Connect with us

Sports

അണ്ടര്‍ 17 ലോകകപ്പ്; ഇന്നറിയാം ഫൈനലിസ്റ്റുകളെ

Published

|

Last Updated

അണ്ടര്‍ 17 മത്സരങ്ങള്‍ നിയന്ത്രിക്കുന്ന റഫറിമാര്‍ പരിശീലന സെഷനില്‍ ആവേശം പ്രകടിപ്പിക്കുന്നു

കൊല്‍ക്കത്ത: ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫൈനലിസ്റ്റുകളെ ഇന്നറിയാം. വൈകീട്ട് നടക്കുന്ന ആദ്യ സെമിയില്‍ ബ്രസീലും ഇംഗ്ലണ്ടും കൊമ്പുകോര്‍ക്കുമ്പോള്‍ രാത്രി എട്ടിന് നടക്കുന്ന രണ്ടാം സെമിയില്‍ മാലിയും സ്‌പെയിനും തമ്മിലാണ് പോരാട്ടം.

മഞ്ഞയുടെ പാരമ്പര്യം..

ഫുട്‌ബോളിലെ മഞ്ഞപ്പടക്കൊരു പാരമ്പര്യമുണ്ട്. ലോകം കീഴടക്കാന്‍ അവര്‍ തുനിഞ്ഞിറങ്ങിയാല്‍ പിന്നെ രക്ഷയില്ല. കപ്പും കൊണ്ടേ നാട്ടിലേക്ക് മടങ്ങൂ. ഇന്ത്യയില്‍ കൗമാര ലോകകപ്പിനെത്തിയ ബ്രസീല്‍ ആദ്യ മത്സരം മുതല്‍ക്ക് വ്യക്തമായസൂചന നല്‍കിയിരുന്നു. ക്വാര്‍ട്ടര്‍ വരെ അത് കൃത്യമായി നല്‍കിക്കൊണ്ടിരുന്നു. സെമിയില്‍ ഇംഗ്ലണ്ടിനെതിരെ സംഭാവിക്കാനിരിക്കുന്നത് എന്താണെന്നത് കാത്തിരുന്ന് കാണാം.
മത്സരം കൊല്‍ക്കത്തയിലേക്ക് മാറ്റിയത് ബ്രസീലിന് അനുഗ്രഹമായി. ജര്‍മനിക്കെതിരെ ബ്രസീല്‍ ക്വാര്‍ട്ടര്‍ ജയിച്ചത് കൊല്‍ക്കത്തന്‍ കാണികളുടെ പിന്തുണയോടെയായിരുന്നു. അറുപതിനായിരത്തോളം പേര്‍ ഇരിമ്പിയാര്‍ത്ത സ്റ്റേഡിയം മഞ്ഞപ്പടയെ അക്ഷരാര്‍ഥത്തില്‍ അത്ഭുതപ്പെടുത്തി. മാറക്കാനയില്‍ കളിക്കുന്ന അനുഭവമായിരുന്നു ബ്രസീല്‍ കോച്ച് മത്സരശേഷം അഭിപ്രായപ്പെട്ടിരുന്നു.
കൊല്‍ക്കത്തയില്‍ ബ്രസീലിന് വലിയ തോതില്‍ ആരാധകവൃന്ദമുണ്ട്. 1977 ല്‍ പെലെ ആദ്യമായി കൊല്‍ക്കത്ത സന്ദര്‍ശിച്ചതിന്റെ അലയൊലികള്‍ ഇന്നും അവിടത്തെ അന്തരീക്ഷത്തിലുണ്ട്. അര്‍ജന്റൈന്‍ ഇതിഹാസം ഡിയഗോ മറഡോണയും ലയണല്‍ മെസിയും എത്തിയപ്പോഴും കൊല്‍ക്കത്ത ആവേശത്തിലാറാടിയിരുന്നു.

