Editorial
നഗര ശുചിത്വത്തില്‍ കേരളത്തിന്റെ ഇടം

കേരളത്തിന് ആവോളം പ്രശംസ ചൊരിഞ്ഞു കൊണ്ടാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദ് മടങ്ങിയത്. വിദ്യാഭ്യാസത്തിലും പൊതുജനാരോഗ്യത്തിലും ടൂറിസത്തിലും സാക്ഷരതയിലും കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് തിരുവനന്തപുരത്ത് ടെക്‌നോസിറ്റി ശിലാസ്ഥാപനം നിര്‍വഹിക്കവേ രാഷ്ട്രപതി പറഞ്ഞു. ഐ ടി മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച കേരളത്തെ ഇന്ത്യയുടെ ഡിജിറ്റല്‍ പവര്‍ ഹൗസ് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അതേസമയം കേന്ദ്ര നഗര വികസന മന്ത്രാലയം നഗരങ്ങളുടെ ശുചിത്വത്തെക്കുറിച്ച് പഠിക്കാനായി സ്വച്ഛ് സര്‍വേക്ഷണ്‍ 2017 എന്ന പേരില്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ട് സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കുന്നതാണ്. അഞ്ഞൂറോളം നഗങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള ബൃഹത്തായ സര്‍വേ പ്രകാരം വൃത്തിയുടെ കാര്യത്തില്‍ കേരളത്തിലെ നഗരങ്ങള്‍ ഏറെ പിന്നിലാണ്. മന്ത്രാലയം തയ്യാറാക്കിയ 500 നഗരങ്ങളുടെ പട്ടികയില്‍ കേരളത്തിലെ ഒരു നഗരവും ആദ്യ 250ല്‍ പോലും എത്തിയില്ല. 254ാം സ്ഥാനത്തെത്തിയ കോഴിക്കോടാണ് കേരളത്തില്‍ നിന്നുള്ള ഒന്നാമന്‍. 2014ലെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തും കഴിഞ്ഞവര്‍ഷം 55ാം സ്ഥാനത്തുമുണ്ടായിരുന്ന കൊച്ചി ഇത്തവണ 271ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ഗുജറാത്ത്, മധ്യപ്രദേശ്, ആന്ധ്ര സംസ്ഥാനങ്ങളില്‍നിന്നുള്ള നഗരങ്ങളാണ് ശുചിത്വപ്പട്ടികയില്‍ മുന്നില്‍. മധ്യപ്രദേശിലെ ഇന്‍ഡോര്‍ ആണ് പട്ടികയിലെ ഏറ്റവും ശുചിത്വമുള്ള നഗരം. ഭോപ്പാലിനും വിശാഖപട്ടണത്തിനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍.
തുറസ്സായ സ്ഥലത്തെ മലമൂത്ര വിസര്‍ജനം, ഖരമാലിന്യ നിര്‍മാര്‍ജനം, മാലിന്യസംസ്‌കരണം, മലിനജല സംസ്‌കരണം, കുടിവെള്ളത്തിന്റെ ഗുണനിലവാരം തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തി ജനങ്ങളുടെ അഭിപ്രായമാരാഞ്ഞാണ് സര്‍വേ നടത്തിയത്. സര്‍വേ സംഘം 37ലക്ഷം പേരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. തുറസ്സായ സ്ഥലത്തെ മലവിസര്‍ജനം കേരളത്തിലെ നഗരങ്ങളില്‍ താരതമ്യേന കുറവാണെങ്കിലും പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നവരുടെ എണ്ണം കേരളത്തില്‍ കൂടുതലാണെന്ന് സര്‍വേ കണ്ടെത്തി. മൂത്രമൊഴിക്കാന്‍ ശൗചാലയത്തിന്റെ ആവശ്യമേയില്ലെന്ന ധാരണയിലാണ് പൊതുസ്ഥലത്ത് ആളുകള്‍ മൂത്രമൊഴിക്കുന്നത്. നഗരങ്ങളില്‍ കേന്ദ്രീകൃത മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍ വേണ്ടത്രയില്ലാത്തതും കേരളം പിന്തള്ളപ്പെടാന്‍ കാരണമായി. എന്നാല്‍ 2015ല്‍ നഗര വികസന മന്ത്രാലയം നടത്തിയ ശുചിത്വ സര്‍വേയില്‍, രാജ്യത്തെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയില്‍ കൊച്ചിക്ക് അഞ്ചാം സ്ഥാനവും തിരുവനന്തപുരത്തിന് എട്ടാം സ്ഥാനവും ലഭിച്ചിരുന്നു. രണ്ട് വര്‍ഷത്തിനിടെയാണ് കൊച്ചി 271ാം സ്ഥാനത്തേക്കും തിരുവനന്തപുരം–372ാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടത്. പാലക്കാട്–286, ഗുരുവായൂര്‍ 306, തൃശൂര്‍–324, കൊല്ലം–365, കണ്ണൂര്‍–366, ആലപ്പുഴ 380 എന്നിങ്ങനെയാണ് സംസ്ഥാനത്തെ മറ്റു നഗരങ്ങളുടെ നിലവാരം.
