ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക് കിഴക്കില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു

Posted on: December 5, 2017 9:26 pm | Last updated: December 5, 2017 at 9:26 pm

തിരുവന്തപുരം: ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക് കിഴക്ക് ഭാഗത്തും ദക്ഷിണആന്‍ഡമാന്‍ കടലിന് മുകളിലും ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തുടര്‍ന്നുള്ള 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്ത് വിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു

ഇനി വരുന്ന വരുന്ന മൂന്ന് ദിവസങ്ങളില്‍ മഴയും ഒറ്റപ്പെട്ട കനത്തമഴയും ആന്‍ഡമാന്‍ ദ്വീപുകളിലും ഭാഗങ്ങളിലും രൂപപ്പെടാന്‍ സാധ്യതയുണ്ട്. അടുത്ത മൂന്നുദിവസത്തിനിടെ പടിഞ്ഞാറ് വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തമിഴ്‌നാടിന്റെ വടക്ക്, ആന്ധ്രയുടെ തെക്കന്‍ ഭാഗങ്ങളിലേക്കെത്താനാണ് സാധ്യതയെന്നും നിരീക്ഷണകേന്ദ്രം സൂചന നല്‍കുന്നുണ്ട്.

ആന്‍ഡമാന്‍ ദ്വീപില്‍ മണിക്കൂറില്‍ 40-50 കിലോ മീറ്റര്‍ വേഗതയുള്ള കാറ്റു വീശാനിടയുണ്ട്. ഡിസംബര്‍ അഞ്ച്, ആറ് തീയതികളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 60 കിലോമീറ്റര്‍ ആകാനും സാധ്യതയുണ്ട്. ഡിസംബര്‍ അഞ്ച്, ആറ് തിയതികളില്‍ ആന്‍ഡമാന്‍ ദ്വീപിനു സമീപം കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ട്. ആറാം തീയതി വരെ നിക്കോബാര്‍ പ്രദേശത്ത് മത്സ്യബന്ധനത്തിന് ഇറങ്ങരുതെന്നും ആന്ധ്രാ പ്രദേശ്, തമിഴ്‌നാട് തീരത്ത് ആറ്, എട്ട് തീയതികളില്‍ മത്സ്യബന്ധനത്തിന് ഇറങ്ങരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദേശം നല്‍കുന്നു.