Connect with us

Kasargod

ചെമ്പരിക്ക ഖാസിയുടെ മരണം; അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ വീണ്ടും

Published

|

Last Updated

കാസര്‍കോട്: ചെമ്പരിക്ക ഖാസിയുടെ മരണം കൊലപാതകമാണെന്നും ഇതിന്റെ ഗൂഢാലോചന നടന്നത് നീലേശ്വരത്താണെന്നുമുള്ള ഓട്ടോ ഡ്രൈവറുടെതെന്ന് പറയപ്പെടുന്ന ഓഡിയോ സംഭാഷണം പുറത്തായ സാഹചര്യത്തില്‍ ഇതേ കുറിച്ച് വീണ്ടും അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്ത്. ഘാതകരാണെന്ന് സംശയിക്കുന്ന രണ്ട് പേരെ സംഭവം നടന്നതിന്റെ തലേ ദിവസം രാത്രി ചെമ്പരിക്കയില്‍ കൊണ്ടുവിട്ട നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനിലെ ഓട്ടോറിക്ഷാ ഡ്രൈവറുടെതാണ് സുപ്രധാനമായ വെളിപ്പെടുത്തല്‍.

2010 ഫെബ്രുവരി 15നാണ് ചെമ്പരിക്ക ഖാസിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ ചെമ്പരിക്ക കടപ്പുറത്ത് കണ്ടെത്തിയത്. ഖാസിയുടെ മരണം കൊലപാതകമാണെന്ന് ബന്ധുക്കളും നാട്ടുകാരും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ലോക്കല്‍ പോലീസും ക്രൈം ബ്രാഞ്ചും സി ബി ഐയും അന്വേഷിച്ച് മരണം ആത്മഹത്യയാണെന്ന് അന്തിമ വിധിയെഴുതിയ കേസിലാണ് മരണം കൊലപാതകമാണെന്ന് നിര്‍ണായക വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.
ചളിയംകോട് സ്വദേശിയും നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ ഓട്ടോറിക്ഷാ ഡ്രൈവറുമായിരുന്ന യുവാവാണ് കേസിനെ വഴിത്തിരിവിലെത്തിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ഖാസിയുടെ മരണത്തിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ നീലേശ്വരം കേന്ദ്രീകരിച്ച് ഗൂഢാലോചന നടത്തിയിരുന്നുവെന്നാണ് ഡ്രൈവറുടെ വെളിപ്പെടുത്തല്‍. മലപ്പുറം സ്വദേശികളായ രണ്ട് പേരാണ് കൃത്യം നടത്തിയതെന്നാണ് വെളിപ്പെടുത്തലിലെ സൂചന. അതിരാവിലെ നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്ന രണ്ട് പേരെ കോട്ടപ്പുറം സ്വദേശിയുടെ വീട്ടിലെത്തിച്ചിരുന്നത് ഈ ഓട്ടോ ഡ്രൈവറായിരുന്നു. ഇവിടെ നിന്ന് ഇവരെ അടുത്തുള്ള മദ്യശാലയിലേക്ക് എത്തിച്ചതും ഇയാള്‍ തന്നെയാണ്. മണിക്കൂറുകളോളം അടച്ചിട്ട മുറിക്കുള്ളില്‍ മദ്യസത്കാരവും രഹസ്യ ചര്‍ച്ചയും നടന്നിരുന്നതായി വെളിപ്പെടുത്തലിലുണ്ട്.

നീലേശ്വരത്ത് തന്നെ സ്വത്ത് ബ്രോക്കറായിരുന്ന രാജനായിരുന്നു ഇവരുടെ ഇടനിലക്കാരന്‍. രാജനും കോട്ടപ്പുറം സ്വദേശിയും ചേര്‍ന്നാണ് വധത്തിന്റെ ഗൂഢാലോചന നടത്തിയതെന്നാണ് ഡ്രൈവര്‍ പറയുന്നത്. ഇവര്‍ക്കൊപ്പം ഒരു എ എസ് ഐയും ഉണ്ടായിരുന്നതായും ഡ്രൈവര്‍ പറയുന്നുണ്ട്. പ്രതിഫലമായി കോട്ടപ്പുറം സ്വദേശിക്ക് മാത്രം 20 ലക്ഷം രൂപ നല്‍കിയതിന് താന്‍ ദൃക്‌സാക്ഷിയാണെന്നും ഡ്രൈവറുടെ വെളിപ്പെടുത്തലിലുണ്ട്. വാടക വീട്ടില്‍ താമസിച്ചിരുന്ന കോട്ടപ്പുറം സ്വദേശി പിന്നീട് 14 ലക്ഷം രൂപക്ക് വീടും സ്ഥലവും മൂന്ന് ലക്ഷം രൂപക്കും കാറും വാങ്ങിയതിന് താന്‍ സാക്ഷിയാണെന്നും ഇതിന്റെ ഇടനിലക്കാരന്‍ രാജനാണെന്നും ഡ്രൈവര്‍ പറയുന്നു.

