ്രവര്‍ത്തകര്‍ക്കൊപ്പം വിശാലിനെയും പൊലീസ് തൊണ്ടിയാര്‍പേട്ട് പൊലീസ് സ്‌റ്റേഷനിലേക്കു മാറ്റി. പിന്നീടു പരാതി ബോധിപ്പിക്കാന്‍ റിട്ടേണിങ് ഓഫിസറെ കാണാന്‍ വിശാലിനെ പൊലീസ് അനുവദിച്ചു

Latest