ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷിക്കണമെന്ന് സ്‌കൂളുകള്‍ക്ക് സര്‍ക്കുലര്‍

Posted on: October 24, 2017 6:55 pm | Last updated: October 25, 2017 at 9:23 am

തിരുവനന്തപുരം: ജനസംഘം സ്ഥാപക നേതാവും ആര്‍എസ്എസ് താത്വികാചാര്യനുമായിരുന്ന ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷിക്കാന്‍ സ്‌കൂളുകള്‍ക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍. ദീന്‍ ദയാലിന്റെ ജീവിതം ആസ്പദമാക്കി രചനാമല്‍സരങ്ങള്‍ നടത്തണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്.

സംഭവം വിവാദമായതോടെ കോഴിക്കോട് ഡിഡിഇ ഓഫീസിലേക്ക് കെഎസ് യു പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 25നു കോഴിക്കോട് ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തചിലാണ് ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്‍മശതാബ്ദി ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചത്. ഇതിനു പിന്നാലെയാണ് ജന്മശതാബ്ദി ആഘോഷിക്കണമെന്ന നിര്‍ദ്ദേശം കേന്ദ്രം നല്‍കിയത്.

ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്‍മശതാബ്ദി ആഘോഷിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പല നടപടികളും അടുത്തിടെ സ്വീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജീവിതവും പ്രവര്‍ത്തനവും വിദ്യാര്‍ഥികള്‍ക്കു പരിചയപ്പെടുത്തുന്നതിനായി പ്രത്യേക ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ വകുപ്പുകള്‍ക്കു നിര്‍ദ്ദേശം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിപിഐ പ്രത്യേക ഉത്തരവു പുറപ്പെടുവിച്ചത്. ഇതുമായി ബന്ധപ്പെട്ടു പുറപ്പെടുവിച്ച സര്‍ക്കുലര്‍ സംസ്ഥാനത്തെ എല്ലാ പ്രധാനാധ്യാപകര്‍ക്കും കൈമാറിയിട്ടുണ്ട്.

കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തില്‍നിന്നു ലഭിച്ച പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഡിപിഐ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. വിദ്യാഭ്യാസ മന്ത്രിയെയും ഇക്കാര്യം അറിയിച്ചിരുന്നു. അതിനുശേഷമാണ് ഇതുമായി ബന്ധപ്പെട്ട് സര്‍ക്കുലര്‍ പുറപ്പടുവിച്ചതെന്നാണ് ഡിപിഐ നല്‍കുന്ന വിശദീകരണം.

അതേസമയം, വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് എഴുത്തുകാരന്‍ എം.എന്‍. കാരശേരി പ്രതികരിച്ചു. ഇന്ത്യന്‍ ചരിത്രത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവു മാത്രമായിരുന്ന ആളാണ് ദീന്‍ ദയാല്‍ ഉപാധ്യായയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.