Connect with us

Editorial

അഴിമതിക്കാര്‍ക്ക് വേണ്ടി പരസ്യമായി

Published

|

Last Updated

അഴിമതിക്കാര്‍ക്ക് വേണ്ടി പിന്‍വാതില്‍ കളികള്‍ രാഷ്ട്രീയത്തില്‍ സര്‍വ സാധാരണമാണ്. എങ്കിലും അവര്‍ക്ക് നിയമ സംരക്ഷണം നല്‍കാന്‍ പരസ്യമായി ആരും രംഗത്ത് വരാറില്ല. എന്നാല്‍ അതിനും തൊലിക്കട്ടി കാണിച്ചിരിക്കുകയാണ് രാജസ്ഥാനിലെ വസുന്ധര രാജയുടെ ബി ജെ പി സര്‍ക്കാര്‍. അഴിമതിക്കേസുകളില്‍ കുറ്റാരോപിതരാകുന്ന എം എല്‍ എമാര്‍, പൊതുപ്രവര്‍ത്തകര്‍, ജഡ്ജിമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തണമെങ്കില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന പ്രത്യേകസമിതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും അഴിമതിയുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെടുന്ന പൊതുതാത്പര്യ ഹരജികള്‍ സര്‍ക്കാറില്‍ നിന്നുള്ള അനുമതി കൂടാതെ കോടതികള്‍ സ്വീകരിക്കരുതെന്നുമാണ് ഓര്‍ഡിനന്‍സിലെ പ്രധാന വ്യവസ്ഥ. അന്വേഷണം ആകാമെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കാതെ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പുറത്തുവിടുന്നത് കുറ്റകരമാണ്. നിയമം ലംഘിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് രണ്ടു വര്‍ഷംവരെ തടവുശിക്ഷ നല്‍കാനും വ്യവസ്ഥയുണ്ട്. 1973ലെ ക്രിമിനല്‍ നടപടിച്ചട്ടം ഭേദഗതി ചെയ്ത് സെപ്തംബര്‍ ഏഴിന് ഗവര്‍ണര്‍ കല്യാണ്‍സിംഗ് പുറപ്പെടുവിച്ച ഈ ഓര്‍ഡിനന്‍സ് ഇന്നലെ സര്‍ക്കാര്‍ നിയമസഭയുടെ പരിഗണനക്ക് സമര്‍പ്പിക്കുകയുമുണ്ടായി. ഐ പി എല്‍ കുംഭകോണ കേസിലെ പിടികിട്ടാപ്പുള്ളി ലളിത് മോദിക്ക് അന്താരാഷ്ട്ര യാത്രാരേഖകള്‍ തരപ്പെടുത്താന്‍ അവിഹിതമായി ഇടപെട്ടത് ഉള്‍പ്പെടെ മുഖ്യമന്ത്രി വസുന്ധര രാജയും പല സഹമന്ത്രിമാരും അഴിമതി ആരോപണങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണ് നിയമത്തിന്റെയും മാധ്യമങ്ങളുടെയും ചിറകരിയുന്ന ബി ജെ പി സര്‍ക്കാറിന്റെ പുതിയ ഓര്‍ഡിനന്‍സ്.

സമാനമായ നടപടിയാണ് “ദി വയറി”നെതിരെ അഹമ്മദാബാദ് സിവില്‍ കോടതിയില്‍ നിന്നുണ്ടാത്. ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ മകന്‍ ജയ്ഷാ നല്‍കിയ ഹരജിയില്‍, ജയ്ഷാക്കെതിരായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് ദി വയറിന് വിലക്കേര്‍പ്പെടുത്തുന്നതായിരുന്നു ഉത്തരവ്. ജയ് ഷായുടെ ഉടമസ്ഥതയിലുള്ള ടെംപിള്‍ എന്റര്‍പ്രൈസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ഒരു വര്‍ഷത്തിനിടെ 80 കോടിയുടെ വരുമാനമുണ്ടാക്കിയെന്നും വിറ്റുവരവ് ഒരു വര്‍ഷം കൊണ്ട് 16000 മടങ്ങ് വര്‍ധിച്ചുവെന്നുമുളള വിവരം ദി വയര്‍ പുറത്തു കൊണ്ടുവന്ന സാഹചര്യത്തിലാണ് ജയ്ഷാ അതിനെതിരെ വിലക്ക് സമ്പാദിച്ചത്. മോദി സര്‍ക്കാറിന്റെ തണലിലാണ് സ്ഥാപനം ഈ നേട്ടം കൈവരിച്ചത്. കേസില്‍ തീര്‍പ്പുണ്ടാകുന്നതുവരെ ഇതു സംബന്ധിച്ച് തുടര്‍വാര്‍ത്തകള്‍ അച്ചടി, ദൃശ്യ, ഡിജിറ്റല്‍ രൂപത്തിലോ അഭിമുഖമായോ, ടി വി ചര്‍ച്ചയിലോ ദി വയര്‍ സംപ്രേഷണം നടത്തുകയോ അച്ചടിക്കുകയോ ചെയ്യരുതെന്നാണ് കോടതി പറയുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിനും പൗരസ്വാതന്ത്ര്യത്തിനും നേരേയുള്ള കടന്നുകയറ്റമാണ് കോടതി ഉത്തരവും രാജസ്ഥാന്‍ സര്‍ക്കാറിന്റെ ഓര്‍ഡിന്‍ന്‍സുമെന്ന് വിമര്‍ശമുയര്‍ന്നിട്ടുണ്ട്.

