മലയാള സര്‍വകലാശാലയുടെ വളര്‍ത്തച്ഛന്‍ പടിയിറങ്ങുന്നു

Posted on: October 23, 2017 8:31 am | Last updated: October 23, 2017 at 12:32 am

മലപ്പുറം: തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍ ഈ മാസം 25ന് പടിയിറങ്ങുന്നു. കുറച്ച് കാലം കൊണ്ട് മലയാള സര്‍വകലാശാലയെ അക്കാദമിക് രംഗത്ത് ഉയരങ്ങളുടെ പടവുകളിലേക്ക് ഉയര്‍ത്തിയാണ് ജയകുമാര്‍ വിട പറയുന്നത്. 2012 നവംബര്‍ ഒന്നിന് സര്‍വകലാശാല പിറവിയെടുത്തത് മുതല്‍ വൈസ് ചാന്‍സലര്‍ പദവിയിലായിരുന്നു. കോഴ്‌സുകള്‍ നടത്തുന്നതോടൊപ്പം മലയാള ഭാഷയെ ശക്തിപ്പെടുത്തുന്നതിനുള്ള ഇടപെടലുകള്‍ കൂടി വൈസ് ചാന്‍സലറായ ജയകുമാറിന്റെ നേതൃത്വത്തില്‍ നടന്നു.

ഡിജിറ്റല്‍ ലൈബ്രറി, നിഘണ്ടു, ഓണ്‍ലൈന്‍ കോഴ്‌സുകള്‍ എന്നിവ ആരംഭിക്കാനായി ഭാഷാ സാങ്കേതിങ്ക കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്. ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റി പ്രസ്, ഓറിയന്റ് നവയാന തുടങ്ങിയ പ്രസാധകരുടെ സഹായത്തോടെ ഏഴ് പുസ്തകങ്ങളുടെ പരിഭാഷ പുറത്തിറക്കി. പത്ത് ബിരുദാനന്തര കോഴ്‌സുകളും പി എച്ച് ഡി യും ഇവിടെയുണ്ട്. ആധുനിക സാങ്കേതിക വിദ്യ എഴുത്തച്ഛന്‍ കൃതികളുടെ വ്യാപനത്തിനായി പ്രയോജനപ്പെടുത്തുന്നതിന് വേണ്ടി എഴുത്തച്ഛന്‍ പഠന കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്. കേരളീയ പൈതൃകങ്ങള്‍ സൂക്ഷിക്കാന്‍ വേണ്ടി മ്യൂസിയവുമുണ്ട്. 50,000 പുസ്തകങ്ങള്‍ സൂക്ഷിക്കാന്‍ സൗകര്യമുള്ള അത്യാധുനിക ലൈബ്രറിയുമുണ്ട്. ആനുകാലികങ്ങള്‍- ജേണലുകള്‍, ഇ – ബുക്കുകള്‍, ഇ – ജേണലുകള്‍ എന്നിവക്ക് പ്രത്യേക വിഭാഗവും പ്രവര്‍ത്തിക്കുന്നു.

ഭാഷാഭേദ സര്‍വേ, പ്രവാസികള്‍ക്ക് വേണ്ടി ഓണ്‍ലൈന്‍ കോഴ്‌സ്, സെന്റര്‍ ഫോര്‍ മലയാളം കമ്പ്യൂട്ടിംഗ് തുടങ്ങിയവയാണ് സര്‍വകലാശാല ഏറ്റെടുത്ത് നടപ്പാക്കാന്‍ പോകുന്ന കര്‍മപദ്ധതികള്‍.