വ്യക്തിത്വ ശുചീകരണത്തിന് പുകള്‍പെറ്റ കേരളീയര്‍ സാമൂഹിക ശുചിത്വത്തില്‍ കാണിക്കുന്ന തികഞ്ഞ അലംഭാവമാണ് ഇതിന് കാരണം. വീട്ടിലെ മാലിന്യങ്ങള്‍ യാതൊരു സങ്കോചവുമില്ലാതെ നിരത്തുകളിലേക്കും പൊതുസ്ഥലങ്ങളിലേക്കും വലിച്ചെറിയുന്നത് സംസ്ഥാനത്ത് ഇന്ന് പതിവു കാഴ്ചയാണ്. സമയത്തിന് എടുത്തു മാറ്റാത്തത് മൂലം മാലിന്യങ്ങള്‍ കൂമ്പാരമായികിടക്കുന്നതും അഴുകി ദുര്‍ഗന്ധം വമിക്കുന്നതും മിക്ക നഗരങ്ങളിലും സാധാരണം. പകര്‍ച്ചവ്യാധികളുടെ വ്യാപനത്തിനും നാടുകടത്തിയെന്നവകാശപ്പെടുന്ന പല രോഗങ്ങളുടെയും തിരിച്ചു വരവിനും കാരണം പരിസര ശുചീകരണത്തിലെ ഈ അലംഭാവമാണ്. തൊണ്ണൂറു ശതമാനം രോഗങ്ങള്‍ക്കും കാരണം ശക്തമായ ശുചിത്വശീലം ഇല്ലാത്തതാണ്. സംസ്ഥാനത്തെ പഞ്ചായത്തുകളില്‍ ആളോഹരി പ്രതിദിനം ഏതാണ്ട് 190 ഗ്രാമും കോര്‍പറേഷനുകളില്‍ 465 ഗ്രാമും മാലിന്യം ഉത്പാദിപ്പിക്കുന്നുണ്ടെന്നാണ് കണക്ക്. കോര്‍പറേഷനുകളില്‍ 1683 ടണ്ണും മുന്‍സിപ്പാലിറ്റികളില്‍ 758 ടണ്ണും പഞ്ചായത്തുകളില്‍ 4565 ടണ്ണും മാലിന്യം ഉത്പാദിപ്പിക്കുന്നു. ഓരോ വര്‍ഷവും 1.4 ശതമാനം വീതം ഇത് വര്‍ധിക്കുകയും ചെയ്യുന്നു. ഇവ നിക്ഷേപിക്കാനോ സംസ്‌കരിക്കാനോ ഫലപ്രദമായ സംവിധാനം മിക്കയിടങ്ങളിലും ഇല്ല. മാലിന്യത്തിന്റെ പേരില്‍ പലയിടത്തും സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്നു. കോടതി ഇടപെടുന്നിടത്ത് കാര്യങ്ങള്‍ എത്തുന്നു. എന്നിട്ടും പ്രശ്‌നം പ്രശ്‌നമായിത്തന്നെ തുടരുകയാണ്.
പല വികസിത രാജ്യങ്ങളിലും മാലിന്യ സംസ്‌കരണത്തിന് ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന വകുപ്പുകള്‍ ഉണ്ട്. വിദേശ രാജ്യങ്ങളില്‍ ചെന്നാല്‍ പൊതുസ്ഥലത്ത് മാലിന്യം കാണുക വളരെ വിരളമാണ്. വലിയവരെന്നോ കുട്ടികളെന്നോ വ്യത്യാസമില്ലാതെ ഓരോ പൗരനും പരിസര ശുചിത്വത്തില്‍ ശ്രദ്ധിക്കുന്നു. അത് ലംഘിച്ചാല്‍ കടുത്ത ശിക്ഷയും ലഭിക്കും. അത്തരം രാഷ്ട്രങ്ങളിലെത്തിയാല്‍ മലയാളിയും ഇക്കാര്യത്തില്‍ നന്നായി ശ്രദ്ധിക്കാറുണ്ട്. പൗരബോധത്തോടൊപ്പം സാമൂഹിക ബോധവും ഉണ്ടായെങ്കില്‍ മാത്രമേ പരിസരവും നമ്മുടെ നഗരങ്ങളുമൊക്കെ വൃത്തിയായിരിക്കുകയുള്ളൂ. ദിനംപ്രതി കുളിക്കുന്നതിലും നല്ല വസ്ത്രം ധരിക്കുന്നതിലും അന്തസ്സ് കാണുന്ന കേരളീയന് എന്തുകൊണ്ടാണ് പരിസരശുചിത്വത്തില്‍ ജീവിക്കുന്നത് അന്തസ്സും അഭിമാനവുമായി കാണാന്‍ സാധിക്കാത്തത്?