Connect with us

Gulf

പുതിയ റോഡുകളും ഗതാഗതക്കുരുക്കും അറിയാന്‍ വെയ്ന്‍ മൊബൈല്‍ ആപ്പ്

Published

|

Last Updated

ദോഹ: ഗതാഗതം സുഗമമാക്കുന്ന പുതിയ പാതകളും റോഡിലെ തിരക്കുകളും അപ്പപ്പോള്‍ അറിയാന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്പ്. പൊതുമരാമത്ത് വിഭാഗമായ അശ്ഗാല്‍ ഖത്വര്‍ മൊബിലിറ്റി ഇന്നവേഷന്‍ സെന്ററുമായി (ക്യു എം ഐ സി) സഹകരിച്ചാണ് വെയ്ന്‍ എന്ന പേരുള്ള മൊബൈല്‍ ആപ്പില്‍ വിവരങ്ങള്‍ അപ്പപ്പോള്‍ അപ്‌ഡേറ്റ് ചെയ്യുന്നത്. ഇതു സംബന്ധിച്ച് ഇരു വിഭാഗങ്ങളും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.

യാത്രക്കാര്‍ക്ക് വളരെ എളുപ്പത്തില്‍ ലക്ഷ്യസ്ഥാനത്തെത്തുന്നതിനുള്ള മാര്‍ഗം കണ്ടുപിടിക്കുന്നതിന് സഹായിക്കുകയെന്ന ഉദ്ദേശ്യത്തിലാണ് രണ്ട് ദേശീയ സ്ഥാപനങ്ങള്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നതെന്ന് അശ്ഗാല്‍ പ്രസിഡന്റ് ഡോ. എന്‍ജിനീയര്‍ സാദ് ബിന്‍ അഹ്മദ് അല്‍ മുഹന്നദി പറഞ്ഞു.

യാത്രക്കാര്‍ക്കു വേണ്ടി നിരവധി റോഡുകള്‍ തുറക്കുന്നുണ്ട്. അതേസമയം, അറ്റകുറ്റപ്പണികള്‍ക്കും വികസനത്തിനുമായി റോഡുകള്‍ താത്കാലികമായി അടച്ചിടുന്നുമുണ്ട്. എന്നാല്‍ യാത്രക്കാര്‍ക്ക് കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതിയകള്‍ വ്യാപകമായ സാഹചര്യത്തിലാണ് ക്യു എം ഐ സിയുമായി സഹകരിച്ച് വിവരങ്ങള്‍ അപ്പപ്പോള്‍ ലഭ്യമാക്കുന്ന ആപ്പ് സജ്ജീകരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന മാപ്പുകള്‍ നല്‍കുന്ന വിവരങ്ങള്‍ കൃത്യതയുള്ളതല്ല എന്നതും ഖത്വറിനു വേണ്ടിമാത്രം ആപ്പ് വികസിപ്പിക്കാന്‍ പ്രേരണയായി. എല്ലാ ആഴ്ചയിലും റോഡിലെ മാറ്റങ്ങള്‍ ആപ്പില്‍ അപ്‌ഡേറ്റ് ചെയ്യും. കാല്‍നടയാത്രക്കാര്‍, സൈക്കിള്‍ യാത്രക്കാര്‍, ബില്‍ഡിംഗ് ലൈനുകള്‍ എന്നിവയുള്‍പ്പെടെ ചേര്‍ക്കും.