പത്രങ്ങളില്‍ സ്വന്തം ചരമവാര്‍ത്ത നല്‍കി മുങ്ങിയആള്‍ പിടിയില്‍

Posted on: December 5, 2017 12:52 pm | Last updated: December 5, 2017 at 12:52 pm

കോട്ടയം: പത്രങ്ങളില്‍ സ്വന്തം ചരമവാര്‍ത്ത നല്‍കി മുങ്ങിയയാളെ പോലീസ് കണ്ടെത്തി. കുറ്റിക്കോലയിലെ ജോസഫ് മേലുക്കുന്നേലിനെയാണ് പോലീസ് കോട്ടയത്ത് കണ്ടെത്തിയത്. ജോസഫിനെ കാണാതായതിനെ തുടര്‍ന്ന് ഭാര്യ പരാതി നല്‍കിയിരുന്നു.

തിങ്കളാഴ്ച കോട്ടയത്തുള്ള എല്ലാ ഹോട്ടലുകളിലും പോലീസ് ഫോട്ടോ കാണിച്ച് പരിശോധന നടത്തിയിരുന്നു. ഐശ്വര്യ ലോഡ്ജില്‍ എത്തിയപ്പോള്‍ കഴിഞ്ഞ ദിവസം രാവിലെ മുതല്‍ ഒരാള്‍ താമസിക്കുന്നുണ്ടെന്ന സംശയം ജീവനക്കാര്‍ പ്രകടിപ്പിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചലിലാണ് ഇയാള്‍ പിടിയിലായത്. ജോസഫ് ഇപ്പോള്‍ വെസ്റ്റ് പോലീസ് സ്‌റ്റേഷനിലാണ്. കുടുംബ പ്രശ്‌നമാണ് ഇത്തരത്തില്‍ മാറിനില്‍ക്കാന്‍ കാരണമെന്ന് ജോസഫ് പോലീസിനോട് പറഞ്ഞു. പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറിലെ ടൂറിസ്റ്റ് ഹോമില്‍ നിന്ന് വ്യാഴാഴ്ച രാവിലെ അപ്രത്യക്ഷനായ ജോസഫ് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 തോടെ കോട്ടയം പ്രാഥമിക സഹകരണ കാര്‍ഷിക വികസന ബേങ്കിലെത്തിയിരുന്നു. അരമണിക്കൂറോളം ചെലവഴിച്ചു. തുടര്‍ന്ന് പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച സ്വന്തം ചരമ പരസ്യവും നിര്യാണ വാര്‍ത്തയും ബേങ്ക് സെക്രട്ടറി ഇയാളെ കാണിച്ചിരുന്നു.
തന്റെ ബന്ധുവാണെന്നും ചെവിക്ക് പിന്നിലെ മുഴ തിരുവനന്തപുരം ആര്‍ സിസിയില്‍ കാണിച്ചപ്പോള്‍ ട്യൂമറാണെന്ന് കണ്ടെത്തിയതായും സെക്രട്ടറിയോട് പറഞ്ഞു. ചികിത്സയിലായിരിക്കേ ഹൃദയാഘാതത്താല്‍ മരിച്ചെന്ന് പറഞ്ഞ് ജോസഫ് പൊട്ടിക്കരഞ്ഞു.
തുടര്‍ന്ന് ജോസഫിന്റെ മൃതദേഹത്തില്‍ നിന്ന് ലഭിച്ചതെന്ന് പറഞ്ഞ് സ്വര്‍ണമാലയും വന്‍തുകയും എടിഎം കാര്‍ഡുമടങ്ങിയ പൊതി സെക്രട്ടറിയെ ഏല്‍പ്പിച്ചു. മരിച്ചയാളുടെ ഭാര്യ തളിപ്പറമ്പ് കുറ്റിക്കോലിലെ മേരിക്കുട്ടിക്ക് അയച്ചുകൊടുക്കണമെന്നും ആവശ്യപ്പെട്ടു. താങ്കള്‍ക്ക് തന്നെ നേരിട്ട് കൊടുത്തുകൂടെയെന്ന ചോദ്യത്തിന് പരസ്പര വിരുദ്ധമായി ജോസഫ് പ്രതികരിച്ചതോടെ സെക്രട്ടറിക്ക് സംശയം തോന്നി. ജോസഫിനെ കാണാത്തത് സംബന്ധിച്ച് കാര്‍ഷിക വികസന ബേങ്ക് സെക്രട്ടറിമാരുടെ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയും തളിപ്പറമ്പ് പ്രാഥമിക സഹകരണ കാര്‍ഷിക വികസന ബേങ്ക് സെക്രട്ടറിയുമായി ഫോണിലൂടെ ബന്ധപ്പെട്ടു. ഇരുവരും തമ്മിലുള്ള സംസാരം കേട്ടയുടന്‍ ജോസഫ് അവിടെ നിന്ന് മുങ്ങുകയായിരുന്നു. തുടര്‍ന്ന് പ്രിന്‍സ് തളിപ്പറമ്പ് ഡി വൈ എസ്പി കെ വി വേണുഗോപാലിനെ അറിയിച്ചു. തുടര്‍ന്ന് ഡി വൈ എസ് പി രൂപവത്കരിച്ച സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ജോസഫ് പിടിയിലായത്.

നവംബര്‍ 30ലെ പത്രങ്ങളിലാണ് ജോസഫ് ചരമവാര്‍ത്ത പ്രസിദ്ധീകരണത്തിനു നല്‍കിയത്. പ്രമുഖ കർഷകനാണെന്നും തിരുവനന്തപുരം ആർസിസിയിൽ ചികിൽസയിൽ കഴിയവെ മരിച്ചെന്നുമാണ് പരസ്യത്തിലുണ്ടായിരുന്നത്. ഭാര്യയുടെയും മക്കളുടെയും മരുമക്കളുടെയും കൊച്ചുമക്കളുടെയും പേരുവിവരങ്ങളും നൽകി. സംസ്കാരം പിറ്റേന്ന് രാവിലെ പത്തിന് തിരുവനന്തപുരത്താണെന്നും പരസ്യത്തിൽ പറഞ്ഞിരുന്നു.