പ്രീമിയര്‍ ഇംഗ്ലീഷ്…

ഈ ടൂര്‍ണമെന്റില്‍ ബ്രസീലിനേക്കാള്‍ പരീക്ഷണഘട്ടത്തിലൂടെ കടന്ന് പോയത് ഇംഗ്ലണ്ടാണ്. ഗ്രൂപ്പ് റൗണ്ട് അനായാസം കടന്ന ബ്രസീലിന് പ്രീക്വാര്‍ട്ടറിലും എതിരില്ലായിരുന്നു. എന്നാല്‍, ക്വാര്‍ട്ടറില്‍ ജര്‍മനി വിറപ്പിച്ചു.
ഇംഗ്ലണ്ട് കടുത്ത പോരാട്ടങ്ങള്‍ കാഴ്ചവെച്ചാണ് ഇവിടെ എത്തിയത്. എന്നാല്‍, ക്വാര്‍ട്ടര്‍ ഫൈനലില്‍ അമേരിക്കയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്തു വിട്ടത് ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസം വാനോളം ഉയര്‍ത്തി.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കളിക്കുന്ന യുവതാരങ്ങള്‍ ഇംഗ്ലണ്ട് നിരയിലുണ്ട്. ഗ്രൂപ്പ് റൗണ്ടില്‍ സ്റ്റോപ്പില്ലാതെ കുതിച്ച ഇംഗ്ലണ്ടിന് പ്രീക്വാര്‍ട്ടറില്‍ ജപ്പാനെതിരെ വിയര്‍ക്കേണ്ടി വന്നു.
പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. സൂപ്പര്‍ സ്‌ട്രൈക്കര്‍ ജാഡന്‍ സാഞ്ചോ ഗ്രൂപ്പ് റൗണ്ടിന് ശേഷം ക്ലബ്ബ് ഫുട്‌ബോളിലേക്ക് മടങ്ങിയത് ഇംഗ്ലണ്ടിന് ക്ഷീണം ചെയ്തിട്ടുണ്ട്.
ലിവര്‍പൂളിന്റെ യൂത്ത് ടീം താരം റിയാന്‍ ബ്രൂസ്റ്റര്‍, മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഫില്‍ ഫോഡന്‍, ചെല്‍സി താരം കലും ഹഡ്‌സന്‍ എന്നിവര്‍ ഇംഗ്ലണ്ടിന്റെ തുറുപ്പ് ചീട്ടുകളാണ്. നാല് ഗോളുകള്‍ നേടിയ ബ്രൂസ്റ്റര്‍ ടോപ് സ്‌കോറര്‍ പദവിക്കായി രംഗത്തുണ്ട്. ജര്‍മനിയുടെ യാന്‍ ഫീറ്റെ അര്‍പ്, മാലിയുടെ ലസാന എന്‍ദിയെ, ഫ്രാന്‍സിന്റെ അമിനെ ഗൗരെ എന്നിവര്‍ അഞ്ച് ഗോളുകള്‍ നേടി മുന്നിലുണ്ട്.
ടൂര്‍ണമെന്റില്‍ ഇതുവരെ ഇംഗ്ലണ്ട് വഴങ്ങിയത് മൂന്ന് ഗോളുകള്‍ മാത്രം. എന്നാല്‍, പൗളിഞ്ഞോയും ലിസോളിനും അലനും ബ്രെന്നറും അണിനിരക്കുന്ന ബ്രസീല്‍ നിരക്ക് മുന്നില്‍ എത്തുമ്പോള്‍ ഗോളിന്റെ കണക്ക് പെരുകുമോ എന്ന് മാത്രമാണ് ഇനി അറിയേണ്ടത്.

