Connect with us

Articles

ഗുജറാത്ത്: തിരഞ്ഞെടുപ്പിന് മുമ്പുള്ള ചില തോല്‍വികള്‍

Published

|

Last Updated

22 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് എന്ന ഏറെക്കുറെ അസംഭവ്യമായ സംഗതിയിലാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ആലോചനകളൊക്കെ കേന്ദ്രീകരിക്കുന്നത്. അത്തരം ആലോചന ഉയര്‍ന്നുവരണമെങ്കില്‍ രണ്ട് ദശകത്തിലേറെയായി ഗുജറാത്തിനെ ഭരിക്കുന്ന ബി ജെ പിയുടെ ജനപിന്തുണയില്‍ ഇടിവുണ്ടായിരിക്കുന്നുവെന്നും പ്രധാനമന്ത്രി പദം അലങ്കരിക്കുന്ന നരേന്ദ്ര മോദിക്കും പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന അമിത് ഷായ്ക്കും ജനപിന്തുണ തിരികെപിടിക്കാന്‍ സാധിക്കാത്ത അവസ്ഥ സംജാതമായിരിക്കുന്നുവെന്നുമാണ് അര്‍ഥം. അത്തരമൊരു അവസ്ഥ യഥാര്‍ത്ഥത്തില്‍ സംജാതമായിട്ടുണ്ടോ? രാഹുല്‍ ഗാന്ധിയുടെ മുന്‍പില്ലാത്ത വിധത്തിലുള്ള ഇടപെടലുകളും കോണ്‍ഗ്രസിന്റെ സാധ്യതകളും കേന്ദ്ര വിഷയമാകുന്നത് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നരേന്ദ്ര മോദിയും അമിത് ഷായും നേരിടാന്‍ ഇടയുള്ള വിമര്‍ശങ്ങളെ മുന്‍കൂറായി അസാധുവാക്കാനുള്ള ശ്രമമാണോ?
1995ല്‍ ഗുജറാത്തില്‍ അധികാരത്തിലെത്തുമ്പോള്‍ ബി ജെ പി ഘടകം, പല നിലക്കുള്ള വെല്ലുവിളി നേരിട്ടിരുന്നു. മുതിര്‍ന്ന നേതാക്കള്‍ക്കിടയിലെ പോരായിരുന്നു പ്രധാനം. 2001 അവസാനത്തോടെ മുഖ്യമന്ത്രി സ്ഥാനത്തെത്തിയ നരേന്ദ്ര മോദി, പാര്‍ട്ടിയിലെ ഭിന്നാഭിപ്രായങ്ങളെയൊക്കെ ഇല്ലാതാക്കി, ഏകാധിപത്യത്തിലേക്ക് കാര്യങ്ങളെത്തിച്ചു. 2002ലെ വംശഹത്യാ ശ്രമവും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അരങ്ങേറിയ ഏറ്റുമുട്ടല്‍ കൊലകളും സൃഷ്ടിച്ച ഭീതിയുടെ അന്തരീക്ഷം ഏകാധിപത്യം ഉറപ്പിക്കുന്നതില്‍ സഹായിക്കുകയും ചെയ്തു. 2014ല്‍ പ്രധാനമന്ത്രി പദത്തിലെത്തുവോളം ഗുജറാത്തില്‍ സര്‍ക്കാറും പാര്‍ട്ടിയുമൊക്കെ നരേന്ദ്ര മോദിയായിരുന്നു. എതിര്‍പ്പിന്റെ ഛായ തോന്നിക്കുന്ന മുരടനക്കല്‍പ്പോലും ഇല്ലാതാക്കപ്പെട്ടു. ചിലരൊക്കെ ജീവിതത്തില്‍ നിന്ന് തന്നെ ഇല്ലാതാക്കപ്പെടുകയായിരുന്നുവെന്നും ആരോപണമുണ്ട്.
