Kerala
ജെയ്റ്റിലുടെ പാക്കേജ് ജിമിക്കി കമ്മല്‍ പാട്ടുപോലെ; താളം പിടിക്കാം, ആരവവും ഉണ്ടാക്കാം, വലിയ അര്‍ഥമൊന്നുമില്ല: തോമസ് ഐസക്

തിരുവനന്തപുരം: സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ച പാക്കേജ് ജിമിക്കി കമ്മല്‍ പാട്ടുപോലെയാണെന്ന് ധനമന്ത്രി തോമസ് ഐസക്. പാക്കേജ് ജിമിക്കി കമ്മല്‍ പാട്ടാണ്. താളവും പിടിക്കാം ആരവവും ഉണ്ടാക്കാം. പക്ഷേ വലിയ അര്‍ത്ഥമൊന്നും ഇല്ല. സകല പത്രങ്ങളുടെയും തലക്കെട്ടാണ് സമ്പദ്ഘടനയ്ക്കുള്ള ഉത്തേജക പാക്കേജ്. പക്ഷെ അഴിച്ചു നോക്കുമ്പോള്‍ ഉള്ളി പോലെയാണെന്നും തോമസ് ഐസക് പറയുന്നു.
മാന്ദ്യം അകറ്റാനാണെങ്കില്‍ ആദ്യം ചെയ്യേണ്ടത് തൊഴിലുറപ്പ് പദ്ധതിയുടെ അടങ്കല്‍ ഇരട്ടിയാക്കുകയാണ്. നോട്ട് നിരോധനവും ജിഎസ്ടി.യുംമൂലം വലയുന്ന അസംഘടിത മേഖലയിലെ പണിയെടുക്കുന്നവരുടെ കൈയില്‍ ഇതുവഴി പണം എത്തിച്ചേരും. സമ്പദ്ഘടനയിലെ ഡിമാന്റ് ഉയരും. പക്ഷെ ബജറ്റ് കമ്മി കൂടും. ഇതിന് ജെയ്റ്റ്‌ലി തയ്യാറല്ല. അതുകൊണ്ടാണ് ബജറ്റിന് പുറത്തുള്ള റോഡ് നിര്‍മാണവും ബോണ്ടും ഓഹരി വില്‍പ്പനയുമായെല്ലാം ഇറങ്ങിയിട്ടുള്ളതെന്ന് ഐസക് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
അരുണ്‍ ജെയ്റ്റ്‌ലിയുടെ പാക്കേജ് ജിമിക്കി കമ്മല്‍ പാട്ടാണ്. താളവും പിടിക്കാം ആരവവും ഉണ്ടാക്കാം. പക്ഷേ വലിയ അര്‍ത്ഥമൊന്നും ഇല്ല. സകല പത്രങ്ങളുടെയും തലക്കെട്ടാണ് സമ്പദ്ഘടനയ്ക്കുള്ള ഉത്തേജക പാക്കേജ്. പക്ഷെ അഴിച്ചു നോക്കുമ്പോള്‍ ഉള്ളി പോലെ. ബാങ്കുകള്‍ക്കുള്ള 2.1 ലക്ഷം കോടി രൂപയുടെ സഹായം നോക്കൂ. 18,139 കോടി രൂപയേ ബജറ്റില്‍ നിന്നും ഉള്ളൂ. 57,861 കോടി രൂപ പൊതുമേഖലാ ബാങ്കുകള്‍ സ്വയം ഷെയര്‍ വിറ്റ് (അതായത് സ്വയം സ്വകാര്യവത്കരിച്ച്) കണ്ടെത്തണം. 1.35 ലക്ഷം കോടി രൂപ ബോണ്ട് വഴി സമാഹരിച്ച് നല്‍കും. അവസാനം പറഞ്ഞതിന്റെ വിശദാംശങ്ങളൊന്നും ലഭ്യമല്ല. ഇപ്പോള്‍ മനസിലാകുന്നത് കേന്ദ്രസര്‍ക്കാര്‍ ബോണ്ട് ഇറക്കും പൊതുമേഖലാ ബാങ്കുകള്‍ തന്നെ ബോണ്ടുകള്‍ വാങ്ങണം. ഈ തുക ബാങ്കുകളുടെ ഓഹരിമൂലധനമായി അവര്‍ക്ക് തിരിച്ചു നല്‍കും. വലതുകൈ കൊണ്ട് ബാങ്കില്‍ നിന്ന് വാങ്ങി ഇടതുകൈ കൊണ്ട് തിരിച്ചു നല്‍കുന്ന പരിപാടിയാണിത്. ഇതിനെ ഇംഗ്ലീഷില്‍ വിളിക്കുക Window Dressing എന്നാണ്. ഈ പൊടികൈകള്‍ എല്ലാം ഉണ്ടായിട്ടും ഔപചാരികമായി ബാങ്കുകള്‍ക്ക് ആവശ്യമുള്ള ഓഹരി മൂലധനത്തിന്റെ പകുതിയേ വരൂ 2.1 ലക്ഷം കോടി രൂപ.
