രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

Posted on: October 24, 2017 12:30 am | Last updated: October 24, 2017 at 12:01 am

കൊച്ചി: സ്വമേധയാ ഇസ്‌ലാം സ്വീകരിച്ചതിന് പിന്നാലെ കോടതി ഉത്തരവിനെ തുടര്‍ന്ന് വീട്ടുതടങ്കലിലാക്കിയ വൈക്കം സ്വദേശിനി ഹാദിയയുടെ വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് ഹൈക്കേടതി തടഞ്ഞു. രാഹുല്‍ ഈശ്വര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച് സിംഗിള്‍ ബഞ്ചിന്റെതാണ് നിര്‍ദേശം. ഈ മാസം 26 വരെ രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. വീട്ടുതടങ്കലില്‍ ദുരിതമനുഭവിക്കുന്ന ഹാദിയയുടെ നിലവിലെ അവസ്ഥയും വസ്തുതകളും, ഹാദിയയുടെയും അമ്മയുടെയും ദൃശ്യങ്ങള്‍ അനുമതിയില്ലാതെ ഫേസ്ബുക്കില്‍ പ്രദര്‍ശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതി രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്യുന്നത് വ്യാഴാഴ്ച വരെ തടഞ്ഞിരിക്കുന്നത്.

ഹാദിയയുടെയും അമ്മയുടെയും ദൃശ്യങ്ങള്‍ അനുമതിയില്ലാതെ ചിത്രീകരിച്ച് പുറത്തുവിട്ടുവെന്നാണ് ഹാദിയയുടെ പിതാവ് അശോകന്‍ രാഹുല്‍ ഈശ്വറിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നത്. വൈക്കം പോലീസ് സ്റ്റേഷനില്‍ ഹാദിയയുടെ പിതാവ് നല്‍കിയ പരാതിയില്‍ ഐ ടി നിയമം അനുസരിച്ചുള്ള വിശ്വാസ വഞ്ചനാക്കുറ്റമാണ് പോലീസ് ചുമത്തിയിരിക്കുന്നത്. അതേസമയം കേസ് നിലനില്‍ക്കുമോ എന്ന ചോദ്യവും ഹൈക്കോടതി ഹരജി പരിഗണിക്കവേ ഉന്നയിച്ചു.
ഹൈക്കോടതി വിധിയെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് മാസമായി സ്വന്തം വീട്ടില്‍ പോലീസ് കാവലിലാണ് ഹാദിയ കഴിയുന്നത്. ഹാദിയക്ക് മൊബൈല്‍ നല്‍കരുതെന്നും പൊതുജനങ്ങളുമായി സമ്പര്‍ക്കം അനുവദിക്കരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതിയുടെ ഈ നിര്‍ദേശങ്ങളെല്ലാം ലംഘിച്ചാണ് രാഹുല്‍ ഈശ്വര്‍ ഹാദിയയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതെന്നാണ് പിതാവ് അശോകന്റെ വാദം. മാത്രമല്ല, രാഹുല്‍ ഈശ്വര്‍ ഹാദിയയുടെ വീട്ടില്‍ പ്രവേശിച്ചത് തന്നെ കോടതി വിധികളുടെ ലംഘനമാണെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.