സൂചനകള്‍ പറയുന്നു; ബി ജെ പിക്ക് അടി തെറ്റും

Posted on: December 1, 2017 6:00 am | Last updated: November 30, 2017 at 11:08 pm

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ ഘട്ടങ്ങളിലേക്ക് നീങ്ങുന്നു. രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ദക്ഷിണ ഗുജറാത്തിലും സൗരാഷ്ട്രയിലുമുള്ള 89 മണ്ഡലങ്ങളിലാണ് ഡിസംബര്‍ ഒന്‍പതിനുള്ള ഒന്നാം ഘട്ട പോളിംഗ്. താരതമ്യേന കോണ്‍ഗ്രസിന് മേല്‍കൈയുള്ളതിവിടെയാണ് താനും. മധ്യ ഉത്തര ഗുജറാത്തിലെ ബാക്കി 93 മണ്ഡലങ്ങളില്‍ ഡിസംബര്‍ 14 നാണ് പോളിംഗ്. തെളിയുന്ന അന്തിമ ചിത്രമെന്താണ് എന്ന് പറയുന്നതിന് മുമ്പ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഈ തിരഞ്ഞെടുപ്പിനുള്ള പ്രാധാന്യം പരിഗണിക്കപ്പെടണം. ചരിത്രപരമായി തന്നെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നിര്‍ണായകമായ വഴിത്തിരിവാണ് എന്ന് പറയാം. മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇന്ത്യയുടെ രാഷ്ട്രീയമണ്ഡലത്തില്‍ വന്ന മാറ്റങ്ങള്‍ നാം ഏറെ ചര്‍ച്ച ചെയ്തതാണ്. നമ്മുടെ രാജ്യത്തെ ഒരുമിപ്പിച്ചു നിര്‍ത്തുന്നതില്‍ ഏറ്റവും നിര്‍ണായകമായ പങ്കുവഹിക്കുന്നത് നമ്മുടെ ഭരണഘടനയാണ്. അതുകൊണ്ടാണ് അതില്‍ തൊട്ടു സത്യം ചെയ്ത് അധികാരമേല്‍ക്കുന്ന, എന്നാല്‍ അതിന്റെ അടിസ്ഥാന ഘടനയില്‍ തന്നെ വിശ്വാസമില്ലാത്തവരാണ് ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നത് എന്നതാണ് എന്തിനേക്കാളും മീതെ ഒരു പൗരനെ ആശങ്കാകുലരാക്കുന്നത്. ജനാധിപത്യം, സമത്വം, മതേതരത്വം എന്നിവ രാജ്യത്തിന് അനിവാര്യമല്ലെന്നാണ് ഇവര്‍ കരുതുന്നതെന്നതിനു നിരവധി സൂചനകള്‍ ഒളിഞ്ഞും തെളിഞ്ഞും നമുക്ക് കിട്ടിയിട്ടുണ്ട്. അതിനുള്ള കാരണവും നമുക്കറിയാം. രണ്ട് നൂറ്റാണ്ട് കാലം വിദേശാധിപത്യങ്ങളോട് പടപൊരുതിയാണ് നാം സ്വാതന്ത്ര്യവും ജനാധിപത്യവും നേടിയത്. ആ സമരങ്ങളുടെ ആശയങ്ങളാണ് നമ്മുടെ ഭരണഘടനയുടെ അടിത്തറ. ആ സമരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക മാത്രമല്ല പലപ്പോഴും അതിനെതിരെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനൊപ്പം നില്‍ക്കുകയും ചെയ്ത പാരമ്പര്യമുള്ള ഈ ഭരണക്കാരില്‍ നിന്നും മറ്റൊന്നും പ്രതീക്ഷിക്കാനുമാകില്ല.

