Connect with us

National

രണ്ടാം ക്ലാസുകാരനെ മുതിര്‍ന്ന വിദ്യാര്‍ഥി കഴുത്തറുത്ത് കൊന്നത് പരീക്ഷ മാറ്റിവെക്കാന്‍

Published

|

Last Updated

ഹരിയാനയിലെ ഗുരുഗ്രാം റയാന്‍ സ്‌കൂള്‍. ഇന്‍സെറ്റില്‍ പ്രദ്യുമന്‍

ചണ്ഡിഗഡ്: ഹരിയാനയിലെ ഗുരുഗ്രാം റയാന്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി പ്രദ്യുമന്‍ താക്കൂര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. കേസുമായി ബന്ധപ്പെട്ട് സി ബി ഐ കസ്റ്റഡിയിലെടുത്ത പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥി കുറ്റം സമ്മതിച്ചു. പരീക്ഷയും രക്ഷിതാക്കളുടെ യോഗവും മാറ്റിവെക്കാന്‍ വേണ്ടിയായിരുന്നു രണ്ടാം ക്ലാസുകാരനെ കൊലപ്പെടുത്തിയതെന്ന് പിടിയിലായ മുതിര്‍ന്ന വിദ്യാര്‍ഥി മൊഴി നല്‍കിയതായി സി ബി അന്വേഷണ സംഘം വെളിപ്പെടുത്തി.

മുതിര്‍ന്ന വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കേസില്‍ വളരെ നാടകീയമായാണ് സി ബി ഐ പുതിയ കണ്ടെത്തലിലേക്ക് എത്തിച്ചേര്‍ന്നത്. കൊലപാതകം നടന്ന് രണ്ട് മാസം തികയുമ്പോഴാണ് നിര്‍ണായക വഴിത്തിരിവ്. രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ സ്‌കൂള്‍ ബസ് കണ്ടക്ടറെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ലൈംഗികമായി ഉപയോഗിച്ച ശേഷം കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നായിരുന്നു പോലീസ് അന്വേഷണ സംഘത്തിന്റെ ആദ്യത്തെ നിഗമനം. എന്നാല്‍ ലൈംഗികമായി ഉപയോഗിച്ചുവെന്ന നിഗമനം തള്ളി സി ബി ഐ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ പരിശോധന നടത്തിയാണ് പുതിയ നിഗമനത്തിലെത്തിയത്. പിടിയിലായ മുതിര്‍ന്ന വിദ്യാര്‍ഥിയെ മണിക്കൂറികള്‍ ചോദ്യം ചെയ്ത ശേഷമായിരുന്നു സി ബി ഐയുടെ കണ്ടെത്തല്‍. മോശമായ സ്‌കൂള്‍ നിലവാരം പുലര്‍ത്തിയിരുന്ന മുതിര്‍ന്ന വിദ്യാര്‍ഥി പലപ്പോഴായി സ്‌കൂള്‍ അധികൃതരുടെ രൂക്ഷമായ ശകാരത്തിനിരയായിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ കുറേ മാസങ്ങളായി വിദ്യാര്‍ഥി മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കൊലപാതകം ആസൂത്രിതമല്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. സംഭവം നടന്ന ദിവസം മുതിര്‍ന്ന വിദ്യാര്‍ഥിയുടെ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ചാണ് സ്‌കൂളിന്റെ ശുചിമുറിയില്‍ വെച്ച് കൃത്യം നടത്തിയത്. കൊലക്കുപയോഗിച്ച കത്തി ഇവിടെ നിന്ന് കണ്ടെടുത്തു. ഫോറന്‍സിക്, സി സി ടി വി ദൃശ്യങ്ങളുടെ പരിശോധനയിലൂടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പുതിയ നിഗമനത്തിലെത്തിയതെന്ന് സി ബി ഐ വക്താവ് അഭിഷേക് ദയാല്‍ വ്യക്തമാക്കി. സംശയമുള്ള മുഴുവന്‍ പേരുടെയും മൊബൈല്‍ ഫോണുകള്‍ പരിശോധനക്ക് വിധേയമാക്കി. പ്രദ്യുമന്‍ കൊല്ലപ്പെട്ട ശുചി മുറിയിലേക്ക് മുതിര്‍ന്ന വിദ്യാര്‍ഥി പ്രവേശിക്കുന്നത് സി സി ടി വി ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ ഇതേപോലെ നിരവധി പേര്‍ മുറിയിലേക്ക് പ്രവേശിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ഇതില്‍ നിന്ന് വിശദ പരിശോധനക്ക് ശേഷമാണ് കുറ്റവാളിയെ തിരിച്ചറിഞ്ഞത്.
കേസ് സി ബി ഐ അന്വേഷിക്കണമെന്ന ആവശ്യവുമായി പ്രദ്യുമനന്റെ പിതാവ് വരുണ്‍ ചന്ദ്ര താക്കൂര്‍ ഹരജി നല്‍കിയിരുന്നു. ബസ് ജീവനക്കാരും മറ്റുള്ളവരുമെല്ലാം കുട്ടികളുടെ ശുചിമുറിയാണ് ഉപയോഗിച്ചിരുന്നത് എന്നതാണ് പ്രധാന വീഴ്ചയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കണ്ടക്ടറെ അറസ്റ്റ് ചെയ്തത്.

എന്നാല്‍ കേസിലേക്ക് തന്റെ മകനെ വലിച്ചിഴക്കുകയും നിര്‍ബന്ധിച്ച് അവനില്‍ നിന്ന് മൊഴിയെടുക്കുകയുമായിരുന്നുവെന്ന് കസ്റ്റഡിയിലെടുത്ത മുതിര്‍ന്ന വിദ്യാര്‍ഥിയുടെ പിതാവ് ആരോപിച്ചു.
അതേസമയം തന്റെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തതിനെതിരെ സ്‌കൂള്‍ ബസ് കണ്ടകട്‌റുടെ ഭാര്യ രംഗത്ത് വന്നു. മുതിര്‍ന്ന വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തതിലൂടെ പോലീസിന്റെ കേസന്വേഷണം സംശയത്തിന്റെ കരിനിഴലിലായിരിക്കുകയാണെന്ന് അവര്‍ ആരോപിച്ചു.
ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കിയ മുതിര്‍ന്ന വിദ്യാര്‍ഥിയെ സി ബി ഐ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.

 

Latest