കടലിലെ രക്ഷാപ്രവര്‍ത്തനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിലയിരുത്തി

Posted on: December 1, 2017 4:14 pm | Last updated: December 2, 2017 at 9:39 am

തിരുവനന്തപുരം: കടലില്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിലയിരുത്തി. കടലിനു മുകളില്‍ ഹെലികോപ്റ്ററില്‍ യാത്ര ചെയ്താണ് മന്ത്രി രക്ഷാപ്രവര്‍ത്തനം നിരീക്ഷിച്ചത്. തീരത്തു നിന്ന് അമ്പത് കിലോമീറ്റര്‍ അകലെ കടലില്‍ താഴ്ന്നു പറന്നാണ് കാര്യങ്ങള്‍ വീക്ഷിച്ചത്. രണ്ടു ഹെലികോപ്റ്ററുകളിലായാണ് സംഘം പോയത്. ഡൈവിംഗ് അറിയാവുന്നവരും ഹെലികോപ്റ്ററുകളിലുണ്ടായിരുന്നു. 63 പേര്‍ രക്ഷാപ്രവര്‍ത്തകരുടെ സഹായമില്ലാതെ വിവിധ സ്ഥലങ്ങളിലായി കരയിലെത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

കടലില്‍ കപ്പലുകള്‍ രക്ഷപ്രവര്‍ത്തനം നടത്തുന്നത് കണ്ടു. രക്ഷപെട്ട മത്‌സ്യതൊഴിലാളികള്‍ ഈ കപ്പലുകളിലണ്ടെന്നാണ് അനുമാനം. അടിയന്തര ചികിത്‌സ ആവശ്യമുള്ളവരെയാണ് ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നത്. രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല പൂര്‍ണമായി നേവിയ്ക്കും എയര്‍ഫോഴ്‌സിനും നല്‍കിയിരിക്കുകയാണ്. മത്സ്യതൊഴിലാളികള്‍ക്ക് കൂടുതല്‍ അപകട സാധ്യത കാണുന്നില്ല.