മോദിയൊഴിഞ്ഞ ഗുജറാത്ത് ആനന്ദി ബെന്‍ പട്ടേലിന്റെയും വിജയ് രൂപാണിയുടെയും കീഴില്‍, ഇലയനങ്ങാത്ത അധികാര വാഴ്ചയുടെ ഇടമല്ലാതായി. അന്തരീക്ഷത്തിലെ ഭീതിയുടെ മേഘങ്ങള്‍ക്ക് കനം കുറഞ്ഞു. സര്‍ക്കാറിനെ, അതിന്റെ ജനവിരുദ്ധനയങ്ങളെ വിമര്‍ശിക്കാന്‍ മടിക്കേണ്ടെന്ന തോന്നല്‍ ജനങ്ങളില്‍, പ്രത്യേകിച്ച് യുവാക്കളിലുണ്ടായി. കൊട്ടിഘോഷിക്കപ്പെട്ട വികസന മാതൃകയുടെ പൊള്ളത്തരം വെളിവാക്കി, സോഷ്യല്‍ മീഡിയയിലും മറ്റും യുവാക്കള്‍ ആരംഭിച്ച പ്രചാരണം അതിന് തെളിവാണ്. സംവരണം ആവശ്യപ്പെട്ട് ഗുജറാത്തിലെ സവര്‍ണരായ പട്ടേലുമാര്‍ സമരത്തിനിറങ്ങുകയും ആ വിഭാഗത്തിലെ വലിയൊരളവ് ബി ജെ പിയില്‍ നിന്ന് അകലുകയും ചെയ്തു. മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍ വലിയ സ്വാധീനമുള്ള അല്‍പേഷ് താക്കൂര്‍, ബി ജെ പിയെ വിമര്‍ശിച്ച് രംഗത്തുവരികയും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടത്തില്‍ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. ഗോവധ നിരോധം കര്‍ശനമായി നടപ്പാക്കാന്‍ തെരുവിലിറങ്ങിയ സംഘ്പരിവാര്‍ പിന്തുണയുള്ള അക്രമിക്കൂട്ടം, ദളിതുകളെ കൈകാര്യം ചെയ്തപ്പോള്‍ അവരുടെ പ്രതിരോധത്തിന് നേതൃത്വമേകിയ ജിഗ്‌നേഷ് മേവാനി ബി ജെ പിക്കെതിരായ പ്രചാരണത്തിന് ആക്കം കൂട്ടി. 22 വര്‍ഷമായി തുടരുന്ന ബി ജെ പി ഭരണത്തിനെതിരായ വികാരം, നോട്ട് നിരോധവും ജി എസ് ടിയും വാണിജ്യ – വ്യാപാര – വ്യവസായ മേഖലകളിലുണ്ടാക്കിയ തളര്‍ച്ച, അത് നഗര ജനതയിലുണ്ടാക്കിയ അതൃപ്തി, തൊഴിലവസരം വേണ്ടത്രയുണ്ടാകാത്തത് മൂലം പ്രയാസപ്പെടുന്ന യുവാക്കള്‍ എന്നീ ഘടകങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോഴാണ് കോണ്‍ഗ്രസിനൊരു സാധ്യത കല്‍പ്പിക്കപ്പെടുന്നത്.
1995ല്‍ ബി ജെ പി അധികാരം പിടിക്കുമ്പോള്‍ അവര്‍ക്ക് ലഭിച്ച വോട്ട് 42.5 ശതമാനമായിരുന്നു. കോണ്‍ഗ്രസിന് 32.9 ശതമാനവും. 2012ല്‍ ബി ജെ പിക്ക് 47.9 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് 38.9 ശതമാനം കിട്ടി. തുടര്‍ച്ചയായി അധികാരത്തിന് പുറത്തിരിക്കേണ്ടി വന്നപ്പോഴും ബീഹാറിലും ഉത്തര്‍ പ്രദേശിലുമൊക്കെ സംഭവിച്ചത് പോലെ കോണ്‍ഗ്രസ് തകരുന്ന സാഹചര്യമുണ്ടായില്ല ഗുജറാത്തില്‍. നാലോ അഞ്ചോ ശതമാനം വോട്ട് അധികം ലഭിച്ചാല്‍ ഭരണം പിടിക്കാവുന്ന സ്ഥിതി ആ പാര്‍ട്ടിക്ക് ഇപ്പോഴുമുണ്ടവിടെ. ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, സംഘടനാ സംവിധാനം മോശവുമല്ല. സംസ്ഥാന ഭരണത്തിനെതിരായ വികാരം, മോദി ഭരണം സമ്പദ് വ്യവസ്ഥയെ കീഴോട്ട് നയിച്ചതോടെ സൃഷ്ടിക്കപ്പെട്ട അതൃപ്തി, ജാതി സമവാക്യത്തിലുണ്ടായ മാറ്റം തുടങ്ങിയവയുടെ പിന്‍ബലത്തില്‍ അട്ടിമറി സാധ്യത പ്രബലമാകുന്നത് ഇതുകൊണ്ടാണ്.
