ഓഖി: സര്‍ക്കാര്‍ പരാജയം; ഉടന്‍ സര്‍വകക്ഷി യോഗം വിളിക്കണം – ചെന്നിത്തല

Posted on: December 3, 2017 12:59 pm | Last updated: December 3, 2017 at 12:59 pm

തൃശൂര്‍: ഓഖി ചുഴലിയെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങള്‍ നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തലസ്ഥാനത്ത് ഉണ്ടായിട്ടും മുഖ്യമന്ത്രി സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ തയ്യാറായില്ലെന്നും ചെന്നിത്തല ആരോപിച്ചു. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീരദേശ പോലീസ് കാര്യമായി പ്രവര്‍ത്തിക്കുന്നില്ല. റവന്യൂ വകുപ്പും മുഖ്യമന്ത്രിയും തമ്മിലുള്ള അഭിപ്രായ ഭിന്നതയും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ആശങ്കയെ തുടര്‍ന്നാണ് അപകടത്തില്‍പെട്ടവരുടെ ബന്ധുക്കള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉടന്‍ സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.