മാറ്റം ഒരു വിഷയമല്ല…

അവസാന നിമിഷം ഗുവാഹത്തിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് വേദി മാറ്റിയത് ഒരുക്കങ്ങളെ ബാധിച്ചിട്ടില്ലെന്ന് ഇംഗ്ലണ്ട് ടീം. ഗുവാഹത്തിയിലെ ഗ്രൗണ്ട് മഴയില്‍ കുതിര്‍ന്നതോടെയാണ് കൊല്‍ക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരംഗന്‍ സ്‌റ്റേഡിയത്തിലേക്ക് മത്സരം മാറ്റി നിശ്ചയിച്ചത്.
അവസാന നിമിഷം ഗുവാഹത്തിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കുള്ള യാത്ര ടീമിനെ ബാധിച്ചിട്ടില്ല. കളിക്കാര്‍ നല്ലവണ്ണം വിശ്രമിച്ചു. ഗ്രൗണ്ടിലിറങ്ങാന്‍ തയ്യാറായിക്കഴിഞ്ഞു – ഇംഗ്ലണ്ട് ടീം ഒഫിഷ്യല്‍ പറഞ്ഞു.
ഗുവാഹത്തിയിലാണ് ഇംഗ്ലണ്ട് ടീം പരിശീലനം നടത്തിയത്. ചൊവ്വ അര്‍ധരാത്രിയോടെ കൊല്‍ക്കത്തയിലെത്തുകയായിരുന്നു.
മൂന്ന് തവണ ചാമ്പ്യന്‍മാരായ ബ്രസീലും കന്നിക്കിരീടം തേടുന്ന ഇംഗ്ലണ്ടും ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ ഫോമിലാണ്.
അണ്ടര്‍ 17 ലോകകപ്പില്‍ രണ്ട് തവണ ബ്രസീല്‍-ഇംഗ്ലണ്ട് പോരാട്ടം നടന്നിട്ടുണ്ട്. 2007 ല്‍ ദക്ഷിണകൊറിയയില്‍ ഇംഗ്ലണ്ട് 2-1ന് ജയിച്ചപ്പോള്‍ 2015 ചിലിയില്‍ ബ്രസീല്‍ 1-0ന് ജയിച്ച് മറുപടി കൊടുത്തു.

ഗോള്‍ വഴങ്ങാതെ സ്‌പെയിന്‍..

നവി മുംബൈ: ആഫ്രിക്കയുടെ വന്യമായ കരുത്ത് മാലി താരങ്ങളില്‍ ദര്‍ശിക്കാം.
യൂറോപ്പിന്റെ സാങ്കേതിക തികവ് സ്പാനിഷ് താരങ്ങളിലും. ഇന്ന് മാലി-സ്‌പെയിന്‍ പോരാട്ടം ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച മത്സരമാകുമെന്നതില്‍ തര്‍ക്കമില്ല.
സാന്റി ഡെനിയ പരിശീലിപ്പിക്കുന്ന സ്‌പെയിന്‍ തിരിച്ചടികളില്‍ നിന്ന് ഉയിര്‍ത്തെണീല്‍ക്കുകയായിരുന്നു.
ഗ്രൂപ്പ് റൗണ്ടില്‍ ബ്രസീലിനോടേറ്റ തോല്‍വിയാണ് സ്‌പെയ്‌നിനെ മാറ്റി മറിച്ചതെന്ന് കോച്ച് ഡെനിയ തുറന്ന് സമ്മതിക്കുന്നു.
മാലി കോച്ച് ജൊനസ് കോല എതിരാളിയെ ബഹുമാനിക്കുന്നു. സ്‌പെയിന്‍ വലിയ ടീമാണ്, അവരെ നിസാരരായി കാണുന്നില്ല.
ടൂര്‍ണമെന്റില്‍ മുംബൈയില്‍ കളിച്ചതിന്റെ പരിചയത്തിലാണ് മാലി. ഗ്രൗണ്ട് പരിചയം ഗുണം ചെയ്യുമെന്ന് മാലി കോച്ച് നിരീക്ഷിക്കുന്നു.

Latest