പക്ഷേ, ഇത്തരമൊരു കൂട്ടരെ ഏല്‍പ്പിച്ചു കൊടുത്തു സ്വസ്ഥമായി ഉറങ്ങാന്‍ ഇന്ത്യന്‍ ജനതക്ക് കഴിയില്ല. ഇനിയൊരിക്കല്‍ കൂടി ഇതേ കൂട്ടര്‍ക്ക് ഭരണം കിട്ടിയാല്‍ ജനാധിപത്യം തന്നെ നഷ്ടമാകാനുള്ള സാധ്യതയുണ്ടെന്ന് കരുതുന്നവരാണ് ജനങ്ങളില്‍ ഭൂരിപക്ഷവും. ഇവര്‍ക്ക് അധികാരം കിട്ടിയ തിരഞ്ഞെടുപ്പില്‍ പോലും കേവലം 31 ശതമാനം വോട്ടു കൊണ്ടാണ് ഭൂരിപക്ഷം ഉണ്ടാക്കിയത്. അതായത് അന്ന് തന്നെ വോട്ടു ചെയ്തവരില്‍ 69 ശതമാനം പേര്‍ക്കും താത്പര്യം ഇവര്‍ ഭരണത്തില്‍ വരരുത് എന്നായിരുന്നു. എതിരാളികള്‍ ഭിന്നിച്ചു നില്‍ക്കുന്നതിന്റെ മാത്രം ഫലമാണ് ഈ സര്‍ക്കാര്‍ എന്നര്‍ഥം. ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പില്‍ ബി ജെ പിയും മോദിയും പരാജയമടഞ്ഞാല്‍ അതവരുടെ അവസാനത്തിന്റെ ആരംഭമായിരിക്കും എന്ന് തീര്‍ത്തുപറയാം. തുടര്‍ച്ചയായി 15 വര്‍ഷം ആ സംസ്ഥാനം ഭരിച്ചത് ഇവരാണ്. അതില്‍ 12 വര്‍ഷത്തോളവും മോദി തന്നെ നേരിട്ടാണ് ഭരിച്ചത്. അന്നാട്ടില്‍ മോദി നടപ്പാക്കിയ വികസനമാണ് ശരിയായ വികസനമെന്നും അത് ഇന്ത്യയാകെ വ്യാപിപ്പിക്കുമെന്നും ഇവര്‍ വ്യാപകമായ പ്രചാരണം നല്‍കിയിരുന്നു. അവിടെ പരാജയം വന്നാല്‍ പിന്നെ ആ വികസനപ്രസംഗം തുടരാന്‍ കഴിയില്ല. ഇനി വരുന്ന കാലത്ത് അമ്പലവും പള്ളിയും ഖബറിസ്ഥാനും പറഞ്ഞു വോട്ടു നേടി ജയിക്കാമെന്നു കരുതുന്നത് മൗഢ്യമാണ്. കഴിഞ്ഞ ലോക്‌സഭാ കാലത്തുണ്ടായിരുന്ന മോദി തരംഗം ഒന്നും യുവാക്കള്‍ക്കിടയില്‍ ഇല്ല എന്ന് ഏതു മോദി ഭക്തനും സമ്മതിക്കും. നോട്ടു നിരോധനവും ജി എസ് ടിയുമെല്ലാം ജനങ്ങളുടെ നടു ഒടിച്ചിരിക്കുന്നു. ഇനിയും അച്ഛേ ദിന്‍ വരുമെന്ന് കരുതി ആരും കാത്തിരിക്കുകയുമില്ല. അതുകൊണ്ടെല്ലാം തന്നെ ഗുജറാത്ത് ജനത ഇത്തവണ ബി ജെ പിയെ അധികാരത്തില്‍ നിന്നും പുറന്തള്ളുമെന്നു കരുതാന്‍ ന്യായമുണ്ട്.
