തോമസ് ചാണ്ടിയുടെ രാജി: തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു; എന്‍സിപി തീരുമാനിക്കട്ടെയെന്ന് മുഖ്യമന്ത്രി

Posted on: November 12, 2017 4:46 pm | Last updated: November 13, 2017 at 11:22 am
SHARE

തിരുവനന്തപുരം: കായല്‍ കൈയേറിയെന്ന ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലും തീരുമാനമായില്ല. ഒടുവില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി യോഗം പിരിഞ്ഞു. അതേസമയം, രാജിക്കാര്യത്തില്‍ ആദ്യം എന്‍സിപി തീരുമാനമെടുക്കട്ടെ എന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. എന്‍സിപി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത് വൈകിയാല്‍ മുഖ്യമന്ത്രി രാജി ആവശ്യപ്പെടുന്ന സ്ഥിതിയുണ്ടാകുമെന്നും സൂചനയുണ്ട്.

തോമസ് ചാണ്ടി രാജിവെക്കണമെന്ന നിലപാടാണ് സിപിഐ യോഗത്തില്‍ സ്വീകരിച്ചത്. യോഗത്തിന്റെ തുടക്കത്തില്‍ തന്നെ അവര്‍ ഈ നിലപാട് വ്യക്തമാക്കി. തോമസ് ചാണ്ടി സ്വയം രാജിവെക്കുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി രാജി ആവശ്യപ്പെടുന്ന സാഹചര്യമുണ്ടായാല്‍ അത് എന്‍സിപിക്ക് കടുത്ത ക്ഷീണമാകുമെന്നും സിപിഐ നേതാക്കള്‍ ഓര്‍മിപ്പിച്ചു. രാജി ഇല്ലെങ്കില്‍ ഇക്കാര്യം പരസ്യമായി പറയണമന്നും സിപിഐ ആവശ്യപ്പെട്ടു. മാത്യു ടി തോമസിന്റെ ജനതാദള്‍ എസും സിപിഐയെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചത്. കോണ്‍ഗ്രസ് എസും സിപിഎമ്മും പൊതു തീരുമാനത്തിന് ഒപ്പം നിലക്കാമെന്ന നിലപാട് സ്വീകരിച്ചു. എന്നാല്‍ എന്‍സിപി രാജി വെക്കേണ്ടതില്ല എന്ന അഭിപ്രായമാണ് യോഗത്തില്‍ ഉന്നയിച്ചത്. ഇതിനിടെ രാജിക്കാര്യത്തില്‍ എന്‍സിപി തന്നെ തീരുമാനമെടുക്കട്ടെ എന്ന നിലപാടില്‍ മുഖ്യമന്ത്രി എത്തി. ഒടുവില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ട് യോഗം പിരിയുകയായിരുന്നു.

എല്‍ഡിഎഫ് യോഗത്തില്‍ നടന്ന ചര്‍ച്ചകളില്‍ സംതൃപ്തി ഉണ്ടെന്ന് സിപിഐ നേതാക്കള്‍ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, തോമസ് ചാണ്ടിയുടെ രാജി ഇന്നുണ്ടാകാന്‍ ഇടയില്ലെന്നാണ് എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.