ഗൂഡല്ലൂര്‍ ബസ്റ്റാന്റ് വിപുലീകരണം: സര്‍ക്കാരിനോട് ഫണ്ട് ആവശ്യപ്പെട്ടു

Posted on: December 2, 2017 11:04 pm | Last updated: December 2, 2017 at 11:04 pm

ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍ ബസ്റ്റാന്റ് വിപുലീകരണത്തിന് സംസ്ഥാന സര്‍ക്കാരിനോട് നാല് കോടി രൂപ ഫണ്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ ജെ ഇന്നസെന്റ് ദിവ്യ അറിയിച്ചു. കേരള-തമിഴ്‌നാട്-കര്‍ണാടക സംസ്ഥാനങ്ങളുടെ സംഗമഭൂമിയാണ് ഗൂഡല്ലൂര്‍. മലയോര-തോട്ടം മേഖലയായ ഗൂഡല്ലൂര്‍ നീലഗിരി ജില്ലയിലെ പ്രധാന നഗരം കൂടിയാണ്. ഓവാലി, ശ്രീമധുര, മുതുമല, നടുവട്ടം തുടങ്ങിയ പഞ്ചായത്തുകളിലെ ആയിരക്കണക്കിന് ജനങ്ങള്‍ പ്രധാനമായും ആശ്രയിക്കുന്നത് ഗൂഡല്ലൂരിനെയാണ്. പ്രശസ്ത വിനോദ സഞ്ചാര മേഖലയായ ഊട്ടിയിലേക്ക് കേരളത്തില്‍ നിന്നും, കര്‍ണാടകയില്‍ നിന്നും വരുന്ന സഞ്ചാരികള്‍ ഗൂഡല്ലൂര്‍ വഴിയാണ് പോകുന്നത്. വിദേശികള്‍ ഉള്‍പ്പെടെ ദിനംപ്രതി നൂറുക്കണക്കിന് സഞ്ചാരികളാണ് നീലഗിരിലെത്തുന്നത്. കേരള-കര്‍ണാടക-തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറുക്കണക്കിന് സര്‍ക്കാര്‍ ബസുകളാണ് ഗൂഡല്ലൂര്‍ ടി എന്‍ എസ് ടി സി ബസ്റ്റാന്‍ഡില്‍ ദിനംപ്രതി കയറിയിറങ്ങുന്നത്. ഗൂഡല്ലൂര്‍ ഡിപ്പോയില്‍ മാത്രം 50 ബസുകളുണ്ട്. അസൗകര്യം കാരണം എല്ലാ ബസുകള്‍ക്കും ബസ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. സ്റ്റാന്റിനുള്ളില്‍ സൗകര്യം ഇല്ലാത്തതിനാല്‍ പുറത്ത് റോഡോരത്താണ് ബസുകള്‍ പലതും പാര്‍ക്ക് ചെയ്യാറുള്ളത്. ഇത് പലപ്പോഴും ഊട്ടി-ഗൂഡല്ലൂര്‍-മൈസൂര്‍ ദേശീയ പാതയില്‍ ഗതാഗതകുരുക്കിന് കാരണമാകാറുണ്ട്. ബസ്റ്റാന്റ് വിപുലീകരണം നീണ്ടുപോകുകയാണ്.

മാറി മാറി ഭരിക്കുന്ന ഡി എം കെയും എ ഐ എ ഡി എം കെയും ഇതില്‍ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. സര്‍ക്കാരിന് ഗൂഡല്ലൂരിനോട് അവഗണനയാണുള്ളത്. ഡിപ്പോയുടെ പിന്‍വശത്ത് ഗൂഡല്ലൂര്‍ എം എല്‍ എ അഡ്വ. എം ദ്രാവിഡമണിയുടെ 50 ലക്ഷം രൂപ ഫണ്ടും, ഗൂഡല്ലൂര്‍ നഗരസഭയുടെ 25 ലക്ഷം ജനറല്‍ ഫണ്ടും ഉപയോഗിച്ച് സംരക്ഷണഭിത്തി നിര്‍മിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. ഡിപ്പോയിടെ പിന്‍വശത്ത് വിശാലമായ സ്ഥലമുണ്ട്. ബസ്റ്റാന്റ് വിപുലീകരിക്കുകയാണെങ്കില്‍ എല്ലാ ബസുകള്‍ക്കും സ്റ്റാന്റില്‍ കയറിയിറങ്ങാനാകും. ബസ്റ്റാന്റിന്റെ മേല്‍ക്കൂര തകര്‍ന്ന് ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയത്. ഇതേത്തുടര്‍ന്ന് യാത്രക്കാര്‍ക്ക് ബസ് കാത്തിരിക്കാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്. ഇതിന് ശാശ്വത പരിഹാരം കാണണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. ജില്ലാ കലക്ടര്‍ ഗൂഡല്ലൂര്‍ ബസ്റ്റാന്റിന്റെ പരിതാപകരമായ അവസ്ഥ നേരില്‍ കണ്ടിരുന്നു.