ചരിത്രത്തില്‍ തന്നെ ഇത്തരമൊരു നിര്‍ണായക തീരുമാനം ഗുജറാത്ത് എടുത്തിട്ടുണ്ട് എന്നും കാണാം. ഇന്ദിരാ ഗാന്ധി 1971ല്‍ ബംഗ്ലാദേശ് യുദ്ധവിജയത്തെ തുടര്‍ന്ന് അധികാരമേറ്റ ശേഷം സ്വന്തം പാര്‍ട്ടി നേതാക്കളെപ്പോലും തള്ളിക്കളഞ്ഞ് പാര്‍ട്ടിക്കകത്തും പുറത്തും ജനാധിപത്യം അവസാനിപ്പിച്ചു തുടങ്ങിയ ഭരണം അവസാനിച്ചത് അടിയന്തരാവസ്ഥ എന്ന കൂരിരുട്ടിലായിരുന്നു. റെയില്‍വേ സമരം മുതലുള്ള എല്ലാ ജനകീയ പ്രക്ഷോഭങ്ങളെയും ചോരയില്‍ മുക്കിക്കൊല്ലുകയായിരുന്നു ആ ഭരണം. ഇന്ദിരാ ഗാന്ധിയുടെ തെറ്റുകളും നിഷേധങ്ങളും ചൂണ്ടിക്കാട്ടിക്കൊണ്ടു ജയപ്രകാശ് നാരായണന്റെ നേതൃത്വത്തല്‍ ആരംഭിച്ച അഴിമതിവിരുദ്ധ വിദ്യാര്‍ഥി സമരമാണ് ഇന്ദിരാ ഗാന്ധിയുടെയും അടിയന്തരാവസ്ഥയുടെയും ഭരണം അവസാനിപ്പിച്ചത്. ജെ പി പ്രക്ഷോഭം ആരംഭിച്ചത് ബീഹാറില്‍ ആയിരുന്നെങ്കിലും അതിന്റെ യഥാര്‍ഥ പരീക്ഷണം നടന്നത് ഗുജറാത്തിലാണ്. 1974ല്‍ അവിടെ നടന്ന തിരഞ്ഞെടുപ്പില്‍ ജെ പിയുടെ നായകത്വത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലാദ്യമായി കോണ്‍ഗ്രസിന് ഭരണം നഷ്ടമായി. മൂന്നു വര്‍ഷങ്ങള്‍ക്കകം അതിന്റെ അഖിലേന്ത്യാ തുടര്‍ച്ചയുണ്ടായി. 1977ല്‍ കേന്ദ്രഭരണത്തില്‍ നിന്നും കോണ്‍ഗ്രസ് പുറത്തായി.
ചുരുക്കത്തില്‍ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ എങ്ങനെ പറയുമെന്ന് ഗുജറാത്ത് മുമ്പേ പറയും എന്ന പ്രതീക്ഷയാണ് നമുക്കെല്ലാം ഉള്ളത്.

ഇവിടെയാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം വരുന്നത്. അങ്ങനെ ബി ജെ പിയെ തോല്‍പ്പിക്കണമെങ്കില്‍ തിരഞ്ഞെടുപ്പില്‍ മറ്റൊരാള്‍ ജയിക്കണമല്ലോ. അതാണ് എന്നും ഇന്ത്യന്‍ രാഷ്ട്രീയം നേരിടുന്ന പ്രതിസന്ധിയും. ആകെയുള്ള വോട്ടര്‍മാരില്‍ കേവലം 55 – 60 ശതമാനം മാത്രമാണ് വോട്ടു ചെയ്യുന്നത്. അതിന്റെ മൂന്നിലൊന്ന് എന്ന് പറയുമ്പോള്‍ മൊത്തം വോട്ടര്‍മാരുടെ 15 – 18 ശതമാനത്തിന്റെ പിന്തുണയാണിവര്‍ക്കുണ്ടായിരുന്നത്. ബാക്കി വരുന്നവരുടെ വിശ്വാസം നേടാന്‍ കഴിയുന്ന വിധത്തില്‍ പ്രതിപക്ഷം ഉണ്ടായിട്ടുണ്ടോ? അവര്‍ പരസ്പരം അടിച്ചു നില്‍ക്കുന്നതല്ലേ ഇവര്‍ക്ക് വഴിയൊരുക്കുന്നത്? പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസില്‍ നിന്ന് തന്നെ തുടങ്ങാം. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലത്തെ ഭരണം ജനങ്ങള്‍ക്ക് നല്‍കിയ ദുരിതങ്ങള്‍ കൊണ്ട് കോണ്‍ഗ്രസ് 60 കൊല്ലം ഭരിച്ചപ്പോഴുണ്ടായ ജനവിരുദ്ധത അവര്‍ക്കില്ലാതായോ?