അത്രയ്ക്ക് ഭീമമായ തുകയാണ് ഇന്ത്യയിലെ കോര്‍പ്പറേറ്റുകള്‍ ബാങ്കുകളെ കൊള്ളയടിച്ചു കൊണ്ടുപോയത്. രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് ലക്കും ലഗാനുമില്ലാതെ ഭീമന്‍ പശ്ചാത്തലസൗകര്യ പ്രോജക്ടുകള്‍ക്കുവേണ്ടി ബാങ്കുകളില്‍ നിന്നും വായ്പ കൊടുക്കാന്‍ തുടങ്ങിയത്. വായ്പയെടുക്കുന്ന മുതലാളിമാര്‍ സ്വന്തം മുതല്‍ മുടക്കും നടത്തുമെന്ന് ഉറപ്പു നല്‍കിയാണ് വായ്പയെടുക്കുക. പക്ഷെ സ്വന്തം പണമൊന്നും അവര്‍ മുടക്കാറില്ല. പ്രോജക്ടിന്റെ വലുപ്പം ഊതിവീര്‍പ്പിച്ച് വായ്പ തരപ്പെടുത്തും. മിച്ചംവരുന്ന പണം വിദേശ ബാങ്കുകള്‍ വഴി റൂട്ട് ചെയ്ത് സ്വന്തം പേരില്‍ മുതല്‍മുടക്കും. പദ്ധതി പൊളിയുമ്പോള്‍ ബാങ്കിനല്ലാതെ 10 പൈസ മുതലാളിയ്ക്ക് നഷ്ടം വരില്ല. ഇതായിരുന്നു കോര്‍പ്പറേറ്റുകളുടെ കള്ളക്കളി. ഒരൊറ്റ മുതലാളിപോലും ഇതുവരെ ഈ തട്ടിപ്പിന്റെ പേരില്‍ പ്രതിക്കൂട്ടിലായിട്ടില്ല. അവരുടെ പേരുപോലും വെളിപ്പെടുത്തുന്നില്ല. ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി 11.5 ലക്ഷം കോടി രൂപ വരും. ഇതിനു പരിഹാരത്തുകയായി തതുല്യമായ പണം ഓഹരിമൂലധനത്തില്‍ നിന്നും നീക്കിവച്ചേപറ്റൂ. ഇത്തരത്തില്‍ മൂലധനം നഷ്ടപ്പെട്ട ബാങ്കുകളെ രക്ഷിക്കുന്നതിന് റീക്യാപിറ്റലൈസേഷന്‍ കൂടിയേതീരൂ. ഇതിനു കൊടുക്കാന്‍ ബജറ്റില്‍ പണം ഇല്ല. പകരം മുഖം മിനുക്കല്‍ പണികള്‍ കൊണ്ട് രക്ഷപെടാമെന്നാണ് ജെയ്റ്റ്‌ലി കരുതുന്നത്.
5.3 ലക്ഷം കോടി രൂപ ഭാരതമാല പരിയോജന വഴി മുടക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ബജറ്റില്‍ നിന്നല്ല എന്നുമാത്രം. എങ്കിലും നല്ല കാര്യം. പക്ഷെ ഇത്രയധികം എഴുതി പിടിപ്പിക്കാനില്ല. നാഷണല്‍ ഹൈവേയ്‌സ് ഡെവലപ്പ്‌മെന്റ് പ്രോഗ്രാമിന് പുതിയ പേരിട്ട് അവതരിപ്പിക്കുകയാണ്. മാസങ്ങള്‍ക്കു മുമ്പ് ഗതാഗത വകുപ്പ് ഇത് പ്രസ്താവിക്കുകയും മാധ്യമങ്ങള്‍ ഒരുവട്ടം ആഘോഷിക്കുകയും ചെയ്തതാണ്. ഇതുതന്നെ വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ്. മൂന്നുവര്‍ഷം കൊണ്ട് പണിയുമെന്നാണ് വെയ്പ്പ്. കഴിഞ്ഞ വര്‍ഷം 15,000 കിലോമീറ്റര്‍ റോഡ് പണിയുമെന്ന് പറഞ്ഞിട്ട് തീര്‍ത്തത് 5,200 കിലോമീറ്റര്‍ മാത്രം. ഈ വേഗതയില്‍ റോഡ് നിര്‍മ്മാണം നടത്തി മാന്ദ്യം അകറ്റാമെന്നുള്ള ആശ ദിവാസ്വപ്നം മാത്രം.
ഇതിനൊന്നും ഞങ്ങള്‍ എതിരല്ല. പക്ഷെ മാന്ദ്യം അകറ്റാനാണെങ്കില്‍ ആദ്യം ചെയ്യേണ്ടത് തൊഴിലുറപ്പ് പദ്ധതിയുടെ അടങ്കല്‍ ഇരട്ടിയാക്കുകയാണ്. നോട്ട് നിരോധനവും ജി.എസ്.ടി.യുംമൂലം വലയുന്ന അസംഘടിത മേഖലയിലെ പണിയെടുക്കുന്നവരുടെ കൈയില്‍ ഇതുവഴി പണം എത്തിച്ചേരും. സമ്പദ്ഘടനയിലെ ഡിമാന്റ് ഉയരും. പക്ഷെ ബജറ്റ് കമ്മി കൂടും. ഇതിന് ജെയ്റ്റ്‌ലി തയ്യാറല്ല. അതുകൊണ്ടാണ് ബജറ്റിന് പുറത്തുള്ള റോഡ് നിര്‍മ്മാണവും ബോണ്ടും ഓഹരി വില്‍പ്പനയുമായെല്ലാം ഇറങ്ങിയിട്ടുള്ളത്. പിന്നെ ഒരു കാര്യവും കൂടി. കുടിശിക വരുത്തിയ കോര്‍പ്പറേറ്റുകള്‍ക്ക് ഇത്രയധികം ഇളവ് നല്‍കുമ്പോള്‍ കടംമൂലം ആത്മഹത്യ ചെയ്യുന്ന കൃഷിക്കാരുടെകാര്യം എന്തുകൊണ്ട് ജെയ്റ്റ്‌ലി മറന്നുപോകുന്നു?