ഉ.കൊറിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജപ്പാന്‍

Posted on: October 24, 2017 12:41 am | Last updated: October 23, 2017 at 10:45 pm

ടോക്യോ: ഉത്തര കൊറിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉജ്ജ്വല വിജയം നേടി അധികാരം നിലനിര്‍ത്തിയ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ. ജപ്പാനെ ഭീഷണിപ്പെടുത്താന്‍ നിരന്തരം മിസൈലുകള്‍ തൊടുത്തു വിടുന്ന #ുത്തരകൊറിയക്കെതിരെ നടപടിയെടുക്കാന്‍ ജനപിന്തുണ തേടിയാണ് ആബേ സര്‍ക്കാര്‍ ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. ജനങ്ങള്‍ വന്‍ വിജയം സമ്മാനിച്ച സ്ഥിതിക്ക് സൈനിക നടപടികളിലേക്ക് നീങ്ങാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകും. ഈ പശ്ചാത്തലത്തിലാണ് ആബേയുടെ പ്രസ്താവന.

രാജ്യത്തിന് പുറത്ത് സൈനിക നടപടികളില്‍ പങ്കെടുക്കാന്‍ ജപ്പാനീസ് സൈന്യത്തെ ഭരണഘടന അനുവദിക്കുന്നില്ല. രണ്ടാം ലോകമഹായുദ്ധക്കാലത്തെ അനുഭവത്തിന്റെ വെളിച്ചത്തില്‍ രൂപപ്പെടുത്തിയ സമാധാന വ്യവസ്ഥകള്‍ എടുത്തു കളയാനുള്ള അവസരമായി ആബേ സര്‍ക്കാര്‍ ഈ വിജയത്തെ ഉപയോഗിക്കും.
ജനങ്ങള്‍ ഈ സര്‍ക്കാറില്‍ വിശ്വാസം രേഖപ്പെടുത്തിയിരിക്കുന്നു. ഇനി ഒന്നും നോക്കാനില്ല. ശക്തമായ നടപടികളിലേക്ക് രാജ്യം നീങ്ങും. ജപ്പാന്‍ ജനതയുടെ സുരക്ഷ ആര്‍ക്കും അടിയറ വെക്കില്ല- ആബേ പറഞ്ഞു.