Connect with us

Articles

രാജി വൈകുന്നതിന് ഒടുക്കുന്ന വലിയ വിലകള്‍

Published

|

Last Updated

കലക്ടറുടെ റിപ്പോര്‍ട്ടും നിയമോപദേശവും അവഗണിച്ച് മന്ത്രി പദവി നിലനിര്‍ത്താന്‍ നടത്തിയ നീക്കത്തിന് തോമസ്ചാണ്ടിക്ക് ലഭിച്ച ഇരട്ട പ്രഹരമാണ് ഹൈക്കോടതി വിധി. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം പോലും പരാമര്‍ശിച്ച വിധിയുടെ ആഘാതമാകട്ടെ സര്‍ക്കാറിന് ആകെയും. രാജി വൈകുന്നതിന് മുന്നണിയും സര്‍ക്കാറും നല്‍കുന്ന വിലയാണിതെന്ന് മുതിര്‍ന്ന നേതാക്കള്‍ തന്നെ അടക്കം പറയുന്നു. വിഷയത്തില്‍ തുടക്കം മുതല്‍ തോമസ് ചാണ്ടി സ്വീകരിച്ച നിലപാട് സര്‍ക്കാറിനും മുന്നണിക്കും ഒരുപോലെ ദോഷം ചെയ്‌തെന്നാണ് എല്‍ ഡി എഫിലെ പൊതുവികാരം.
രണ്ടു മന്ത്രിമാര്‍ നേരത്തെ രാജിവെച്ചതാണെങ്കിലും അന്നൊന്നും ഉണ്ടാകാത്ത പ്രതിസന്ധിയാണ് മുന്നണിയും മുഖ്യമന്ത്രിയും നേരിടുന്നത്. ഇ പി ജയരാജന്റെയും എ കെ ശശീന്ദ്രന്റെയും കാര്യത്തില്‍ മുഖ്യമന്ത്രിയും സി പി എമ്മുമാണ് തീരുമാനമെടുത്തത്. അന്നത്തെ വിവാദങ്ങള്‍ ഇത്ര നീണ്ടുപോകുകയോ മന്ത്രിപദവിയില്‍ തുടര്‍ന്ന് കോടതി കയറുന്ന സാഹചര്യമോ ഉണ്ടായിരുന്നില്ല. തോമസ് ചാണ്ടിയുടെ ചട്ടലംഘനം അക്കമിട്ട് നിരത്തുന്ന റിപ്പോര്‍ട്ട് ആലപ്പുഴ ജില്ലാകലക്ടര്‍ ടി വി അനുപമ നല്‍കിയതിന് പിന്നാലെ അതിന്റെ പകര്‍പ്പ് പോലും ലഭിക്കും മുമ്പ് അത് തള്ളണമെന്ന് ആവശ്യപ്പെട്ടാണ് തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി ഹൈക്കോടതിയെ സമീപിച്ചത്.

ഈ ഹരജിയുടെയും മറ്റു പൊതുതാത്പര്യ ഹരജികളുടെയും പരിഗണനാവേളയിലാണ് ഹൈക്കോടതി തോമസ് ചാണ്ടിയെ കണക്കിന് തൊഴിച്ചത്. ഒപ്പം സര്‍ക്കാറിനെയും. മന്ത്രിസഭയിലെ കൂട്ടുത്തരവാദിത്വമില്ലായ്മ പരോക്ഷമായി പ്രകടിപ്പിക്കുന്നതാണ് കോടതി പരാമര്‍ശങ്ങള്‍. മന്ത്രിസഭാ തീരുമാനത്തിനെതിരെ ഒരു മന്ത്രിക്ക് ഹരജി നല്‍കാന്‍ സാധിക്കുന്നതെങ്ങനെയെന്ന ചോദ്യമാണ് കോടതി ഉന്നയിച്ചത്. ഇതിലെ ഭരണഘടനാ ലംഘനം സൂചിപ്പിച്ച കോടതി സ്വന്തം സര്‍ക്കാറിനെതിരെ മന്ത്രി കേസ് കൊടുക്കുന്നത് ആദ്യമാണെന്ന നിരീക്ഷണവും നടത്തി. ലോകത്തൊരിടത്തും കേട്ടുകേള്‍വിയില്ലാത്ത കാര്യമാണിതെന്ന് കൂടി പറഞ്ഞുവെച്ചു. തുടര്‍ന്ന് മന്ത്രിക്കു മുഖ്യമന്ത്രിയിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടതിനു തെളിവാണിതെന്ന് കൂടി കോടതി സൂചിപ്പിച്ചു.

സര്‍ക്കാറിന്റെ കൂട്ടുത്തരവാദിത്വത്തിന് നേരെയാണ് കോടതിയുടെ ഈ ചോദ്യങ്ങളുയരുന്നത്. പ്രശ്‌നം വഷളായ സാഹചര്യത്തില്‍ ഇനി കാത്തിരിപ്പ് വേണ്ടെന്നാണ് മറ്റു ഘടകകക്ഷികളുടെ നിലപാട്. നേരത്തെ തന്നെ രാജിയെന്ന ആവശ്യം ശക്തമായി ഉന്നയിച്ച സി പി ഐ ഇനിയും വൈകിയാല്‍ കടുത്ത പ്രതികരണങ്ങളിലേക്ക് നീങ്ങും. മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ മാത്രമാണ് ഇതുവരെ പരസ്യമായി രാജിയെന്ന ആവശ്യം ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ നിലപാട് അറിയാന്‍ കാത്തിരിക്കുന്നത് പോലെയാണ് സി പി ഐ നേതാക്കള്‍ ഇന്നലെ വരെ പ്രതികരിച്ചത്. ഇന്നും തീരുമാനം ഉണ്ടായില്ലെങ്കില്‍ കാര്യങ്ങള്‍ പൊട്ടിത്തെറിയിലേക്ക് നീങ്ങും.
റവന്യൂവകുപ്പിനെതിരെയും കലക്ടര്‍ക്കെതിരെയും മന്ത്രി നടത്തിയ വിമര്‍ശങ്ങളില്‍ നേരത്തെ മുതല്‍ സി പി ഐ കടുത്ത അതൃപ്തിയിലാണ്. ജനജാഗ്രതായാത്രയിലെ വെല്ലുവിളി പ്രസംഗം കൂടിയായതോടെ കാര്യങ്ങള്‍ കൈവിടുകയായിരുന്നു.

 

Latest