തിരുവനന്തപുരം: കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുവെന്ന ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മയുടെ പ്രസ്താവനക്ക് മറുപടിയായാണ് ജോസഫൈന്‍ ഇക്കാര്യം വ്യക്തമാക്കിയത്. കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് രേഖാശര്‍മയുടെ പ്രസ്താവനയെന്നും ജോസഫൈന്‍ വ്യക്തമാക്കി.
ഹാദിയയെ സന്ദര്‍ശിക്കുന്ന കാര്യം രേഖാ ശര്‍മ സംസ്ഥാന വനിതാ കമ്മീഷനെ അറിയിക്കുകയോ റിപ്പോര്‍ട്ട് തേടുകയോ ചെയ്തിട്ടില്ല. ഹാദിയ കേസില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വീകരിച്ചത് കൃത്യമായ നിലപാടാണ്. കേരളത്തെ ഇകഴ്ത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ അധ്യക്ഷയുടെ പ്രസ്താവനയെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം വൈക്കത്തെ വീട്ടിലെത്തി ഹാദിയയെ സന്ദര്‍ശിച്ച ശേഷമാണ് രേഖാ ശര്‍മ വിവാദ പരാമര്‍ശം നടത്തിയത്. ജോലി വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയും പണം നല്‍കിയും കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നു എന്നായിരുന്നു അവരുടെ പ്രസ്താവന.