ജുനൈദ് വധക്കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദം

Posted on: October 26, 2017 9:13 am | Last updated: October 26, 2017 at 10:16 am

ന്യൂഡല്‍ഹി: ബീഫ് കൈവശമുണ്ടെന്ന് ആരോപിച്ച് ട്രെയിന്‍ യാത്രക്കിടെ സംഘ്പരിവാര്‍ അനുകൂലികള്‍ കൊലപ്പെടുത്തിയ 16 വയസ്സുകാരന്‍ ജുനൈദിന്റെ കൊലപാതക കേസ് പിന്‍വലിക്കാന്‍ കുടുംബത്തിനുമേല്‍ സമ്മര്‍ദം. കുറ്റവാളികളുമായി ബന്ധം പുലര്‍ത്തുന്ന ഗ്രാമവാസികള്‍ ഉള്‍പ്പെടെയുള്ളവരാണ് പ്രദേശത്ത് സമാധാനം നിലനിര്‍ത്തുന്നതിന് വേണ്ടി കേസ് പിന്‍വലിച്ച് ഒത്തുതീര്‍പ്പിലെത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രദേശത്തെ മഹാപഞ്ചായത്തുകളിലെ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ജുനൈദിന്റെ അടുത്ത ബന്ധുക്കളുമായി സംസാരിച്ച് കേസില്‍ ഒത്തുതീര്‍പ്പിലെത്തണമെന്ന് ആവശ്യപ്പെട്ടതായി ജുനൈദിന്റെ ബന്ധുക്കള്‍ വെളിപ്പെടുത്തി. മഹാപഞ്ചായത്തുകളുടെ സര്‍പഞ്ചുമാര്‍ (തലവന്‍) ഗ്രാമത്തിലെ സ്വാധീനമുള്ള വ്യക്തികളെ കൂട്ടുപിടിച്ചാണ് ജുനൈദിന്റെ പിതാവ് ഉള്‍പ്പെടെയുള്ള ബന്ധുക്കളുമായി സംസാരിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.

ജുനൈദിന്റെ കൊലപാതകത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തിയ സമ്മേളനത്തിന് പിന്നാലെ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മഹാപഞ്ചായത്തിന്റെ അധ്യക്ഷന്‍ ഉള്‍പ്പെടെ പ്രമുഖ വ്യക്തികള്‍ തങ്ങളെ വന്നു കണ്ടിരുന്നതായി ജുനൈദിന്റെ മൂത്തസഹോദരനും കേസിലെ പ്രധാന സാക്ഷിയുമായ ഹാശിം പറഞ്ഞു. കേസില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ഒത്തുതീര്‍പ്പാക്കുന്നതാണ് തൊട്ടടുത്ത ഗ്രാമങ്ങളുമായുള്ള സമാധാനം നിലനിര്‍ത്തുന്നതിന് നല്ലതെന്നും അവര്‍ പറഞ്ഞതായി അദ്ദേഹം പറഞ്ഞു.
എന്നാല്‍ കേസില്‍ ഒരുവിധത്തിലുള്ള ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും ഹാശിം വ്യക്തമാക്കി. നീതി ലഭിക്കുന്നത് വരെ പോരാടും. കോടതിയുടെ തീരുമാനം അംഗീകരിക്കുമെന്നും ഹാശിം കൂട്ടിച്ചേര്‍ത്തു.
ജുനൈദ് കൊല്ലപ്പെട്ടതിന് പിന്നാലെ പ്രദേശത്തെ രണ്ട് മഹാപഞ്ചായത്തുകള്‍ ജുനൈദിന്റെ കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമ്മേളനങ്ങള്‍ നടത്തിയിരുന്നു.
കഴിഞ്ഞ റമസാന്‍ പെരുന്നാളിന്റെ തലേദിവസമാണ് ഡല്‍ഹിയിലെ മാര്‍ക്കറ്റില്‍ നിന്ന് വസ്ത്രങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്ന ഹരിയാനയിലെ ഫരീദാബാദ് സ്വദേശികളായ ജുനൈദിനെയും സഹോദരന്‍ ഹാശിമിനെയും മറ്റു രണ്ട് സുഹൃത്തുക്കളെയും ബീഫ് കൈവശമുണ്ടെന്നാരോപിച്ച് സഹയാത്രക്കാര്‍ ആക്രമിച്ചത്. അക്രമത്തില്‍ ജുനൈദ് കൊല്ലപ്പെടുകയും സഹോദരന്‍ ഹാശിമിന് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും സീറ്റ് തര്‍ക്കത്തെ തുടര്‍ന്നാണ് അക്രമം അരങ്ങേറിയതെന്നായിരുന്നു പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.