ഇരട്ട സെഞ്ച്വറിയുമായി കോഹ്‌ലി വീണ്ടും; മൂന്നാം ടെസ്റ്റിലും ഇന്ത്യ ശക്തമായ നിലയില്‍

Posted on: December 3, 2017 12:47 pm | Last updated: December 3, 2017 at 8:00 pm
SHARE

ന്യൂഡല്‍ഹി: ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ ശ്രീലങ്കക്ക് എതിരായ മൂന്നാം ക്രിക്കറ്റ ടെസ്റ്റിലും ഇന്ത്യ ശക്തമായ നിലയില്‍. ഇരട്ട സെഞ്ച്വറിയുമായി കോഹ്‌ലി വീണ്ടും കളം നിറഞ്ഞാടിയപ്പോള്‍ ഏഴ് വിക്കറ്റിന് 536 റണ്‍സെന്ന നിലയില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്ക മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുത്തിട്ടുണ്ട്. ഇന്ത്യന്‍ സ്‌കോറിന് 405 റണ്‍സ് പിറകിലാണിപ്പോള്‍ ലങ്ക.

ആഞ്ചലോ മാത്യൂസ് (57), നായകന്‍ ദിനേശ് ചണ്ഡിമാല്‍ എന്നിവരാണ് ക്രീസില്‍. ഓപണര്‍മാരായ കരുണരത്‌നെ (പൂജ്യം), ദില്‍റുവാന്‍ പെരേര (42), ധനഞ്ജയ സില്‍വ (ഒന്ന്) എന്നിവരാണ് പുറത്തായ ബാറ്റ്‌സ്മാന്‍മാര്‍. മുഹമ്മദ് ഷാമി, ജഡേജ, ഇശാന്ത് ശര്‍മ എന്നിവര്‍ വിക്കറ്റുകള്‍ പങ്കിട്ടു. ഇന്നിംഗ്‌സിന്റെ ആദ്യ പന്തില്‍ തന്നെ കരുണരത്‌നെയെ വിക്കറ്റ് കീപ്പര്‍ സാഹയുടെ കൈകളിലെത്തിച്ച് മുഹമ്മദ് ഷാമി ലങ്കയെ ഞെട്ടിച്ചു.

നേരത്തെ, തുടര്‍ച്ചയായ രണ്ടാമത്തെയും കരിയറിലെ ആറാമത്തെയും ഇരട്ട സെഞ്ച്വറി നേടിയ കോഹ്‌ലിയുടെ പ്രകടനമാണ് ഇന്ത്യയെ മികച്ച ടോട്ടലിലേക്ക് നയിച്ചത്. 287 പന്തില്‍ 25 ബൗണ്ടറികളുടെ അകമ്പടിയോടെ 243 റണ്‍സാണ് കോഹ്്‌ലി അടിച്ചുകൂട്ടിയത്. കൊല്‍ക്കത്തയില്‍ നടന്ന ഒന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സില്‍ സെഞ്ച്വറിനേടിയ കോഹ്‌ലി നാഗ്പൂരില്‍ കളിച്ച ഏക ഇന്നിംഗ്‌സില്‍ ഡബിള്‍ സെഞ്ച്വറി അടിച്ചിരുന്നു. ഒന്നാം ദിനം മുരളി വിജയ്‌യും (155) സെഞ്ച്വറി നേടിയിരുന്നു.

നാല്് വിക്കറ്റിന് 371 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് തുടങ്ങിയ ഇന്ത്യയെ കോഹ്‌ലിയും രോഹിതും ചേര്‍ന്ന് അതിവേഗം മുന്നോട്ട് നയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here