Kerala
ഓഖി ചുഴലിക്കാറ്റ്: സംസ്ഥാനത്ത് യുദ്ധകാലാടിസ്ഥാനത്തിലുള്ള രക്ഷാപ്രവര്‍ത്തനമാണ് നടന്നതെന്ന് മുഖ്യമന്ത്രി
		
      																					
              
              
            തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് യുദ്ധകാലാടിസ്ഥാനത്തിലുള്ള രക്ഷാപ്രവര്‍ത്തനമാണ് നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ചുഴലികൊടുങ്കാറ്റിന്റെ കെടുതിയില്‍ മരിച്ചവര്‍ക്ക് പത്ത് ലക്ഷം രുപയുടെ ധനസഹായം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. ഇതിനകം 393 പേരെ രക്ഷിച്ചതായും കുറച്ചുപേര്‍ ലക്ഷദ്വീപില്‍ എത്തിചേര്‍ന്നിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വന്നത് വലിയ ദുരന്തം തന്നെയാണെന്നും ഇത്തരം ചുഴലികാറ്റുകള്‍ സംസ്ഥാനത്തിന് പരിചിതമില്ലാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇനിയും എത്രപേര്‍ കടലില്‍ കുടുങ്ങികിടക്കുന്നുണ്ട് എന്നതിന് കൃത്യമായ വിവരം ഇല്ല. ലക്ഷദ്വീപില്‍ എത്തിയ നാലുബോട്ടുകളില്‍ ആരെല്ലാം ഉണ്ടെന്നും അറിഞ്ഞുവരുന്നതേയുള്ളൂ.
മരിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് ഫിഷറീസ് വകുപ്പ് നല്‍കുന്ന ധനസഹായത്തിന് പുമെയാണ് പത്ത് ലക്ഷം രൂപ നല്‍കുക. നേരത്തെ 4 ലക്ഷമായിരുന്നു സര്‍ക്കാര്‍ കൊടുത്തിരുന്നത്. ഇതാണ് 10 ലക്ഷമായി ഉയര്‍ത്തിയത്. പരിക്കേറ്റവര്‍ക്ക് 5000 രൂപവീതം അനുവദിച്ചിരുന്നു. ഇതടക്കം 15000 രൂപ നല്‍കും.
കൂടാതെ മത്സ്യത്തൊഴിലാളി ക്ഷേമബോര്‍ഡില്‍നിന്നും 5000 രൂപ നല്‍കും. ഇവര്‍ക്കുള്ള ചികില്‍സയും ഭക്ഷണവും സൌജന്യമാണ്. കൂടാതെ തീരദേശത്തെ മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഒരാഴ്ച സൗജന്യ റേഷനും അനുവദിച്ചിട്ടുണ്ട്. വീടുകള്‍ നഷ്ടമായവര്‍ക്കും നഷ്ടപരിഹാരം അനുവദിക്കും. ബോട്ടുനഷ്ടമായവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം അനുവദിക്കും. നിലവില്‍ നല്‍കുന്നതിലെ അപാകത പരിഹരിച്ച് നഷ്ടപരിഹാര തുക കൂട്ടിനല്‍കും.
നിലവില്‍ കാലവസ്ഥ അറിയിപ്പ് മത്സ്യത്തൊഴിലാളി മേഖലയില്‍ എത്തിക്കുന്നതില്‍ ചില അപാകതകള്‍ ഉണ്ട്. അത് പരിഹരിച്ച് ഒരോ തൊഴിലാളിക്കും വ്യക്തിപരമായി സന്ദേശങ്ങള്‍ ലഭിക്കുന്ന വിധം സംവിധാനം മെച്ചപ്പെടുത്തു.
നിലവില്‍ കേരളത്തില്‍ 30 ക്യാമ്പുകളിലായി 529 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ക്യാമ്പുകളില്‍ മരുന്നും ഭക്ഷണവും അടക്കം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീരമേഖലയില്‍ ആരോഗ്യവകുപ്പ് പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്.
രക്ഷാപ്രവര്‍ത്തനത്തില്‍ നാവിക, എയര്‍ഫോഴ്‌സ് കോസ്റ്റ് ഗാര്‍ഡ് വകുപ്പുകള്‍ കാര്യക്ഷമാമായായാണ് പ്രര്‍വത്തിച്ചത്. കൂടാതെ കേന്ദ്രവകുപ്പുകളുടെ സഹകരണവും ഇടപെടലും നല്ല രീതിയില്‍ ഉണ്ടായി. സൈന്യത്തിന് ഇറഗങ്ങണ്ടി വന്നില്ലെങ്കിലും അവരും സജ്ജരായിതന്നെയാണ് എത്തിയത്. ഇതോടൊപ്പം മാധ്യമങ്ങളും സന്നദ്ധ സംഘടനകളും മികച്ച ഇടപെടല്‍ നടത്തി. എല്ലാവര്‍ക്കും സര്‍ക്കാര്‍ നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          