പക്ഷേ, ഈ വികാരങ്ങളെയൊക്കെ അപ്രസക്തമാക്കും വിധത്തിലുള്ള വര്‍ഗീയ ധ്രുവീകരണം 2002ലെ വംശഹത്യാ ശ്രമത്തോടെ സൃഷ്ടിച്ചെടുത്തിട്ടുണ്ട് ഗുജറാത്തില്‍. അതിന്റെ ബലത്തിലാണ് പിന്നീടുള്ള തിരഞ്ഞെടുപ്പുകളിലൊക്കെ ഏറെക്കുറെ ഏകപക്ഷീയമായ വിജയം ബി ജെ പി അവിടെ നേടിയെടുത്തത്. വര്‍ഗീയ ധ്രുവീകരണത്തെ കവച്ചുവെക്കും വിധത്തിലേക്ക് കാര്യങ്ങളെത്തിയിട്ടുണ്ടെന്ന് കരുതാന്‍ തത്കാലം സാധിക്കുന്നില്ല. അതുകൊണ്ടാണ് കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് ഏറെക്കുറെ അസംഭവ്യമെന്ന് തുടക്കത്തില്‍ പറഞ്ഞത്. ഹാര്‍ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ സമുദായത്തിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി യോജിച്ചുവെങ്കിലും പട്ടേലുമാരുടെ വോട്ട് മുഴുവന്‍ കോണ്‍ഗ്രസിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കാനാകില്ല. വോട്ടര്‍മാരില്‍ 40 ശതമാനം വരും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍. അല്‍പ്പേഷ് താക്കൂര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതുകൊണ്ട് ഇതില്‍ മഹാഭൂരിപക്ഷം അവിടേക്ക് ചായുമെന്ന് കരുതാന്‍ സാധിക്കില്ല. സംസ്ഥാനത്ത് പലഭാഗത്തായി ചിതറിക്കിടക്കുകയാണ് ദളിതുകള്‍. അവരുടെ വോട്ടുകള്‍ വിജയിയെ നിശ്ചയിക്കുന്ന മണ്ഡലങ്ങള്‍ കൈവിരലില്‍ എണ്ണാന്‍ പോലുമില്ല. ഹിന്ദുത്വവത്കരണശ്രമം ഊര്‍ജിതമായി അരങ്ങേറിയ ആദിവാസി മേഖല ഏതാണ്ട് ബി ജെ പിക്കൊപ്പം അടിയുറച്ച് നില്‍ക്കുകയും ചെയ്യും. ഭരണഘടനാ സ്ഥാപനത്തിന്റെ അന്തസ്സ് കണക്കിലെടുക്കാതെ, തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നത് വൈകിപ്പിച്ചതിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ പഴുതിലൂടെ നരേന്ദ്ര മോദിയും സംഘവും നടത്തിയ പ്രഖ്യാപനങ്ങള്‍ വിവിധ വിഭാഗങ്ങളെ എങ്ങനെ സ്വാധീനിക്കുമെന്നത് കൂടി കണക്കിലെടുക്കണം. അതുകൊണ്ട് തന്നെ ജാതി – സമുദായ ഘടകങ്ങള്‍ തെരഞ്ഞെടുപ്പ് ഫലത്തെ ഏത് വിധത്തില്‍ സ്വീധീനിക്കുമെന്നത് പ്രവചനാതീതമാണ്.
