Connect with us

Editorial

മാന്ദ്യവിരുദ്ധ പാക്കേജ് ഫലിക്കുമോ?

Published

|

Last Updated

കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്ര കാബിനറ്റ് പൊതു മേഖലാ ബേങ്കുകളുടെ ഉേത്തജനത്തിനായി 2.11 ലക്ഷം കോടിയും റോഡ് വികസനത്തിനായി ഏഴ് ലക്ഷം കോടിയും അനുവദിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇത് ഒരേ സമയം ആശങ്കാജനകവും ആശ്വാസകരവുമാണ്. നോട്ട് നിരോധനവും ജി എസ് ടിയും സമ്പദ്‌വ്യവസ്ഥയില്‍ ഒരു ദോഷഫലവും ഉണ്ടാക്കിയിട്ടില്ലെന്ന് നിരന്തരം വാദിച്ചു കൊണ്ടിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തന്നെ മാന്ദ്യവിരുദ്ധ പാക്കേജ് പ്രഖ്യാപിക്കുന്നു. നേരിട്ട് കുറ്റസമ്മതത്തിന് തയ്യാറല്ലെങ്കിലും ഒട്ടും ദീര്‍ഘവീക്ഷണമില്ലാതെ നടപ്പാക്കിയ പാതിരാ പരിഷ്‌കാരത്തില്‍ ജനങ്ങള്‍ക്കുള്ള അമര്‍ഷവും പ്രതിഷേധവും വേദനയും കേന്ദ്ര സര്‍ക്കാറും അതിനെ നയിക്കുന്ന പാര്‍ട്ടിയും കണക്കിലെടുക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്നുവെന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്. എന്നാല്‍ ഈ പ്രതിസന്ധിഘട്ടത്തിലും കോര്‍പറേറ്റ് മൂലധന ശക്തികളെ സംരക്ഷിക്കാനാണ് ഭരണക്കാര്‍ തിടുക്കപ്പെടുന്നത് എന്നത് ഗൗരവമേറിയ കാര്യമാണ്. പലിശാധിഷ്ഠിത സാമ്പത്തിക ക്രമത്തിന്റെ സഹജ സ്വഭാവമാണ് പ്രതിസന്ധി. ഇടക്കിടക്ക് കുമിളകള്‍ പൊട്ടിക്കൊണ്ടിരിക്കും. അപ്പോഴെല്ലാം ജനങ്ങളുടെ നികുതി പണം വ്യയം ചെയ്ത് കരകയറ്റിക്കൊണ്ടിരിക്കുന്നത് എങ്ങനെ ന്യായീകരിക്കാനാകും. പൊതു മേഖലാ ബേങ്കുകള്‍ക്കല്ലേ ഇപ്പോള്‍ പണം അനുവദിക്കുന്നത് എന്നതാണ് ചോദ്യമെങ്കില്‍ ഈ ബേങ്കുകള്‍ എങ്ങനെ പ്രതിസന്ധിയിലായി എന്ന മറുചോദ്യമുയര്‍ത്തേണ്ടിവരും. പൊതു മേഖലാ ബേങ്കുകളുടെ കിട്ടാക്കടം 9.5 ലക്ഷം കോടി രൂപയാണ്. ഈ കടം കിടക്കുമ്പോള്‍ ബേങ്കുകള്‍ക്ക് വായ്പ നല്‍കാനും അതുവഴി പലിശ ആര്‍ജിക്കാനും സാധിക്കുന്നില്ല. ബേങ്കുകളുടെ മുന്നോട്ട് പോക്ക് തടസ്സപ്പെടുകയാണ്. ഇതാകട്ടെ ഉത്പാദന മേഖലയിലാകെ മാന്ദ്യമുണ്ടാക്കുന്നുവെന്ന് കേന്ദ്ര ധനമന്ത്രാലയം കണ്ടെത്തുന്നു. പാക്കേജ് വേണമെന്ന തീര്‍പ്പിലെത്തുകയും ചെയ്യുന്നു.

