Connect with us

Gulf

നാല് പതിറ്റാണ്ട് പ്രവാസം മതിയാക്കി അസ്ലം ഇക്ക നാട്ടിലേക്ക്

Published

|

Last Updated

അബുദാബി: കലാകാരന്‍ മുഹമ്മദ് അസ്ലം എന്ന അബുദാബിക്കാരുടെ സ്വന്തം അസ്ലം ഇക്ക നാല് പതിറ്റാണ്ടിലേറെയുള്ള പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നു.

കലാകാരന്‍ എന്നതിലുപരി കലാകാരന്മാര്‍ക്ക് എന്നും താങ്ങും തണലുമായി ജീവിക്കുന്ന ഒരു കലാകാരന്‍ കൂടിയാണ് തിരുവനന്തപുരം സ്വദേശിയായ മുഹമ്മദ് അസ്ലം. അവതാരകന്‍, പാട്ടുകാരന്‍, അഭിനേതാവ്, സംഘാടകന്‍, സിനിമാ നിര്‍മാതാവ് തുടങ്ങി വിവിധ മേഖലകളില്‍ സാന്നിധ്യമറിയിച്ച അസ്‌ലം 1975 ലാണ് അബുദാബിയിലെത്തുന്നത്.

നാല്‍പതു വര്‍ഷത്തിലേറെ അബുദാബി അഡ്നോകില്‍ ജോലിചെയ്തിരുന്ന അദ്ദേഹം ജോലിക്കിടെ പാട്ടുകാര്‍ക്കും മേളക്കാര്‍ക്കും അത്താണിയായി മാറുകയായിരുന്നു. ചെറുപ്പകാലം മുതലേ കലാരംഗത്ത് സജീവമായിരുന്ന ഇദ്ദേഹം നിരവധി കലാകാരന്മാര്‍ക്കു പ്രവാസലോകത്ത് പ്രോത്സാഹനവും താങ്ങും തണലുമായിട്ടുണ്ട്. അബുദാബിയിലെ സംഗീത മേഖലയെ പ്രോത്സാഹിപ്പിക്കുവാനും അവര്‍ക്ക് കൈത്താങ്ങ് നല്‍കുവാനും അബുദാബിയില്‍ ആദ്യമായി ഫാന്റസി എന്റര്‍ടെയ്‌നേഴ്‌സ് എന്ന സംഗീത കൂട്ടായ്മക്ക് രൂപംനല്‍കുവാനും കലാകാരെ ഒന്നിച്ചുനിര്‍ത്തി നിരവധി അവസരങ്ങള്‍ നല്‍കുവാനും ഇദ്ദേഹത്തിനു സാധിച്ചു. കലാകാരന്മാര്‍ക്ക് വേണ്ടി തന്റെ വീടിന്റെ ഒരു ഭാഗം തന്നെ ഈ കലാ സ്‌നേഹി മാറ്റി വെച്ചു. ഇദ്ദേഹത്തിന്റെ വീട്ടിലെ സംഗീത കളരിയില്‍ പാടുകയും പരിശീലിക്കുകയും ചെയ്യാത്ത കലാകാരന്‍മാര്‍ വിരളമാണെന്ന് പറയാം. നാല് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസ ജീവിതത്തിനിടയില്‍ നിരവധി കലാകാരന്‍മാരെ ഉയര്‍ത്തിക്കൊണ്ടുവരാനും അസ്‌ലമിന് സാധിച്ചു. മറ്റു കലാകാരന്മാര്‍ അബുദാബിയിലെ ത്തിയാല്‍ അസ്‌ലംക്കയുടെ വീട്ടിലേക്കെത്തുന്ന സ്ഥിതി വിശേഷമായി. ഇതോടൊപ്പം പലയിടങ്ങളിലായി ചിതറിക്കഴിഞ്ഞിരുന്ന
സംഗീത ഉപകരണങ്ങള്‍ വായിക്കുന്നവര്‍ക്ക് ഒരുമിച്ചിരിക്കാനും അവസരമൊരുങ്ങി. ഇദ്ദേഹം നാട്ടിലേക്ക് മടങ്ങുന്നതോടെ കലാകാരന്മാരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ഏറ്റവും വലിയ കൈത്താങ്ങാണ് യു എ ഇയില്‍ നഷ്ടമാകുന്നത്.

സാമ്പത്തികശേഷി കുറവുള്ള കലാകാരന്മാര്‍ക്ക് തന്റെ ഉടമസ്ഥതയിലുള്ള ജാസ് മ്യൂസിക് എന്ന മ്യൂസിക് സ്‌കൂളില്‍ തന്നെ സൗജന്യമായി പരിശീലനം കൊടുക്കുവാനും ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മലയാള സിനിമാ ലോകത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. പ്രശസ്ത സംവിധായകന്‍ പത്മരാജനുമായുളള അടുത്ത സൗഹൃദം ഇദ്ദേഹത്തെ നിര്‍മാതാവാക്കി മാറ്റി. പത്മരാജന്‍ സംവിധാനം ചെയ്ത ഇന്നലെ എന്ന ജയറാം, ശോഭന, സുരേഷ് ഗോപി ചിത്രത്തിന്റെ നിര്‍മാണം ഇദ്ദേഹത്തിന്റെ സിനിമയിലേക്കുള്ള കാല്‍വെപ്പായിരുന്നു. മോഹന്‍ലാല്‍ നായകനായ കളിപ്പാട്ടവും മമ്മൂട്ടി നായകനായ ദി ട്രൂത്ത് എന്ന മലയാള സിനിമയും ഇദ്ദേഹത്തിന്റെ കൂടി നിര്‍മാണത്തില്‍ ഉടലെടുത്ത സിനിമകളാണ്. 2005ല്‍ പുറത്തിറങ്ങിയ രാജീവ് നാഥ് സംവിധാനം ചെയ്ത മോക്ഷം എന്ന അനൂപ് മേനോണ്‍ ചിത്രത്തിലും അഭിനയിച്ചു ഇദ്ദേഹം. കരള്‍ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന അബുദാബിയിലെ തബലിസ്റ്റിന് ചികിത്സക്ക് മാത്രമായി നൂറില്‍പരം കലാകാരന്മാരെ അണിനിരത്തി സ്റ്റേജ് ഷോ സംഘടിപ്പിക്കുകയും കരള്‍ മാറ്റിവെക്കലിനുള്ള തുക സംഘടിപ്പിക്കുകയും ചെയ്യാന്‍ അസ്‌ലമിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മക്ക് കഴിഞ്ഞു. സ്റ്റേജ് ഷോകളിലുടെ, രോഗം മൂലവും മറ്റും പ്രയാസം അനുഭവിക്കുന്ന കലാകാരന്‍മാര്‍ക്ക് കൈത്താങ്ങാകാനും ഇദ്ദേഹത്തിന്റെ നേതൃത്വത്തിന് സാധിക്കുന്നുണ്ട്. ജാന്‍സയാണ് ഭാര്യ. മക്കളായ ലൗലിയും ജാസിമും സംഗീതലോകത്ത് സജീവമാണ്. വെള്ളിത്തിരയില്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്യുവാനും കലാ കാരന്മാര്‍ക്ക് കൈത്താങ്ങ് ആകുവാനും തന്നെയാണ് അബുദാബിക്കാരുടെ അസ്ലം ഇക്കയുടെ ഇനിയുള്ള ജീവിതയാത്രയും. വിവരങ്ങള്‍ക്ക്: 050 615 1341, 052 733 7144.

 

 

 

---- facebook comment plugin here -----

Latest