Connect with us

International

ജപ്പാനില്‍ 'പരീക്ഷണം' ജയിച്ച് ഷിന്‍സൊ അബെ

Published

|

Last Updated

ടോക്യോ: കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഭൂരിപക്ഷം ഉറപ്പിക്കാന്‍ ശ്രമിച്ച ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ അബെക്ക് മൃഗീയ ഭൂരിപക്ഷം. ഇന്നലെ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ അബെ വിജയം നേടുമെന്ന് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചു. 465 സീറ്റുകളില്‍ 311ലും അബെയുടെ നേതൃത്വത്തിലുള്ള കണ്‍സെര്‍വെടിവ് സഖ്യത്തിന് ആധിപത്യമുണ്ടെന്ന് സ്വകാര്യ ചാനലായ ടി ബി എസ് പുറത്തുവിട്ടു. എക്‌സിറ്റ് പോള്‍ പ്രവചനത്തിന് പിന്നാലെ വിജയാഹ്ലാദവുമായി അബെ അനുകൂലികള്‍ രംഗത്തെത്തി.
ഉത്തര കൊറിയയുമായി യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കവെയാണ് പ്രധാനമന്ത്രി കഴിഞ്ഞ മാസം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഉത്തര കൊറിയക്കെതിരെ അമേരിക്കയുമായി ചേര്‍ന്ന് സായുധ മുന്നേറ്റം നടത്തേണ്ട സാഹചര്യത്തില്‍ അബെക്കും സഖ്യകക്ഷിയായ എല്‍ ഡി പിക്കും പാര്‍ലിമെന്റില്‍ വ്യക്തമായ ഭൂരിപക്ഷം ആവശ്യമാണ്.

ഉത്തര കൊറിയയുടെ ഭീഷണി നിലനില്‍ക്കവെ ദേശീയത ചര്‍ച്ചയായ തിരഞ്ഞെടുപ്പിനെ കൃത്യമായി മുതലെടുക്കാന്‍ അബെക്കും അദ്ദേഹത്തിന്റെ സഖ്യത്തിനും സാധിച്ചു. പ്രതിപക്ഷ പാര്‍ട്ടികളിലെ ഐക്യമില്ലായ്മ ഭരണപക്ഷ വികാരം വോട്ടാക്കുന്നതിന് തടസ്സമായി.
ലാന്‍ ചുഴലിക്കാറ്റ് രാജ്യത്തെ വ്യാപകമായി ബാധിച്ച സാഹചര്യത്തിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. ഇത് വോട്ടെടുപ്പിനെ കാര്യമായി സ്വാധീനം ചെലുത്തിയിട്ടുണ്ട്.
മൃഗീയ ഭൂരിപക്ഷമായ 310 സീറ്റുകള്‍ അബെയുടെ സഖ്യത്തിന് ലഭിക്കുമോയെന്നാണ് മറ്റ് പാര്‍ട്ടികള്‍ ഉറ്റുനോക്കുന്നത്. യുദ്ധം ആസന്നമായ സാഹചര്യത്തില്‍ നിര്‍ണായകമായ പല നിലപാടുകള്‍ സ്വീകരിക്കാനും മൂന്നില്‍ രണ്ട് ഭൂരിപക്ഷം അബെക്ക് ആവശ്യമാണ്. എന്നാല്‍, മൂന്നില്‍ രണ്ട് ഭൂരിപക്ഷം അബെയുടെ പാര്‍ട്ടിക്ക് ലഭിക്കില്ലെന്നാണ് ചില എക്‌സിറ്റ് പോള്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

 

Latest