കാറിന് പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍; നടി അമല പോള്‍ നികുതി വെട്ടിച്ചതായി ആരോപണം

Posted on: October 29, 2017 7:36 pm | Last updated: October 29, 2017 at 7:36 pm

കൊച്ചി : സ്ഥിരമായി മേല്‍വിലാസമില്ലാത്ത പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് തെന്നിന്ത്യന്‍ സിനിമാ താരം അമലാപോള്‍ നികുതി വെട്ടിപ്പ് നടത്തിയതായി ആരോപണം. ഇതിലൂടെ സംസ്ഥാനത്തിന് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയാണ് നഷ്ടമായത്. അമലാ പോളിന് നേരിട്ടറിയാത്ത പോണ്ടിച്ചേരിയിലെ വിദ്യാര്‍ത്ഥിയുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നാണാക്ഷേപം.

പുതിയതായി വാങ്ങിയ എസ് ക്ലാസ് ബെന്‍സാണ് അമലപോള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആഗസ്റ്റ് നാലിന് ചെന്നൈയിലെ ട്രാന്‍സ് കാര്‍ ഡീലറില്‍ നിന്നുമാണ് ഒരു കോടി പന്ത്രണ്ട് ലക്ഷം വിലമതിക്കുന്ന കാര്‍ അമലപോള്‍ വാങ്ങിയത്. പോണ്ടിച്ചേരിയിലെ എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥിയുടെ പേരിലാണ് കാറിന്റെ രജിസ്‌ട്രേഷന്‍. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ സംസ്ഥാന ഖജനാവിലേക്ക് നികുതി ഇനത്തില്‍ 20 ലക്ഷം രൂപ അമലാ പോള്‍ നല്‍കേണ്ടിയിരുന്നു.

എന്നാല്‍ പോണ്ടിച്ചേരിയിലെ നികുതി ആനുകൂല്യം മുതലാക്കി ഒന്നേമുക്കാല്‍ ലക്ഷം രൂപ മാത്രം നികുതി നല്‍കിയാണ് കാര്‍ രജിസ്ട്രേഷന്‍ നടത്തിയത്.പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ സ്ഥിരം താമസക്കാരനായിരിക്കണമെന്നാണ് നിയമം.