ഭരണത്തിന്റെ സര്‍വ തലങ്ങളെയും ബാധിച്ച അഴിമതിയാണ് രാജ്യം ഇന്ന് നേരിടുന്ന മുഖ്യപ്രശ്‌നം. അഴിമതിയുടെ എണ്ണവും വ്യാപ്തിയും ഓരോ വര്‍ഷം കഴിയും തോറും വര്‍ധിച്ചു വരുന്നു. 1970-80 കാലത്ത് ദേശീയ തലത്തിലുള്ള അഴിമതികള്‍ നാലെണ്ണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കില്‍ 2011ല്‍ അവ 22 ഉം 2012ല്‍ 40 ഉം ആയി ഉയര്‍ന്നു. സഹസ്രകോടികളുടെ അഴിമതികളാണ് ഇവയില്‍ പലതും. പൊതുഖജനാവില്‍ നിന്നാണ് ഈ പണമത്രയും ചോര്‍ന്നു പോകുന്നത്. സാധാരണക്കാരന്‍ അധ്വാനിച്ചു നേടുന്ന സമ്പാദ്യത്തില്‍ നിന്ന് നല്‍കുന്ന നികുതിപ്പണമാണ് പൊതുഖജനാവിലെ ഗണ്യമായൊരു ഭാഗവും. മാത്രമല്ല, ജനങ്ങളില്‍ പകുതിയിലേറെയും പരമ ദരിദ്രരായ രാജസ്ഥാന്‍, ബീഹാര്‍, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ വര്‍ധിച്ച അഴിമതി അവിടുത്തെ ജനജീവിതം തന്നെ ദുരിതത്തിലാക്കിയിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ അഴിമതിക്കെതിരെ നീങ്ങേണ്ട സര്‍ക്കാര്‍ തന്നെ അഴിമതിക്കാരെ രക്ഷിക്കാന്‍ നിയമം കൊണ്ടുവരുന്നത് നാണക്കേടുണ്ടാക്കുന്ന നടപടിയാണ്. മാധ്യമങ്ങളാണ് പല കുംഭകോണങ്ങളും പുറത്തുകൊണ്ടു വന്നത്. പൊതുതാത്പര്യ ഹരജികളിലൂടെയാണ് ഇവയില്‍ പലതും കോടതികളിലെത്തുന്നതും പ്രതികള്‍ ശിക്ഷിക്കപ്പെടുന്നതും. അഴിമതിക്കെതിരെ ശബ്ദമുയര്‍ത്താനുള്ള മാധ്യമങ്ങളുടെയും പൗരന്മാരുടെയും ഭരണഘടനാപരമായ അവകാശം എടുത്തുകളയുന്നതിലൂടെ അഴിമതിക്ക് പച്ചക്കൊടി കാണിക്കുകയും അവര്‍ക്ക് എല്ലാ വിധ സംരക്ഷണം നല്‍കുകയുമാണ് രാജസ്ഥാന്‍ സര്‍ക്കാര്‍.

അഴിമതി വിരുദ്ധ ഭരണം വാഗ്ദാനം ചെയ്താണ് ബി ജെ പി സര്‍ക്കാറുകള്‍ അധികാരത്തിലേറിയത്. തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ കോണ്‍ഗ്രസ് സര്‍ക്കാറിന്റ അഴിമതികളെക്കുറിച്ചു പറയാന്‍ ബി ജെ പി നേതാക്കള്‍ക്ക് നൂറ് നാവായിരുന്നു. രാജസ്ഥാന്‍ സര്‍ക്കാറിന്റെ പുതിയ നിയമത്തെക്കുറിച്ച് മോദിക്കും സ്തുതി പാഠകര്‍ക്കും എന്ത് പറയാനുണ്ട്?

---- facebook comment plugin here -----

Latest