നവാസ് ശരീഫ് വധിക്കാന്‍ ശ്രമിച്ചുവെന്ന് ആസിഫലി സര്‍ദാരി

Posted on: October 23, 2017 8:25 am | Last updated: October 23, 2017 at 12:25 am

ലാഹോര്‍: പുറത്തായ പ്രധാനമന്ത്രി നവാസ് ശരീഫും സഹോദരനും രണ്ട് തവണ തന്നെ വധിക്കാന്‍ പദ്ധതിയിട്ടതായി മുന്‍ പാക്കിസ്ഥാന്‍ പ്രസിഡന്റ് അസഫ് അലി സര്‍ദാരി. അഴിമതിക്കേസില്‍ എട്ട് വര്‍ഷക്കാലം ജയില്‍ ശിക്ഷ അനുഭവിക്കവെയാണ് നവാസും സഹോദരന്‍ ഷഹ്ബാസും തന്നെ വധിക്കാന്‍ ശ്രമിച്ചതെന്ന് സര്‍ദാരി പറഞ്ഞു.

വിചാരണക്കായി കോടയില്‍ പോകുമ്പോഴാണ് തന്നെ കൊല്ലാന്‍ പദ്ധതിയിട്ടതെന്നും 62കാരനായ സര്‍ദാരി പറഞ്ഞു. ലാഹോറില്‍ ബിലാവല്‍ ഹൗസില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് 1990കളില്‍ തനിക്കെതിരെ നടന്ന വധശ്രമം സര്‍ദാരി പറഞ്ഞത്. തന്റെ പിന്തുണക്കായി നവാസ് തന്നെ ബന്ധപ്പെടാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ താനിത് നിരസിച്ചുവെന്നും സര്‍ദാരി പറഞ്ഞു. തന്നോടും തന്റെ ഭാര്യയായ ബേനസീര്‍ ഭൂട്ടോയോടും ശരീഫും സഹോദരനും ചെയ്തത് താന്‍ ഇതുവരെ മറന്നിട്ടില്ല. ഇവര്‍ ചെയ്തത് താന്‍ മാപ്പാക്കിയെങ്കിലും ശരീഫ് തന്നെ വഞ്ചിച്ച് കോടതിയില്‍ പോയി താന്‍ ചതിയനാണെന്ന് വരുത്തിത്തീര്‍ത്തുവെന്നും സര്‍ദാരി പറഞ്ഞു. പാനമ പേപ്പര്‍ കേസിനെത്തുടര്‍ന്ന് പ്രധാനമന്ത്രി സ്ഥാനം രാജിവെക്കേണ്ടിവന്ന ശെരീഫിനെതിരെ സര്‍ദാരി ശക്തമായ അരോപണങ്ങളാണ് ഉന്നയിച്ചുവരുന്നത്. ശരീഫുമായുള്ള സഖ്യത്തെ നിരസിച്ച സര്‍ദാരി സൈനിക നേത്യത്വവുമായുള്ള ബന്ധം മെച്ചപ്പെടുത്തുവാന്‍ ശ്രമിച്ചുവരികയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.