പുതിയ കരട് നയം; ആശങ്കയോടെ അപേക്ഷകര്‍

Posted on: November 9, 2017 7:05 am | Last updated: November 8, 2017 at 11:10 pm

കൊണ്ടോട്ടി: 2018 വര്‍ഷത്തെ ഹജ്ജ് അപേക്ഷാ ഫോം വിതരണം അടുത്ത മാസം ആരംഭിക്കും. ഈ വര്‍ഷം രണ്ട് ലക്ഷം പേര്‍ക്ക് ഇന്ത്യയില്‍ നിന്ന് അവസരമുണ്ടാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി 30,000 തോതില്‍ ക്വാട്ട വര്‍ധിപ്പിച്ചു വരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്ന് 1,70,025 പേര്‍ക്കാണ് ഹജ്ജിന് അവസരമുണ്ടായത്.

2018 ലെ ഹജ്ജ് അപേക്ഷകര്‍ 2019 ഫെബ്രുവരി വരെ കാലാവധിയുള്ള പാസ്‌പോര്‍ട്ടുള്ളവരായിരിക്കണം. 2018 ആഗസ്റ്റ് 19 മുതല്‍ 24 വരെയായിരിക്കും ഹജ്ജ് കര്‍മം.
അതിനിടെ കേന്ദ്ര ഹജ്ജ് കമ്മിറ്റി കൈക്കൊള്ളാനിരിക്കുന്ന പുതിയ നയം കേരളത്തില്‍ നിന്നുള്ള ഹജ്ജ് അപേക്ഷകര്‍ക്ക് ഇരുട്ടടിയാകുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. തുടര്‍ച്ചയായി ഹജ്ജിന് അപേക്ഷിച്ച് അഞ്ച് വര്‍ഷമെത്തിയവര്‍ക്ക് നറുക്കെടുപ്പില്ലാതെ അവസരം നല്‍കിപ്പോരുന്ന സമ്പ്രദായമാണ് എടുത്തു കളയാന്‍ നിര്‍ദേശിക്കുന്നത്. 2018-22 കാലത്തേക്ക് തയാറാക്കുന്ന ഹജ്ജ് നയത്തിന്റ കരട് പട്ടികയിലാണ് ഈ ശിപാര്‍ശ. 70 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് നല്‍കി വന്നിരുന്ന സംവരണവും എടുത്തു കളയാന്‍ ശിപാര്‍ശയുണ്ടെങ്കിലും വിവിധ തലങ്ങളില്‍ നിന്നുള്ള പ്രതിഷേധത്തെ തുടര്‍ന്ന് ഇതിന് സാധ്യത വിരളമാണ്.

കേരളത്തില്‍ തുടര്‍ച്ചയായി അപേക്ഷിച്ച് അടുത്ത വര്‍ഷം അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നത് 15,000 ല്‍ അധികം പേരാണ്. പുതിയ ഹജ്ജ് നയം നടപ്പാകുന്നതോടെ ഇവരുള്‍പ്പടെ എല്ലാ അപേക്ഷകരും ആദ്യമായി ഹജ്ജിനപേക്ഷിക്കുന്ന വിഭാഗത്തിലേക്ക് മാറ്റപ്പെടും. സ്വകാര്യ സംഘങ്ങള്‍ക്ക് 30 ശതമാനം സീറ്റ് വിട്ടുകൊടുക്കാനുള്ള കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ തീരുമാനവും കേരളത്തിന് തിരിച്ചടിയാവുകയാണ്.
ഇന്ത്യയിലെ 21 എമ്പാര്‍ക്കേഷന്‍ പോയിന്റുകള്‍ വെട്ടിച്ചുരുക്കി ഒമ്പതാക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഹജ്ജ് കമ്മിറ്റി പിന്‍മാറിയതായാണറിയുന്നത്. പക്ഷേ കേരളത്തിന്റെ എമ്പാര്‍ക്കേഷന്‍ കരിപ്പൂരിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിന് കേന്ദ്രം തയാറായിട്ടില്ല. ഇത് മലബാറില്‍ നിന്നുള്ള 82 ശതമാനം ഹാജിമാര്‍ക്കും പ്രയാസമുണ്ടാക്കുന്നതാണ്. ബലിമൃഗത്തിനുള്ള കൂപ്പണ്‍ ഹജ്ജ് കമ്മിറ്റി മുഖേന കൈപറ്റണമെന്ന നിബന്ധനയും കേന്ദ്ര ഹജ്ജ് കമ്മിറ്റി എടുത്തു കളയും. ഗ്രീന്‍ കാറ്റഗറി ഒഴിവാക്കി അസീസിയ കാറ്റഗറി നിലനിര്‍ത്തുന്നതിനാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി തത്വത്തില്‍ തിരുമാനമെടുത്തത്. കേരളം ഇതിനെ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും ഈ വര്‍ഷത്തെ ഹജ്ജ് യാത്രക്ക് ചെലവ് കൂടുമെന്നത് വ്യക്തമാണ്. കഴിഞ്ഞ തവണ ഗ്രീന്‍ കാറ്റഗറി ഹാജിമാര്‍ക്ക് 2,35,150 രൂപയും അസീസിയ കാറ്റഗറിയിലുള്ളവര്‍ 2,01,750 രൂപയുമാണ് അടക്കേണ്ടി വന്നിരുന്നത്.
അതേസമയം ഈ വര്‍ഷം ഹജ്ജിന് കപ്പല്‍ സര്‍വീസ് ആരംഭിക്കാന്‍ താത്പര്യമുണ്ടെന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ പ്രസ്താവന കേരളം താത്പര്യത്തോടെയാണ് വീക്ഷിക്കുന്നത്. ഒരേ സമയം നാലായിരം പേര്‍ക്ക് യാത്ര ചെയ്യാവുന്ന കപ്പലുകള്‍ വാടകക്ക് സര്‍വീസ് നടത്താമെന്ന് ആഗോള കപ്പല്‍ ഗതാഗത രംഗത്തുള്ളവര്‍ വ്യക്തമാക്കിയിട്ടുണ്ട്. കപ്പല്‍ സര്‍വീസ് ഹജ്ജ് യാത്രാ ചെലവ് പകുതിയിലധികം കുറക്കും. ആധുനിക കപ്പലുകള്‍ മുംബൈയില്‍ നിന്ന് അഞ്ച് ദിവസം കൊണ്ട് ജിദ്ദയിലെത്തും. അഞ്ചാം വര്‍ഷ അപേക്ഷകര്‍ക്ക് സംവരണം ഇല്ലാതാവുകയും കരിപ്പൂരില്‍ ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റ് നഷ്ടപ്പെടുകയും ചെയ്യുന്ന തീരുമാനം കേന്ദ്ര ഹജ്ജ് കമ്മിറ്റിയില്‍ നിന്നുണ്ടാവുകയാണെങ്കില്‍ ഇതിനെതിരെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുന്നതിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി തീരുമാനമെടുത്തിട്ടുണ്ട്.