‘ഇന്ത്യന്‍ സമൂഹം യു എ ഇ ഭരണാധികാരികളോട് കടപ്പെട്ടിരിക്കുന്നു’

Posted on: December 4, 2017 10:48 pm | Last updated: December 4, 2017 at 10:48 pm

ദുബൈ: ഇന്ത്യന്‍ സമൂഹവും മലങ്കരസഭ പ്രത്യേകിച്ചും യു എ ഇ ഭരണാധികാരികളോട് കടപ്പെട്ടിരിക്കുന്നുവെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ബസ്സേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അഭിപ്രായപ്പെട്ടു.

ദുബൈ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കാതോലിക്കാ ബാവ. ചുരുങ്ങിയ കാലം കൊണ്ട് ലോക രാഷ്ട്രങ്ങളെ അതിശയിപ്പിക്കുന്ന വികസനത്തിന് നേതൃത്വം നല്‍കുവാന്‍ യു എ ഇക്കു കഴിഞ്ഞുവെന്ന് ബാവ പറഞ്ഞു. വൈവിധ്യങ്ങളെ ഉള്‍കൊള്ളാനുള്ള മഹാമനസ്‌കതയാണ് യു എ ഇയുടെ മഹത്വമെന്ന് യോഗത്തില്‍ മുഖ്യാതിഥിയായ ഇന്ത്യന്‍ സ്ഥാനപതി നവദീപ് സിംഗ് സൂരി പറഞ്ഞു. ഡല്‍ഹി ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിമിത്രയോസ് മെത്രപ്പോലീത്ത അധ്യക്ഷത വഹിച്ചു.

ദുബൈ ഇകണോമിക് കൗണ്‍സില്‍ അംഗം അബ്ദുല്ല അല്‍ സുവൈദി, അഡ്വ. ബിജു ഉമ്മന്‍, സാം വി ഗബ്രിയേല്‍ കോര്‍ എപ്പിസ്‌കോപ്പാ, ഫാ. നൈനാന്‍ ഫിലിപ്പ് പനക്കാമറ്റം, ഫാ. സജു ടി സി ജോര്‍ജ്, കെ ജോര്‍ജ്, ബിജുമോന്‍ കുഞ്ഞച്ചന്‍, ബിജു സി ജോണ്‍ ജോസ് ജോ ണ്‍, ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. ദുബൈ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ഏര്‍പെടുത്തിയ പുരസ്‌കാരം അശ്‌റഫ് താമരശ്ശേരിക്ക് സമ്മാനിച്ചു.