ഇസില്‍ ബന്ധം: രണ്ട് പേര്‍കൂടി അറസ്റ്റില്‍

Posted on: October 26, 2017 10:15 am | Last updated: October 26, 2017 at 2:12 pm

കണ്ണൂര്‍: ഇസില്‍ ബന്ധമുള്ള രണ്ട് പേര്‍ കൂടി കണ്ണൂരില്‍ അറസ്റ്റിലായി. തലശ്ശേരി സ്വദേശികളായ ഹംസ, മനാഫ് എന്നിവരാണ് പിടിയിലായത്. ഇരുവരും ഇസിലിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നും കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നായിരുന്നു റിക്രൂട്ട്‌മെന്റ് എന്നും പോലീസ് പറയുന്നു.

ഇന്നലെ മൂന്ന് പേര്‍ അറസ്റ്റിലായിരുന്നു. മുണ്ടേരി കൈപക്കൈ ബൈത്തുല്‍ ഫര്‍സാനയില്‍ കെ സി മിദ്‌ലാജ് (26), മയ്യില്‍ ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പില്‍ കെ വി അബ്ദുര്‍റസാഖ് (24), മുണ്ടേരി പടന്നോട്ട്‌മെട്ട എം വി ഹൗസില്‍ എം വി റാശിദ് (23) എന്നിവരെയാണ് കണ്ണൂര്‍ ഡി വൈ എസ് പി. പി പി സദാനന്ദനും സംഘവും അറസ്റ്റ് ചെയ്തത്. ഇസ്താംബൂളില്‍ പരിശീലനം നേടിയശേഷം സിറിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ തുര്‍ക്കിയില്‍ മൂവരെയും പോലീസ് തടഞ്ഞ് നാട്ടിലേക്ക് അയക്കുകയായിരുന്നു. കഴിഞ്ഞ നാല് മാസമായി ഇവര്‍ ഇവിടെ നിരീക്ഷണത്തിലായിരുന്നുവെന്നും ഡി വൈ എസ് പി പറഞ്ഞു.

യു എ പി എ സെക്ഷന്‍ 38, 39 പ്രകാരം കുറ്റം ചുമത്തിയ പ്രതികളെ തലശ്ശേരി സെഷന്‍സ് കോടതിയില്‍ ഹാജറാക്കി റിമാന്‍ഡ് ചെയ്തു. പ്രതികള്‍ നേരത്തെ പോപുലര്‍ ഫ്രണ്ടില്‍ പ്രവര്‍ത്തിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി.
ഇക്കഴിഞ്ഞ ജൂലൈയില്‍ തുര്‍ക്കിയില്‍ നിന്ന് നാടുകടത്തപ്പെട്ട ശേഷം ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയിലായ കണ്ണൂര്‍ കാഞ്ഞിരോട് സ്വദേശി ഷാജഹാ(32)ന്റെ സുഹൃത്തുക്കളാണ് ഇവര്‍.