രാജ്യാന്തര യാത്രാ കപ്പലുകളെ സ്വീകരിക്കാനൊരുങ്ങി ദുബൈ ക്രൂയിസ് ടെര്‍മിനല്‍

Posted on: October 24, 2017 7:25 pm | Last updated: October 24, 2017 at 7:25 pm

ദുബൈ: രാജ്യാന്തര യാത്രാ കപ്പല്‍ സഞ്ചാര മേഖലയില്‍ വ്യതിരിക്തമായ കയ്യൊപ്പ് ചാര്‍ത്താനൊരുങ്ങി ദുബൈ. ഈ വര്‍ഷത്തെ ക്രൂയിസ് ടൂറിസം സീസണ്‍ ആരംഭിക്കുന്നതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 115 അത്യാഢംബര കപ്പലുകള്‍ ദുബൈയുടെ തീരത്തണയുമെന്ന് അധികൃതര്‍ അറിയിച്ചു. 22 രാജ്യാന്തര യാത്രാ കപ്പല്‍ കമ്പനികളുടെ യാനങ്ങളാണ് ദുബൈ പോര്‍ട് റാശിദിലെ ക്രൂയിസ് ടെര്‍മിനലിലെ ഓളപ്പരപ്പിനെ മുത്തമിടുക. ലോകത്തെ അഞ്ച് അത്യാധുനിക ആഡംബര പോര്‍ട്ടുകളിലൊന്നായ ദുബൈ ക്രൂയിസ് ടെര്‍മിനല്‍ പ്രതിവര്‍ഷം 650,000 യാത്രക്കാരെ സ്വീകരിക്കാന്‍ സൗകര്യമുള്ളതാണ്. ലോകത്തെ അറിയപ്പെടുന്ന അത്യാഢംബര യാത്രാ കപ്പലായ സീബോണ്‍ എന്‍കോറാണ് ഈ സീസണില്‍ ആദ്യമെത്തുക.

ക്രൂയിസ് ടൂറിസം മേഖലയില്‍ ലോകത്തെ മികച്ച നഗരമായി ദുബൈയെ പരിവര്‍ത്തിപ്പിച്ചെടുക്കുന്നതിന് രാജ്യാന്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളും ലോജിസ്റ്റിക് സംവിധാനങ്ങളുമാണ് ഹംദാന്‍ ബിന്‍ മുഹമ്മദ് ക്രൂയിസ് ടെര്‍മിനലില്‍ ഒരുക്കിയിട്ടുള്ളത്. യാത്രകപ്പല്‍ ഗതാഗത മേഖലയില്‍ ലോകത്തെ ഏറ്റവും വലിയ ടെര്‍മിനലായി മാറുന്ന ടി മൂന്നിന് പ്രതിദിനം 18,000 യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ പാകത്തിലുള്ളതാണെന്ന് ഡി പി വേള്‍ഡ് സി ഇ ഒയും ഗ്രൂപ്പ് ചെയര്‍മാനുമായ സുല്‍ത്താന്‍ അഹ്മദ് ബിന്‍ സുലൈം പറഞ്ഞു. അന്താരാഷ്ട്ര ക്രൂയിസ് യാത്രക്കാര്‍ക്കായി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ചു നടപടികള്‍ എളുപ്പവും ആയാസ രഹിതവുമാക്കിയിട്ടുണ്ട്. ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് വിസാ നടപടികള്‍ ലഘൂകരിച്ച് മള്‍ടി എന്‍ട്രി വിസ സമ്പ്രദായവും ക്രൂയിസ് വിനോദ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. യു എ ഇയുടെ തുറമുഖങ്ങളില്‍ ആഡംബര കപ്പലുകള്‍ക്ക് വലിയ സ്വീകരണമാണ് അധികൃതര്‍ നല്‍കാറുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പാക്കേജിന്റെ ഭാഗമായി കപ്പലുകള്‍ യു എ ഇയിലെത്താറുണ്ട്. യുറോപ്പില്‍ നിന്നാണ് കൂടുതലും കപ്പലുകള്‍ എത്തുന്നത്. ജി സി സിയിലെ മറ്റിടങ്ങളിലേക്ക് ദുബൈ വഴിയാണ് യാത്രപോകുന്നത്. കൊച്ചിയിലേക്കുപോകുന്ന കപ്പലുകളും ഇവയില്‍ ഉള്‍പ്പെടും.