Connect with us

Kerala

അട്ടപ്പാടി വീണ്ടും മൊട്ടക്കുന്നുകളായി മാറുന്നു.

Published

|

Last Updated

പാലക്കാട്: അട്ടപ്പാടി വീണ്ടും മൊട്ടക്കുന്നുകളായി മാറുന്നു. അതീവ പാരിസ്ഥിതിക ദുര്‍ബല മേഖലയായ അട്ടപ്പാടിയില്‍ പരിസ്ഥിതിയാഘാതം തടയുന്നതിന് വേണ്ടി വിദേശസഹായത്തോടെ ആദിവാസികള്‍ 12000 ഹെക്ടര്‍ സംരക്ഷിക മൊട്ടുക്കുന്നില്‍ മരം വെച്ച് പിടിപ്പിച്ചിരുന്നു. മൊട്ടക്കുന്നുകളില്‍ മരം വളര്‍ന്ന് വനത്തിന്റെ പ്രതീതി സൃഷ്ടിച്ചതോടെ അനിയന്ത്രിതമായ മരം മുറിയും വ്യാപകമായിരിക്കുകയാണ്. ആദിവാസികള്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്നതിനുള്ള സാമൂഹിക അടുക്കളയുടെ ആവശ്യങ്ങള്‍ക്കെന്ന് പറഞ്ഞാണ് അഗളി, സാമ്പാര്‍കോട്, മൂച്ചിക്കടവ്, കാരറ പ്രദേശങ്ങളില്‍ നിന്നും വ്യാപകമായി വെട്ടി കൊണ്ടുപോകുന്നത്. കന്നുകാലി തീറ്റകള്‍ക്കായി വ്യാപകമായി മരത്തിന്റെ ഉപരിഭാഗം മൊത്തമായും വെട്ടിമാറ്റുന്നുണ്ട്. അഗളി ഗവ. ഹൈസ്‌കൂളിന്റെയും നെല്ലിപ്പതി, കാരറ പ്രദേശങ്ങളില്‍ നിന്ന് മരക്കെട്ടുകള്‍ ഫോറസ്റ്റ് സ്റ്റേഷന് മുന്നിലൂടെ തലചുമടായി കടന്നു പോകുന്നുണ്ടെങ്കിലും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടില്ലെന്ന ഭാവം നടക്കുകയാണ്.

വ്യാപകമായ മരമുറി പ്രദേശത്തെ വീണ്ടും തരിശുഭൂമിയാക്കി മാറ്റുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. ചന്ദന മരങ്ങളുടെ സംരക്ഷണത്തിന് പ്രത്യേക കര്‍മ പദ്ധതി ആവശ്യമാണെന്ന വാദവും ശക്തമായിട്ടുണ്ട്. നെല്ലിപ്പതി, കാരറ, അഗളി പ്രദേശങ്ങളില്‍ സംരക്ഷിത വനപ്രദേശങ്ങളില്‍ വളര്‍ന്നു വന്നിട്ടുള്ള ചന്ദന മരങ്ങളും വ്യാപകമായി വെട്ടിമുറിച്ച് കടത്തുന്നുണ്ട്.

സംയുക്ത വനസംരക്ഷണ സമിതിയുടെ ജനകീയമായ പ്രവര്‍ത്തനങ്ങളാണ് മൊട്ടക്കുന്നുകളെ വനഭൂമിയാക്കിയത്. വനം സംരക്ഷിക്കുന്നതിന് വനംവകുപ്പ് വനംസംരക്ഷണ സമിതി രൂപവത്കരിച്ചിട്ടുണ്ടെങ്കിലും ഇവ കടലാസില്‍ ഒതുങ്ങിയുള്ള പ്രവര്‍ത്തനമാണ് നടക്കുന്നതെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

 

Latest