അവര്‍ സ്വീകാര്യരായോ? ആര്‍ എസ് എസ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബി ജെ പിയെ നേരിടാന്‍ വേണ്ട സംഘടനാബലം അവര്‍ക്കുണ്ടോ? പണമുണ്ടോ? ഇതിനൊക്കെ ഇല്ല എന്ന ഉത്തരം കിട്ടുമെന്നാണ് ബി ജെ പി നേതൃത്വം വിശ്വസിക്കുന്നത്. 15 വര്‍ഷങ്ങളായി ഭരണത്തില്‍ നിന്നും വിട്ടുനിന്ന ഗുജറാത്ത് കോണ്‍ഗ്രസിന് ഇതെല്ലാം എളുപ്പം ഉണ്ടാക്കാന്‍ കഴിയുമോ? കോണ്‍ഗ്രസിന്റെ അഴിമതിയും കെടുകാര്യസ്ഥതയും ഇനി ആവര്‍ത്തിക്കില്ലെന്ന് ആര് ഉറപ്പു നല്‍കും? ശക്തനായ ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ കിട്ടാനില്ല. അവരുടെ സംഘടനക്കകത്ത് പലപ്പോഴും സ്വസ്ഥതയില്ല. ഒട്ടനവധി ഭാഗ്യാന്വേഷികള്‍ കോണ്‍ഗ്രസ് വിട്ടുപോകുന്നു. അവര്‍ക്കെല്ലാം ബി ജെപി സീറ്റും നല്‍കുന്നുണ്ട്. മോദി എന്ന പ്രധാനമന്ത്രി തന്നെ നേരിട്ട് ഇറങ്ങി ഒട്ടനവധി പൊതുയോഗങ്ങളില്‍ സംസാരിക്കുന്നുണ്ട്. (അത് തന്നെ അവരുടെ പരാജയ ഭീതിയുടെ ഫലമാണെന്ന വാദവും തള്ളിക്കളയാന്‍ കഴിയില്ല.) ഒട്ടനവധി കോണ്‍ഗ്രസ് വിമതര്‍ക്ക് അവര്‍ സീറ്റും നല്‍കിയിട്ടുണ്ട്. മുന്‍ കോണ്‍ഗ്രസ് എം എല്‍ എ തേജശ്രീബെന്‍ പട്ടേല്‍, രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കാലുമാറിയ കോണ്‍ഗ്രസ് മുന്‍ എം എല്‍ എയുടെ മകനായ കാരാംഷി മാക്വന, മനസായില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച അമിതഭായ് ചൗധരി തുടങ്ങിയ പ്രമുഖര്‍ക്ക് ബി ജെ പി ടിക്കറ്റ് നല്‍കി. പ്രശ്‌നമതല്ല. മോദിക്ക് പകരം എന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധിയെന്ന നേതാവിന് കഴിയുമോ എന്ന മര്‍മപ്രധാന ചോദ്യവും ഉണ്ട്.
പട്ടേല്‍ സമരമാണ് ബി ജെപിക്ക് ഏറ്റവും പ്രധാന തലവേദനയായിരിക്കുന്നത് എന്നാരും സമ്മതിക്കും. പരമ്പരാഗതമായി അവര്‍ക്കൊപ്പമുള്ള വിഭാഗമാണത്. സംവരണം എന്ന ആവശ്യമുയര്‍ത്തിക്കൊണ്ടാണ് ഹര്‍ദിക് പട്ടേല്‍ എന്ന യുവനേതാവിന്റെ കീഴില്‍ അവര്‍ അണിനിരന്നു സമരം നയിച്ചത്. അതിന്റെ ഗുണഫലം കോണ്‍ഗ്രസിന് കിട്ടുമെന്നാണ് അവര്‍ കരുതുന്നത്. അല്‍പം തര്‍ക്കങ്ങള്‍ക്ക് ശേഷം ഹര്‍ദിക് കോണ്‍ഗ്രസിനൊപ്പമെത്തി. അല്‍പേഷ് ഠാക്കൂര്‍ എന്ന മറ്റൊരു സമുദായ നേതാവിനെയും കോണ്‍ഗ്രസില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ വിഭാഗങ്ങളിലെ വിമതരെ അടര്‍ത്തി എടുത്ത് കൊണ്ട് വീഴ്ചയുടെ ആഴം കുറക്കാന്‍ ബി ജെ പിയും ശ്രമിക്കുന്നു. അന്തിമ ഫലം എന്തായാലും കച്ചവടത്തില്‍ കോണ്‍ഗ്രസിനാണ് മേല്‍ക്കൈ എന്ന് പറയാം. ഇതുപോലെ തന്നെയാണ് ദളിത് പ്രക്ഷോഭത്തിന്റെ അവസ്ഥയും. 