ക്ലീന്‍ അപ് ദി വേള്‍ഡ് കാമ്പയിന് തുടക്കമായി

Posted on: November 22, 2017 8:38 pm | Last updated: November 22, 2017 at 8:38 pm

ദുബൈ: ലോക പരിസ്ഥിതി സൗഹൃദ ദിനാചരണങ്ങളുടെ ഭാഗമായി ദുബൈ നഗരസഭ ക്ലീന്‍ അപ് ദി വേള്‍ഡ് കാമ്പയിന് തുടക്കം കുറിച്ചു. നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്ത ചടങ്ങുകളോടെയാണ് ഈ വര്‍ഷത്തെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ അല്‍ തവാര്‍ ഒന്നിലെ ന്യൂ വേള്‍ഡ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസന മാതൃകകള്‍ ഉള്‍കൊള്ളുന്ന പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഹരിത സൗഹൃദ മാതൃകകള്‍ ഉള്‍കൊള്ളുന്ന പ്രബന്ധങ്ങള്‍ ജനങ്ങളെ കൂടുതല്‍ പ്രകൃതിയെ സംരക്ഷിക്കുന്നതിനും അവയെ അടുത്തറിയുന്നതിന് പ്രേരിപ്പിക്കുന്നതുമാണെന്ന് നഗരസഭക്ക് കീഴിലെ എന്‍വിറോണ്മെന്റ് ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് സര്‍വീസ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ എഞ്ചി താലിബ് ജുല്‍ഫാര്‍ പറഞ്ഞു.

ഈ വര്‍ഷത്തെ ക്ലീനപ് കാമ്പയിന്‍ പരിപാടികള്‍ റോഡുകളുടെ ശുചീകരണം ലക്ഷ്യമിട്ടുള്ളതാണ്. പൊതു ജനങ്ങള്‍, ഡ്രൈവര്‍മാര്‍ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട് പാതകളുടെ ശുചിത്വ ബോധവത്കരണം കരുത്താര്‍ജിപ്പിക്കും. വാഹനങ്ങളില്‍ നിന്ന് മാലിന്യങ്ങള്‍ വലിച്ചെറിയുന്ന പ്രവണതക്കെതിരെ ബോധവത്കരണമൊരുക്കുന്നതിന് ആയിരകണക്കിന് ബാഗുകളാണ് വാഹനങ്ങളിലെ മാലിന്യങ്ങള്‍ സ്വരൂപിക്കുന്നതിന് ദേര, ബര്‍ ദുബൈ എന്നിവിടങ്ങളില്‍ ഡ്രൈവര്‍മാര്‍ക്ക് വിതരണം ചെയ്തത്. റോഡുകളില്‍ മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞാല്‍ 500 ദിര്‍ഹമാണ് പിഴ ഈടാക്കുക.

24 വെള്ളി ദുബൈയിലെ വിവിധ സംഘടനകളും സന്നദ്ധ പ്രവര്‍ത്തകരും പങ്കെടുക്കുന്ന മെഗാപരിപാടി നടക്കും.