ആരാണ് ഈ കിട്ടാക്കടം വരുത്തിവെച്ചത്? വെറും 12 അക്കൗണ്ടിലായി 1.75 ലക്ഷം കോടിയുടെ കിട്ടാക്കടമുണ്ടെന്നാണ് ആര്‍ ബി ഐയുടെ കണക്ക്. മൊത്തം കിട്ടാക്കടത്തിന്റെ അഞ്ചിലൊന്നു വരുമിത്. ഒരു കമ്പനിക്ക് തന്നെ ഒന്നിലധികം അക്കൗണ്ടുകള്‍ ഉണ്ടാകും. അപ്പോള്‍ ഈ അക്കൗണ്ടുകള്‍ കൈവശം വെക്കുന്നവരുടെ എണ്ണം അരഡസനില്‍ താഴെ വരും. പൊതു മേഖലാ ബേങ്കുകളെ പ്രതിസന്ധിയിലാക്കുന്നത് വിരലിലെണ്ണാവുന്ന വന്‍കിട കമ്പനികള്‍ എടുത്ത വായ്പ അടക്കാത്തതാണെന്ന് വ്യക്തം. ഇവിടെ സര്‍ക്കാര്‍ ആര്‍ജവം കാണിക്കേണ്ടത് ഈ തുക തിരിച്ചു പിടിക്കാനാണ്. അല്ലാതെ ജനങ്ങളുടെ ചെലവില്‍ ബേങ്കുകളുടെ പ്രതിസന്ധി പരിഹരിക്കുകയല്ല വേണ്ടത്. യഥാര്‍ഥത്തില്‍ വായ്പ തിരിച്ചടക്കാതെ മുങ്ങി നടക്കുന്ന വമ്പന്‍മാരെ രക്ഷിച്ചെടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. തിരിച്ചു കിട്ടാത്തത് പോകട്ടെ, അതിന്റെ പിറകേ പോകേണ്ട. നിങ്ങള്‍ക്ക് തത്കാലം പിടിച്ചു നില്‍ക്കാന്‍ പണം ഖജനാവില്‍ നിന്ന് തരുമെന്നാണ് പൊതു മേഖലാ ബേങ്കുകളോട് സര്‍ക്കാര്‍ പറയുന്നത്. പാവപ്പെട്ട കര്‍ഷകന്‍ കടക്കെണിയില്‍ കുരുങ്ങി മരിച്ചു വീഴുമ്പോഴാണ് കോര്‍പറേറ്റുകള്‍ക്ക് ഈ സൗജന്യങ്ങള്‍ നല്‍കുന്നതെന്നോര്‍ക്കണം. മൂന്ന് വര്‍ഷത്തിനിടെ രണ്ട് ലക്ഷം കോടിയുടെ കോര്‍പറേറ്റ് വായ്പയാണ് സര്‍ക്കാര്‍ എഴുതിത്തള്ളിയത്. ഇത്തരം എഴുതിത്തള്ളല്‍ കൊണ്ട് പ്രതിസന്ധിയിലായ ബേങ്കുകളെ ഖജനാവില്‍ നിന്ന് പണമെടുത്ത് സഹായിക്കുക വഴി വായ്പാ കൊള്ളക്കാര്‍ക്ക് ജാമ്യം നില്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

ഇപ്പോള്‍ അനുവദിച്ച പാക്കേജിന്റെ സിംഹ ഭാഗവും കോര്‍പറേറ്റുകളിലേക്ക് തന്നെയാണ് പോകുക. അതിന് ധനമന്ത്രി പറയുന്ന ന്യായമിതാണ്: സ്വകാര്യ മേഖലയില്‍ കൂടുതല്‍ പണം ഉദാര വായ്പയിലൂടെ എത്തിയാല്‍ ഉത്പാദന രംഗത്ത് ഉണര്‍വുണ്ടാക്കുകയും തൊഴില്‍ സൃഷ്ടിക്കുകയും ചെയ്യും. ഇത് വെറും മനപ്പായസം മാത്രമാണ്. ആഗോള മാന്ദ്യത്തിന്റെ ശേഷിപ്പ് കയറ്റുമതി മേഖലയില്‍ ഇപ്പോഴും പ്രകടമാണ്. ഈ സാഹചര്യത്തില്‍ ഉത്പാദനം കൂട്ടിയിട്ട് ഒരു കാര്യവുമില്ല. നോട്ട് നിരോധനവും ജി എസ് ടിയും ഏല്‍പ്പിച്ച ആഘാതം ആഭ്യന്തര വിപണിയിലും വാങ്ങല്‍ ശേഷി കുറച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ ബേങ്കുകള്‍ വഴി നിക്ഷേപം കൂട്ടുന്നത് വലിയ ഗുണഫലം ഉണ്ടാക്കാന്‍ പോകുന്നില്ല. ഈ പാക്കേജ് പ്രഖ്യാപിച്ച് കൊണ്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞത് ബേങ്കിംഗ് മേഖലയില്‍ വന്‍ പരിഷ്‌കരണങ്ങള്‍ വരുമെന്നാണ്. ഈ പരിഷ്‌കരണങ്ങള്‍ ആത്യന്തികമായി പൊതു മേഖലയുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിലും ജനങ്ങളില്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കുന്നതിലും മാത്രമേ കലാശിക്കുകയുള്ളൂ.

യഥാര്‍ഥത്തില്‍ ഇപ്പോള്‍ സര്‍ക്കാര്‍ ചെയ്യേണ്ടത് ജനങ്ങളുടെ ക്രയശേഷി ഉയര്‍ത്തുന്ന തരത്തില്‍ അവര്‍ക്ക് ആശ്വാസം പകരുകയാണ്. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള നീക്കങ്ങളും നടത്തണം. റോഡ് വികസനത്തിനായി ഫണ്ട് അനുവദിക്കുന്നുവെന്നത് ഈ ദിശയിലുള്ള ആശ്വാസകരമായ ചുവട് വെപ്പാണ്. ഭാരത്മാലാ പദ്ധതിയടക്കം ദേശീയ പാതാ വികസനത്തിനാണ് ഏഴ് ലക്ഷം കോടി അനുവദിക്കുന്നത്. സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തിയ പ്രഖ്യാപനമായി ഇത് അധഃപതിക്കാതിരുന്നാല്‍ മതിയായിരുന്നു.