ആകെയുള്ള 182ല്‍, 2012ല്‍ ബി ജെ പിക്ക് 115ഉം കോണ്‍ഗ്രസിന് അറുപത്തിയൊന്നുമായിരുന്നു സീറ്റുകള്‍. ഏതാനും എല്‍ എല്‍ എമാര്‍ പാര്‍ട്ടി വിട്ടതോടെ, കോണ്‍ഗ്രസിന്റെ അംഗ സംഖ്യ അമ്പതില്‍ താഴെയായി. 2017ലെ തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ അംഗ സംഖ്യ 150 ആക്കുമെന്നാണ് അമിത് ഷാ നേരത്തെ പ്രഖ്യാപിച്ചത്. ചോദ്യംചെയ്യപ്പെടാത്ത നേതാവായി നരേന്ദ്ര മോദി തുടരുകയും പ്രതിപക്ഷം പേരിന് മാത്രമായി മാറുകയും ചെയ്ത സാഹചര്യം നല്‍കിയ അമിത ആത്മവിശ്വാസമായിരുന്നു ഈ പ്രഖ്യാപനത്തിന് കാരണം. അത്തരമൊരു ആത്മവിശ്വാസം ബി ജെ പിക്ക് ഇപ്പോഴില്ലെന്ന്, പ്രകടമാകുന്ന വെപ്രാളത്തില്‍ നിന്ന് വ്യക്തം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്പത് പ്രചാരണ റാലികള്‍ ആസൂത്രണം ചെയ്തിരിക്കുന്നതും അവരുടെ ഭയത്തിന്റെ ആഴം വെളിവാക്കുന്നു.
ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുന്നതിലേക്ക്, നരേന്ദ്ര മോദി ഊര്‍ജമാക്കിയത് ഗുജറാത്തിലെ അധികാര നൈരന്തര്യമായിരുന്നു. അതിനുശേഷമുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉപയോഗിച്ചത്, ഗുജറാത്തിലെ വികസനത്തെക്കുറിച്ചുള്ള അവകാശവാദങ്ങളും. ആ അവകാശവാദങ്ങളിലെ നെല്ലും പതിരും തിരിക്കാന്‍ എതിരാളികള്‍ക്ക് സാധിക്കാതിരുന്നതോടെ, വംശഹത്യാ ശ്രമത്തിലെ ഉത്തരവാദിത്തവും തീവ്ര ഹിന്ദുത്വ അജന്‍ഡകളോടുള്ള ആഭിമുഖ്യവും ചൂണ്ടിക്കാട്ടി നടന്ന പ്രചാരണം, വികസന നായകനും രാജ്യസ്‌നേഹിയുമായ നേതാവ് ആക്രമിക്കപ്പെടുകയാണെന്ന പ്രതീതി ജനിപ്പിക്കുന്നതിലേക്ക് വഴിതിരിച്ചുവിടാന്‍ മോദി സംഘത്തിന് സാധിച്ചു. രാജ്യാധികാരത്തിന് വേണ്ടിയുള്ള മത്സരത്തില്‍, അനുകൂലവും പ്രതികൂലവും ഗുജറാത്തിനെ കേന്ദ്രീകരിച്ചായിരുന്നു. ഇപ്പോള്‍ നടക്കാനിരിക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പും സമാനമായ അവസ്ഥ സൃഷ്ടിക്കുന്നുണ്ട്.
ഏറെക്കുറെ അസംഭവ്യമായ അട്ടിമറി, കോണ്‍ഗ്രസിന് സാധിച്ചാല്‍ സാമ്പത്തികാരോഗ്യം ക്ഷയിച്ചത് ചൂണ്ടിക്കാട്ടി നരേന്ദ്ര മോദി സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന ബി ജെ പിയിലെ തന്നെ വിഭാഗം, കൂടുതല്‍ കരുത്താര്‍ജിക്കും. ഭയത്തിന്റെ നിഴലില്‍ നിന്ന് കൂടുതല്‍ പേര്‍ പുറത്തുവരും. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കും മുമ്പ് പാര്‍ട്ടിയിലെ എതിരാളികളോട് ഉത്തരം പറയേണ്ടി വരും നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും. കോണ്‍ഗ്രസിനുണ്ടാകുന്ന വലിയ ഊര്‍ജവും അത് ദേശീയ രാഷ്ട്രീയത്തില്‍ സൃഷ്ടിക്കുന്ന പ്രകമ്പനങ്ങളും പുറമെ. ഭരണമാറ്റമുണ്ടായില്ലെങ്കില്‍പ്പോലും നിലവില്‍ ബി ജെ പിക്കുള്ള സീറ്റുകളുടെ എണ്ണം കുറഞ്ഞാല്‍ അതും ചെറുതല്ലാത്ത ആഘാതമുണ്ടാക്കും മോദി – അമിത് ഷാ അച്ചുതണ്ടിന്. 150 സീറ്റെന്ന വീരവാദം പറഞ്ഞിട്ട്, നിലവിലുള്ളത് പോലും നിലനിര്‍ത്തനാകാതെ പോകുന്ന സ്ഥിതി, സ്വേച്ഛക്കനുസരിച്ച് ജനങ്ങളും രാജ്യവും നീങ്ങുമെന്ന് വിശ്വസിക്കുന്ന നേതാവിന് നല്‍കുന്ന തിരിച്ചടി ചെറുതാകില്ല. തിരഞ്ഞെടുപ്പ് കമ്മീഷനെപ്പോലും വരുതിക്കു നിര്‍ത്തി, തിരഞ്ഞെടുപ്പ് നടത്തിയിട്ടും കൂടുതല്‍ സീറ്റ് നേടാന്‍ കോണ്‍ഗ്രസിന് സാധിച്ചാല്‍ അവര്‍ക്ക് ഗുജറാത്തിന് പുറത്തും ആഘോഷിക്കാവുന്ന വിജയമായി അത് മാറും. അത്തരമൊരു സാഹചര്യം മോദിയും അമിത് ഷായും പ്രതീക്ഷിക്കുന്നുണ്ട്. ഈ രണ്ട് അവസ്ഥകളിലും ഉയരാനിടയുള്ള വിമര്‍ശങ്ങള്‍ക്കുള്ള മുന്‍കൂര്‍ ജാമ്യമാകണം കോണ്‍ഗ്രസിനെ കേന്ദ്രീകരിച്ച് മുന്നേറുന്ന ആലോചനകള്‍. സകല ഘടകങ്ങളും എതിരായി നിന്നിട്ടും അധികാരം നിലനിര്‍ത്താന്‍ സാധിച്ചത്, തങ്ങളുടെ മാത്രം മികവുകൊണ്ടാണെന്ന് വോട്ടെണ്ണലിന് ശേഷം വാദിക്കാനുള്ള അവസരമൊരുക്കല്‍.
ഗുജറാത്തിലെ വികസനത്തെക്കുറിച്ചുള്ള വീരവാദങ്ങള്‍ തകര്‍ന്നിരിക്കുന്നുവെന്നത്, നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം നേടിയ വിജയമാണ്. ബി ജെ പി എന്ന ഒരൊറ്റ സാധ്യതയേ മുന്നിലുള്ളൂവെന്ന തോന്നലില്‍ നിന്ന് ഗുജറാത്ത് ജനതയെ ആദ്യം മോചിപ്പിക്കാനായെന്നതും അവരുടെ വിജയം. ഇതിന്റെ തുടര്‍ച്ച രാജ്യത്തുണ്ടാക്കാന്‍ കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും സാധിച്ചാല്‍, ഗുജറാത്തിലെ തിരഞ്ഞെടുപ്പ് ഫലം എന്തായാലും, 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏകപക്ഷീയമാകില്ലെന്ന് ഉറപ്പ്. വ്യാഴവട്ടത്തോളം ഗുജറാത്തിലുണ്ടായിരുന്ന, മൂന്നര വര്‍ഷത്തോളം രാജ്യത്തുണ്ടായിരുന്നുവെന്ന് തെറ്റിദ്ധരിച്ച ആധിപത്യം ഇളകിയിരിക്കുന്നുവെന്ന തിരിച്ചറിവ്, തിരഞ്ഞെടുപ്പിന് മുമ്പേ മോദിയെയും സംഘത്തെയും പരാജയം രുചിപ്പിക്കുന്നു. അതിലേക്ക് ഏതളവില്‍ സംഭാവന ചെയ്യും ഗുജറാത്ത് എന്ന ഭീതി അവരില്‍ ജനിച്ചിരിക്കുന്നു. അതിനെ എത്രത്തോളം വര്‍ധിപ്പിക്കും ഗുജറാത്ത് എന്നതാണ് പരമപ്രധാനം. കേവലം ജയ, പരാജയങ്ങളല്ല.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്