Connect with us

Eranakulam

ഉത്പാദന ചെലവ് വര്‍ധിച്ചു; പൊക്കാളി കൃഷി പ്രതിസന്ധിയില്‍

Published

|

Last Updated

കൊച്ചി: ഉത്പാദന ചെലവ് വര്‍ധിച്ചതോടെ പൈതൃക ജൈവ നെല്‍കൃഷിയായ പൊക്കാളി കൃഷിയില്‍ നിന്ന് കര്‍ഷകര്‍ പിന്മാറുന്നു. പൊക്കാളി കൃഷിയുടെ അടിസ്ഥാന വികസനത്തിന് സംസ്ഥാന കൃഷി വകുപ്പ് കോടിക്കണക്കിന് രൂപ എല്ലാ വര്‍ഷവും മാറ്റിവെക്കുന്നുണ്ടെങ്കിലും ഇതൊന്നും താഴേത്തട്ടിലേക്ക് എത്തുന്നില്ല. പൊക്കാളി അരിക്ക് താങ്ങുവില ഉയര്‍ത്തണമെന്ന കര്‍ഷകരുടെ ആവശ്യവും നടപ്പായിട്ടില്ല.

പൂര്‍ണമായും ജൈവിക രീതിയില്‍ ഉത്പാദിപ്പിക്കുന്ന പൊക്കാളി അരി നിലവില്‍ എറണാകുളം, തൃശൂര്‍, മലപ്പുറം, ആലപ്പുഴ ജില്ലകളിലെ കോള്‍പ്പാടങ്ങളിലാണ് കൃഷി ചെയ്യുന്നത്. ഏറെ ഔഷധ ഗൂണമുള്ള പൊക്കാളി അരി രുചിയിലും ഒന്നാം സ്ഥാനത്താണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പൊക്കാളി കൃഷി ചെയ്യുന്നത് എറണാകുളം ജില്ലയിലാണ്. 2002ല്‍ ഇവിടെ 25,400 ഹെക്ടര്‍ സ്ഥലത്ത് പൊക്കാളി കൃഷി ഉണ്ടായിരുന്നത് നിലവില്‍ ആയിരം ഹെക്ടര്‍ സ്ഥലത്തായി ചുരുങ്ങി. നാലായിരം ഹെക്ടര്‍ സ്ഥലം പൊക്കാളി കൃഷിക്ക് അനുയോജ്യമായിരിക്കെയാണ് ഇത്.
ഒരു ഏക്കര്‍ പൊക്കാളി കൃഷി ചെയ്യാന്‍ 35,000 മുതല്‍ 37, 000 രൂപ വരെ ചെലവ് വരുമെന്ന് ദേശീയ പ്ലാന്റ് ജീനോം സേവ്യഴ്‌സ് കമ്യൂനിറ്റി അവാര്‍ഡ് നേടിയ കടമക്കുടി വരാപ്പുഴ ജൈവ പൊക്കാളി ഐ സി എസ് സെക്രട്ടറി കെ എ തോമസ് പറയുന്നു. എന്നാല്‍, സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ കിലോഗ്രാമിന് 23 രൂപ നിരക്കിലാണ് പൊക്കാളി നെല്ല് സംഭരിക്കുന്നത്. ഒരു ഏക്കര്‍ കൃഷിയില്‍ നിന്ന് ഏകദേശം എട്ട് ക്വിന്റല്‍ നെല്ലാണ് ലഭിക്കുക. ഇത് വില്‍പ്പന നടത്തിയാല്‍ ലഭിക്കുന്നതാകട്ടെ വെറും 18,400 രൂപയും. ഉത്പാദന ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ അറുപത് രൂപയില്‍ കുറയാതെ താങ്ങുവില നിശ്ചയിച്ചാലേ നഷ്ടത്തില്‍ നിന്ന് കരകയറാനാകൂവെന്നാണ് കര്‍ഷകര്‍ പറയുന്നത്.

ഇതിനു പുറമെ, കാലാവസ്ഥയിലുണ്ടായ മാറ്റങ്ങളും പൊക്കാളി കൃഷിയെ സാരമായി ബാധിച്ചിട്ടുണ്ട്. ലവണാംശമുള്ള മണ്ണില്‍ മാത്രമേ പൊക്കാളി കൃഷി വളരൂവെന്നതിനാല്‍ ചെമ്മീന്‍ കൃഷി നടത്തി നിലം പാകപ്പെടുത്തിയതിന് ശേഷമാണ് പൊക്കാളി വിത്ത് വിതക്കുന്നത്. നവംബര്‍ 15 മുതല്‍ ഏപ്രില്‍ 15 വരെ ചെമ്മീന്‍ കൃഷിയും ജൂണ്‍ 15 മുതല്‍ ഒക്‌ടോബര്‍ 15 വരെ പൊക്കാളി കൃഷിയുമാണ് വിതക്കാറുള്ളത്. എന്നാല്‍, കാലാവസ്ഥയിലുണ്ടായ മാറ്റം ഈ സമയക്രമം തെറ്റിച്ചു. മാത്രമല്ല, മലിനജലവും വൈറസ് രോഗവും കയറ്റുമതി രംഗത്തുണ്ടായ ഇടിവും കാരണം ചെമ്മീന്‍ കൃഷി തകര്‍ച്ചയിലുമാണ്. നേരത്തെ, പൊക്കാളി കൃഷിയിലുണ്ടായിരുന്ന ചെറിയ നഷ്ടങ്ങള്‍ ചെമ്മീന്‍ കൃഷിയില്‍ നിന്ന് ലഭിക്കുന്ന ആദായം കൊണ്ടാണ് നികത്തിയിരുന്നത്. ചെമ്മീന്‍ കൃഷിയും അവതാളത്തിലായതോടെ ആകെയുള്ള പിടിവള്ളിയും കര്‍ഷകര്‍ക്ക് നഷ്ടപ്പെട്ടു. ചെമ്മീന്‍ കൃഷി നടത്താതിരുന്നാല്‍ പൊക്കാളി കൃഷിക്ക് നിലം പരുവപ്പെടുത്താന്‍ കഴിയാതെ വരുമെന്നതും കര്‍ഷകരെ ഇതില്‍ നിന്ന് പിന്നോട്ടടിപ്പിക്കുന്നുണ്ട്.
അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, രൂക്ഷമായ പക്ഷി ശല്യം, കൃഷിയിടത്തിലേക്ക് വ്യവസായ മേഖലയില്‍ നിന്നുവരുന്ന മാലിന്യങ്ങള്‍, തൊഴിലാളികളുടെ ലഭ്യതക്കുറവ്, സംഭരണശാലകളുടെ അപര്യാപ്തത എന്നിവയും പൊക്കാളി കൃഷിയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഹെക്ടറിന് 10,000 രൂപയും ഉത്പാദന ബത്തയായി 1000 രൂപയും സംസ്ഥാന കൃഷി വകുപ്പും 17,000 രൂപ തദ്ദേശ വകുപ്പും നല്‍കുന്നതല്ലാതെ മറ്റ് സാമ്പത്തിക സഹായങ്ങളൊന്നും കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല.

 

Latest