2016 ജൂലൈയില്‍ ഉന എന്ന പ്രദേശത്ത് നടന്ന അതിക്രൂരമായ ദളിത് പീഡനമാണ് ഇതിന്റെ തുടക്കം. സിംഹം കൊന്നിട്ടിരുന്ന പശുവിന്റെ തോല്‍ എടുക്കാന്‍ പോയ ദളിതരെ ഗോ രക്ഷകര്‍ എന്ന് സ്വയം വിളിക്കുന്ന ഒരു കൂട്ടര്‍ കൈയേറ്റം ചെയ്യുകയായിരുന്നു. ദളിതര്‍ ശക്തമായി പ്രതികരിച്ചു. രാഹുല്‍ ഗാന്ധിയും അരവിന്ദ് കെജ്‌രിവാളും അവിടെ സന്ദര്‍ശിച്ച ശേഷമാണ് മര്‍ദിച്ചവര്‍ക്കെതിരെ പേരിനെങ്കിലും ഒരു കേസ് എടുത്തത്. ഈ പ്രതിഷേധത്തിന്റെ അഗ്‌നിയിലാണ് ജിഗ്‌നേഷ് മേവാനി എന്ന യുവാവിന്റെ ഉദയം. ഇന്ന് ഇന്ത്യയാകെ നടക്കുന്ന ദളിത് പോരാട്ടത്തിന്റെ പ്രതീകമായി ജിഗ്‌നേഷ് മേവാനി മാറിയിരിക്കുന്നു. ജനസംഖ്യയുടെ എട്ട് ശതമാനം മാത്രമാണ് ദളിതര്‍. എന്നിട്ടും അവര്‍ നിര്‍ണായക രാഷ്ട്രീയ ശക്തിയാകുകയാണുണ്ടായത്. ജിഗ്‌നേഷ് മത്സരിക്കുന്ന മണ്ഡലത്തില്‍ അദ്ദേഹത്തിനെതിരെ സ്ഥാനാര്‍ഥിയുണ്ടാകില്ലെന്ന് ആം ആദ്മി പാര്‍ട്ടി ആദ്യമേ പ്രഖ്യാപിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസും അതിനു തയ്യാറായി എന്നാണറിയുന്നത്. കോണ്‍ഗ്രസും ബി ജെ പിയും ചില സിറ്റിംഗ് അംഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. നിലവിലുള്ള പത്ത് പേര്‍ അങ്ങനെ ഒഴിവാക്കപ്പെടുന്നു. ബി ജെ പിയുടെ മുന്‍ മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേലും അതില്‍ പെടുന്നു. മേവാനിയുടെ മണ്ഡലത്തിലെ സിറ്റിംഗ് എം എല്‍ എ സ്വയം മേവാനിക്ക് വേണ്ടി സ്ഥാനം ഒഴിഞ്ഞു കൊടുത്തിട്ടുമുണ്ട്.

ഇത്തരം ജാതി സമവാക്യങ്ങള്‍ കൊണ്ടൊന്നും നേട്ടമില്ലാത്തവരാണ് ഗുജറാത്തിലെ മുസ്‌ലിംകള്‍. സംസ്ഥാനത്ത് പത്ത് ശതമാനത്തിനു താഴെയാണ് അവര്‍ക്ക് വോട്ടുള്ളത്. 20 മണ്ഡലങ്ങളിലെ വിധി നിര്‍ണയിക്കാനും എഴുപതോളം മണ്ഡലങ്ങളില്‍ ശക്തമായ സ്വാധീനവും ന്യുനപക്ഷങ്ങള്‍ക്കുണ്ട്. പക്ഷേ അതിന്റെ പ്രാതിനിധ്യം അവര്‍ക്കു ഒരു കക്ഷിയും നല്‍കുന്നില്ല. ബി ജെ പിയുടെ പ്രധാന മുദ്രാവാക്യം മുസ്‌ലിം വിരുദ്ധമാണെന്നതിനാല്‍ യു പിയില്‍ വിജയിച്ച തന്ത്രം അവര്‍ ഇവിടെയും പയറ്റുന്നു. ഒരൊറ്റ മുസ്‌ലിമിന് പോലും അവര്‍ സീറ്റ് നല്‍കിയിട്ടില്ല. പിന്നെയുള്ള സാധ്യത കോണ്‍ഗ്രസാണ്. അവരും ഒരു തരം മൃദുഹിന്ദുത്വമാണ് പയറ്റുന്നത്. അഞ്ചോ ആറോ പേരെ അവരുടെ പട്ടികയിലുമുള്ളൂ. ചുരുക്കത്തില്‍ വരും നിയമസഭയില്‍ ആനുപാതികമായ പ്രാതിനിധ്യം അവര്‍ക്കുണ്ടാകില്ല എന്ന് തീര്‍ച്ച.
