മാര്‍ട്ടിന ഹിംഗിസ് വീണ്ടും വിരമിക്കുന്നു

Posted on: October 27, 2017 11:00 am | Last updated: October 27, 2017 at 11:45 am

സിംഗപ്പൂര്‍: വനിതാ ടെന്നീസിലെ സ്വിസ് ഇതിഹാസ താരം മാര്‍ട്ടിന ഹിംഗിസ് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഈയാഴ്ചയില്‍ ഡബ്ല്യു ടി എ ഫൈനല്‍സ് മത്സരത്തോടെ വിട പറയാനാണ് മുപ്പത്തേഴുകാരിയുടെ തീരുമാനം. നിരവധി തവണ ഗ്രാന്‍സ്ലാം ചാമ്പ്യനായ ഹിംഗിസ് നിലവില്‍ തായ് വാന്റെ ചാന്‍ യുംഗ് യാനൊപ്പം ഡബിള്‍സില്‍ മാത്രമാണ് സജീവം. സിംഗിള്‍സില്‍ നിന്ന് നേരത്തെ തന്നെ വിരമിച്ചിരുന്നു.

ഇരുപത്തിമൂന്ന് വര്‍ഷം മുമ്പാണ് പ്രൊഫഷണല്‍ ടെന്നീസില്‍ അരങ്ങേറിയത്. തിരിഞ്ഞു നോക്കുമ്പോള്‍ വിശ്വസിക്കാന്‍ സാധിക്കുന്നില്ല. കാലം ഏറെ പിന്നിട്ടിരിക്കുന്നു – ഹിംഗിസ് ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചിട്ട വാക്കുകള്‍.
കഴിഞ്ഞ കാലം വ്യക്തിപരമായും പ്രൊഫഷണലായും തനിക്കേറെ വിലപ്പെട്ടതായിരുന്നു.ഇനിയും കോര്‍ട്ടില്‍ തുടരുവാന്‍ സാധിക്കില്ല. സമയമായിരിക്കുന്നു വിരമിക്കാന്‍. സിംഗപ്പൂരിലെ അവസാന മത്സരത്തോടെ അതുണ്ടാകും – ഹിംഗിസ് സൂചിപ്പിച്ചു.
ദീര്‍ഘമായ കരിയറില്‍ ഹിംഗിസ് ഇത് മൂന്നാം തവണയാണ് വിരമിക്കുന്നത്. ആദ്യ വിരമിക്കല്‍ 2003 ല്‍ ഇരുപത്തിരണ്ടാം വയസില്‍. വിട്ടൊഴിയാത്ത പരുക്കായിരുന്നു ഹിംഗിസിനെ റാക്കറ്റ് താഴെ വെക്കാന്‍ പ്രേരിപ്പിച്ചത്. അതിനുള്ളില്‍ അഞ്ച് സിംഗിള്‍സ് കിരീടങ്ങളും ഹിംഗിസ് നേടിക്കഴിഞ്ഞിരുന്നു. മൂന്ന് ആസ്‌ത്രേലിയന്‍ ഓപണും വിംബിള്‍ഡണ്‍, യു എസ് ഓപണ്‍ കിരീടങ്ങളുമാണ് നേടിയത്. 2006ല്‍ ടെന്നീസിലേക്ക് തിരിച്ചുവരവ്. സിംഗിള്‍സില്‍ തികഞ്ഞ പരാജയമായ ഹിംഗിസ് ഡബിള്‍സില്‍ ശ്രദ്ധയൂന്നി. പക്ഷേ, ഉത്തേജക പരിശോധനയില്‍ പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് ആ വര്‍ഷം തന്നെ വീണ്ടും വിരമിച്ചു. എന്നാല്‍, 2013 ല്‍ ഹിംഗിസ് വീണ്ടും തിരിച്ചെത്തി. കരിയറിലെ സുവര്‍ണകാലം തുടങ്ങുകയായിരുന്നു. നാല് ഡബിള്‍സ് ഗ്രാന്‍സ്ലാമുകളും ആറ് മിക്‌സഡ് ഗ്രാന്‍സ്ലാമുകളും 2015-17 കാലയളവില്‍ ഹിംഗിസ് സ്വന്തമാക്കി. ഇതില്‍ ഇന്ത്യന്‍ താരം സാനിയ മിര്‍സക്കൊപ്പവും ഹിംഗിസ് ഗ്രാന്‍സ്ലാം ജയങ്ങള്‍ സ്വന്തമാക്കി.
25 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയ ഹിംഗിസ് 1994 ഡബ്ല്യു ടി എ ടൂറോടെയാണ് പ്രൊഫഷണല്‍ ടെന്നീസില്‍ അരങ്ങേറിയത്. അഞ്ച് സിംഗിള്‍സ് ഗ്രാന്‍സ്ലാമുകളും ഏഴ് മിക്‌സഡ് ഡബിള്‍സ് ഗ്രാന്‍സ്ലാമുകളും പതിമൂന്ന് ഡബിള്‍സ് ഗ്രാന്‍സ്ലാമുകളും ഹിംഗിസ് സ്വന്തമാക്കി.