സംഭവത്തിന് ശേഷം ഇയാള്‍ക്ക് കര്‍ണാടകയിലെ വിരാജ്‌പേട്ടയില്‍ ജോലി ലഭിച്ചു. കെ എല്‍ 14- 9895 നമ്പര്‍ രജിസ്‌ട്രേഷനിലുള്ള ഓട്ടോറിക്ഷ നീലേശ്വരത്തെ ഭാര്യവീട്ടില്‍ വെച്ച ശേഷം ഇയാള്‍ കര്‍ണാടകയിലേക്ക് ജോലിക്ക് പോയി. തിരിച്ചെത്തിയപ്പോഴാണ് ഓട്ടോറിക്ഷ മോഷണം പോയതായി അറിയുന്നത്. പോലീസില്‍ പരാതി നല്‍കാന്‍ മുതിര്‍ന്നപ്പോള്‍ പഴയ ഓട്ടോറിക്ഷയല്ലേ കേസൊന്നും വേണ്ടെന്ന് പറഞ്ഞ് ഭാര്യയും ബന്ധുക്കളും വിലക്കിയതുകൊണ്ടാണ് പരാതി നല്‍കാതിരുന്നത്. എന്നാല്‍ ഇതിനു ശേഷം സി പി എം- മുസ്‌ലിം ലീഗ് സംഘര്‍ഷത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ നടന്ന ഹര്‍ത്താലിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് സൗത്തില്‍ നിരവധി വാഹനങ്ങള്‍ അക്രമിക്കപ്പെട്ടപ്പോള്‍ അതില്‍ തീവെച്ച് നശിപ്പിച്ച വാഹനങ്ങളിലൊന്ന് തന്റെ ഓട്ടോറിക്ഷയായിരുന്നുവെന്നും ഓട്ടോറിക്ഷയുടെ പിറകില്‍ പതിച്ചിരുന്ന മുത്തുമോന്‍ എന്ന സ്റ്റിക്കര്‍ കണ്ടാണ് ഓട്ടോറിക്ഷ തന്റേതാണെന്ന് മനസിലായതെന്നും ഓട്ടോറിക്ഷ ഡ്രൈവറുടെ വെളിപ്പെടുത്തലില്‍ പറയുന്നു. അന്ന് പരാതി നല്‍കാതിരുന്നതാണ് തനിക്ക് പറ്റിയ അബദ്ധമെന്നും ഡ്രൈവര്‍ കുറ്റസമ്മതം നടത്തുന്നുണ്ട്. ഖാസി മരണപ്പെട്ടശേഷം താന്‍ ഓട്ടോയില്‍ കൊണ്ടുവിട്ടവരാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയമുണ്ടായിരുന്നുവെങ്കിലും പ്രാണഭീതി മൂലമാണ് പുറത്ത് പറയാതിരുന്നതെന്നും ഇയാള്‍ വെളിപ്പെടുത്തുന്നുണ്ട്. എന്നാല്‍ കുറ്റബോധം തന്നെ അലട്ടുന്നതുകൊണ്ടാണ് ഇപ്പോള്‍ വെളിപ്പെടുത്തുന്നതെന്നും ഇയാള്‍ പറയുന്നു.

ഇതിനുശേഷം ബ്രോക്കര്‍ രാജനും കോട്ടപ്പുറം സ്വദേശിയും തന്നെ ഭീഷണിപ്പെടുത്തുകയും ഭൂമിയില്‍ നിന്ന് തന്നെ ഇല്ലാതാക്കുമെന്ന് പറഞ്ഞതായും ഇദ്ദേഹം വെളിപ്പെടുത്തുന്നു. ഖാസി വധത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മരുമകന്‍ സി എ മുഹമ്മദ് ശാഫിയും, പി ഡി പി ഉള്‍പ്പെടെയുള്ള സംഘടനകളും പ്രക്ഷോഭവുമായി രംഗത്ത് വന്നിരിക്കുന്ന സാഹചര്യത്തിലാണ് നിര്‍ണായകമായ വെളിപ്പെടുത്തല്‍. ഈ സാഹചര്യത്തില്‍ സമരം വീണ്ടും ശക്തമാക്കാനാണ് കുടുംബത്തിന്റെ തീരുമാനം.