ചെറുകക്ഷികള്‍ക്ക് പ്രാദേശികമായ സ്വാധീനങ്ങളാണ് ഉള്ളത്. ആം ആദ്മി പാര്‍ട്ടി ആദ്യമായാണ് ഗുജറാത്ത് നിയമസഭയിലേക്ക് മത്സരിക്കുന്നത്. ആം ആദ്മി പാര്‍ട്ടി മുപ്പതോളം സീറ്റുകളില്‍ മത്സരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജിഗ്‌നേഷ് മേവാനിയെ പിന്താങ്ങുകയും ചെയ്യുന്നു. പാര്‍ട്ടിയുടെ പ്രമുഖ സ്ഥാനാര്‍ഥിയായ ദോകാനുഭായി കല്‍സാറിയ ഭാവ്‌നഗറിലെ മഹുവ മണ്ഡലത്തില്‍ മത്സരിക്കുന്നു. മുമ്പ് മൂന്ന് തവണ എം എല്‍ എ ആയിരുന്ന ഇദ്ദേഹം 2012ല്‍ അവിടെ സ്വതന്ത്രനായി മത്സരിച്ചു പരാജയപ്പെട്ടിരുന്നു. ചെറു കക്ഷികള്‍ മത്സരിക്കുന്നത് വഴി ബി ജെ പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുമെന്ന പൊതുതത്വം പലപ്പോഴും ശരിയാകണമെന്നില്ല. മൂന്നാം സ്ഥാനാര്‍ഥി ഇല്ലെങ്കില്‍ ആ വോട്ടുകളില്‍ നല്ലൊരു ഭാഗം ബി ജെ പിക്ക് പോകുമെന്ന നിലയുള്ള നിരവധി മണ്ഡലങ്ങളുണ്ട്. വൈക്കം മുഹമ്മദ് ബഷീര്‍ പറയുന്നതുപോലെ എല്ലായ്‌പ്പോഴു ഒന്നും ഒന്നും രണ്ടാകണമെന്നില്ല, രാഷ്ട്രീയത്തില്‍ എന്നര്‍ഥം. തന്നെയുമല്ല മറ്റൊരു രാഷ്ട്രീയ നേതാവും നടത്താത്ത ഒരു പ്രഖ്യാപനമാണ് അരവിന്ദ് കെജ്‌രിവാള്‍ ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ സമ്മേളനത്തില്‍ നടത്തിയത്. കോണ്‍ഗ്രസിന്റെ അഴിമതിക്കെതിരെയാണ് തങ്ങളുടെ പാര്‍ട്ടി വളര്‍ന്നുവന്നതെങ്കിലും ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി തോല്‍ക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. അതുകൊണ്ട് തന്നെ എല്ലാ മണ്ഡലങ്ങളിലും ബി ജെ പിയെ തോല്‍പ്പിക്കാന്‍ സാധ്യതയുള്ളവര്‍ക്കു വോട്ടു ചെയ്യണമെന്നാണ് അദ്ദേഹം പരസ്യമായി പറഞ്ഞത്. അങ്ങനെയുള്ള സ്ഥാനാര്‍ഥിയായി ആം ആദ്മി മാറുന്നു എങ്കില്‍ മാത്രമേ അവര്‍ക്കു വോട്ടു ചെയ്യേണ്ടതുള്ളൂ എന്ന് ആ പാര്‍ട്ടിയുടെ തന്നെ നേതാവ് പറയുന്നു എന്നതിന്റെ രാഷ്ട്രീയ പ്രാധാന്യം വ്യക്തമാണ്. ബി ജെ പിയും ജനങ്ങളും തമ്മില്‍ നടക്കുന്ന ഒരു മത്സരമാണിതെന്നും കെജ്‌രിവാള്‍ തുറന്നു തന്നെ പറയുന്നു.
ശരദ്പവാറിന്റെ എന്‍ സി പിയും രംഗത്തുണ്ട്. ചില പോക്കറ്റുകളില്‍ അവര്‍ക്കു സ്വാധീനവുമുണ്ട്. പക്ഷേ അവരുടെ പഴയ സഖ്യക്കാര്‍ ബി ജെ പിയാണ്. അവര്‍ പിടിക്കുന്ന വോട്ടുകളിലെ ഒരു ചെറിയ ഭാഗം മാത്രമേ കോണ്‍ഗ്രസിന് നഷ്ടമാകൂ.