ഓഖി; ദുരിതം അനുഭവിക്കുന്നവര്‍ക്കായി രണ്ടുമാസത്തെ ശമ്പളം മാറ്റിവെച്ച് ഇന്നസെന്റ് എംപി

Posted on: December 4, 2017 7:10 pm | Last updated: December 4, 2017 at 7:10 pm

തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റിന്റെ ദുരിതബാധിതര്‍ക്ക് തന്റെ രണ്ടു മാസത്തെ ശമ്പളം നല്‍കുമെന്ന് ഇന്നസെന്റ് എം പി. ഓഖിയില്‍ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മ്മാണത്തിനും റോഡുകളും കടല്‍ഭിത്തിയും നന്നാക്കുന്നതിനുമായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സഹായം ലഭ്യമാക്കും. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

പാര്‍ലമെന്റംഗം എന്ന നിലയിലുള്ള എന്റെ രണ്ടു മാസത്തെ വേതനം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കും. കടല്‍ക്ഷോഭം മൂലം വീടുകള്‍ തകര്‍ന്നും വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ സംഭവിച്ചും കൊടുങ്ങല്ലൂര്‍ തീരപ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങള്‍ ദുരിതത്തിലായിരിക്കുകയാണ്.
എറിയാട് പഞ്ചായത്തില്‍ ഉള്‍പ്പെടെ തുറന്ന ക്യാമ്ബുകളിലേക്ക് ആണ് ഇവരെ മാറ്റിയിരിക്കുന്നത്. ഇവിടങ്ങളില്‍ കുടിവെള്ളത്തിന് ക്ഷാമം നേരിടുന്നതായാണ് ദുരിതബാധിതര്‍ പറയുന്നത്. അടിയന്തിരമായി ഇവര്‍ക്ക് കുടിവെള്ളമെത്തിക്കും. അതിനായി ഉടന്‍ തന്നെ ശുദ്ധജലം ക്യാമ്ബുകളിലെത്തിക്കും. 12000 കുപ്പി വെള്ളം ഇതിനായി ഏര്‍പ്പാട്ട് ചെയ്തു കഴിഞ്ഞു.

തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിനും റോഡുകളും കടല്‍ഭിത്തിയും നന്നാക്കുന്നതിനുമുള്‍പ്പെടെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സഹായം ലഭ്യമാക്കും. അടിയന്തിര സഹായം വേണ്ട മറ്റ് കാര്യങ്ങളും കഴിയുന്നത്ര വേഗത്തില്‍ അറ്റന്‍ഡ് ചെയ്യാനാണ് ശ്രമിക്കുന്നത്