ഒാഖി: 13 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു; മരണം 28 ആയി, 92 പേരെ ഇനിയു‌ം കണ്ടെത്താനായില്ല

Posted on: December 3, 2017 11:12 am | Last updated: December 4, 2017 at 9:32 am

തിരുവനന്തപുരം: തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ വിവിധ അപകടങ്ങളില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 28 ആയി ഉയര്‍ന്നു. ഇന്ന് 13 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. ഇനിയും 92 പേരെ കൂടി കണ്ടെത്താനുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കോസ്റ്റ്ഗാര്‍ഡും നാവിക സേനയും ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും റവന്യൂ മന്ത്രി ഇ ചന്ദ്ര ശേഖരനും വിഴിഞ്ഞത്തെ ദുരിത ബാധിത പ്രദേശങ്ങളില്‍ എത്തി.

അതേസമയം, കാറ്റും മഴയും അടങ്ങിയെങ്കിലും ഓഖി ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞിട്ടില്ല.  ഗുജറാത്ത് തീരത്തേക്കാണ് കാറ്റ് ഇപ്പോൾ നീങ്ങുന്നത്. ഗുജറാത്ത് എത്തുമ്പോഴേക്കും വേഗം മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ ആകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ അറിയിച്ചു.

  • ഓഖിയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ കേരളത്തില്‍ 13 പേര്‍ കൂടി മരിച്ചു. പൂന്തുറയില്‍ നിന്ന് രക്ഷാപ്രവര്‍ത്തിനത്തിനായി പോയ മത്സ്യത്തൊഴിലാളികള്‍ക്കാണ് ഒരു മൃതദേഹം ലഭിച്ചത്. മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ലക്ഷദ്വീപിലെ കനാമത്ത് ദ്വീപിലാണ് രണ്ടാമത്തെ മൃതദേഹം കണ്ടെത്തിയത്.
  • വിവിധ സ്ഥലങ്ങളിലായി 69 പേരെ രക്ഷിക്കാനായിട്ടുണ്ട്. നേവി രക്ഷിച്ച നാലു തൊഴിലാളികളെ ശംഖുമുഖത്തും 16 പേരെ കൊല്ലം ശക്തികുളങ്ങരയിലും എത്തിച്ചു. കോസ്റ്റ് ഗാര്‍ഡ് രക്ഷിച്ച 19 പേരെ കൊച്ചി ചെല്ലാനത്ത് എത്തിച്ചു. നേവി രക്ഷിച്ച 22 തൊഴിലാളികളുമായുള്ള കപ്പല്‍ ബേപ്പൂരിലെത്തി. പൂന്തുറയില്‍ നിന്നുള്ള അഞ്ചുപേര്‍ ലക്ഷദ്വീപിലേക്ക് നീന്തിക്കയറി രക്ഷപ്പെട്ടിട്ടുണ്ട്. തമിഴ്നാട്ടില്‍നിന്നുള്ള 28 തൊഴിലാളികളുമായി മൂന്നു ബോട്ടുകള്‍ കണ്ണൂര്‍ അഴീക്കൽ തീരത്തെത്തി. 92 പേരെ ഇനി രക്ഷപ്പെടുത്താനുണ്ട്.
  • ഇന്നത്തെ രക്ഷാപ്രവര്‍ത്തനത്തില്‍ നാല് പേരെ കൂടി രക്ഷപ്പെടുത്തി. അടിമലത്തുറ സ്വദേശികളായ അന്തോണി ക്രിസ്തുദാസ്, മറിയദാസ്, സില്‍വ എന്നിവരെയാണ് നാവിക സേന രക്ഷപ്പെടുത്തി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചത്.
  • രക്ഷാദൗത്യത്തില്‍ മത്സ്യത്തൊഴിലാളികളും സജീവമായി പങ്കെടുക്കുന്നു. വിഴിഞ്ഞത്ത് നിന്നും പൂന്തുറയില്‍ നിന്നും സ്വന്ത വള്ളങ്ങളിലാണ് മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെട്ടത്. എന്നാല്‍ മത്സ്യബന്ധന തൊഴിലാളികള്‍ സ്വന്തം നിലക്ക് രക്ഷാപ്രവര്‍ത്തനം നടത്തരുതെന്നും ഇത് തിരച്ചില്‍ നടത്തുന്ന കോസ്റ്റ് ഗാര്‍ഡിനെ ആശയക്കുഴപ്പത്തിലാക്കുമെന്നും അവര്‍ അറിയിച്ചു. ആളുകള്‍ ഉള്ള ഏതൊരു വള്ളവും സ്‌പോട്ട് ചെയ്യും. ഇത് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മത്സ്യത്തൊഴിലാളികളുടെ വള്ളമാണെങ്കില്‍ അതും സ്‌പോട്ട് ചെയ്യപ്പെടുന്ന സ്ഥിതി ഉണ്ടാകുമെന്നും അവര്‍ അറിയിച്ചു.
  • അഞ്ച് മത്സ്യത്തൊഴിലാളികളെ കാണാതായ ആലപ്പുഴയിലെ തുംബോളിയില്‍ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളും നാട്ടുകാരും ദേശീയപാത ഉപരോധിച്ചു. മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതില്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് വേണ്ടത്ര സഹകരണമില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
  • ബേപ്പൂരിൽ നിന്ന്​ മൽസ്യബന്ധനത്തിനായി പോയ 66 ബോട്ടുകൾ മഹാരാഷ്​ട്രയിലെത്തിയെന്ന്​ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​നാവിസ്​ അറിയിച്ചു. ഇതിലുള്ള 952 ആളുകളും ദേവഗഡ്​ തുറമുഖത്ത്​ സുരക്ഷിതരാണെന്ന്​ അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.