യൂത്ത് ലീഗിന്റെ ഒളിയമ്പിന് ചേളാരി അനുകൂലികളുടെ തെറിവിളി

Posted on: October 22, 2017 8:45 am | Last updated: October 22, 2017 at 12:17 am

കോഴിക്കോട്:സലഫിസത്തെയും കെ എന്‍ എമ്മിനെയും മഹദ്‌വത്കരിച്ചുള്ള ഇ ടി മുഹമ്മദ് ബഷീര്‍ എം പിയുടെ പ്രസ്താവനയെ തുടര്‍ന്നുണ്ടായ വിവാദം ഒഴിയുന്നില്ല. ഇ ടിയെ പ്രമേയത്തിലൂടെ താക്കീത് ചെയ്ത ചേളാരി സമസ്തക്ക് മുസ്‌ലിം ലീഗിന്റെ യുവജന വിഭാഗമായ യൂത്ത്‌ലീഗ് പ്രമേയത്തിലൂടെ തന്നെ മറുപടി നല്‍കിയിരുന്നു. ഇതിനുള്ള പ്രതിഷേധമെന്നോണം സോഷ്യല്‍ മീഡിയയില്‍ യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസിനെതിരെ ചേളാരി സമസ്തയുടെ അണികളുടെ കടന്നാക്രമണമാണ് നടക്കുന്നത്.

ചെഗുവേരക്കെതിരെ കമന്റിട്ടതിന് തന്റെ പിതൃസഹോദരന്റെ മകനെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി ചൂണ്ടിക്കാട്ടി പി കെ ഫിറോസ് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റിന് താഴെയാണ് ഫിറോസിനെതിരെ ഇതുമായി ഒരു ബന്ധവുമില്ലാത്ത വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് ആക്രമണം നടക്കുന്നത്. സമസ്തയുടെ നിലപാടിനെ എതിര്‍ത്തുകൊണ്ട് മുന്‍കാലങ്ങളില്‍ ഫിറോസ് നടത്തിയ വിമര്‍ശനങ്ങള്‍ ചിലര്‍ അക്കമിട്ട് നിരത്തുമ്പോള്‍, നിലപാടുകള്‍ തിരുത്തുന്നതാണ് രാഷ്ട്രീയ ഭാവിക്ക് നല്ലതെന്ന് ഭീഷണിപ്പെടുത്തുന്നു.
ലീഗിന്റെ ശക്തികേന്ദ്രമായ മലപ്പുറം മണ്ഡലത്തില്‍ പോലും ഫിറോസ് മത്സരിച്ചാല്‍ ജയിക്കില്ലെന്നും നിലപാടുകള്‍ തിരുത്തുന്നതാണ് രാഷ്ട്രീയ ഭാവിക്ക് നല്ലതെന്നും ഫിറോസിനെ ഉണര്‍ത്തുന്നു. മുസ്‌ലിംലീഗ് ഏതെങ്കിലും മതസംഘടനയുടെ ചട്ടുകമല്ലെന്ന് കഴിഞ്ഞ ദിവസം യൂത്ത്‌ലീഗ് പ്രമേയത്തില്‍ പറഞ്ഞിരുന്നു. ലീഗ് നേതാക്കന്‍മാര്‍ മതസംഘടനയുടെ നിര്‍ദേശം അനുസരിച്ചല്ല പ്രവര്‍ത്തിക്കേണ്ടത്. പ്രവര്‍ത്തനം എങ്ങനെ വേണമെന്ന് പാര്‍ട്ടിയാണ് തീരുമാനിക്കുകയെന്ന് പി കെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ പറയുകയും ചെയ്തിരുന്നു.

ഫിറോസിനെതിരായ ആക്രമണം രൂക്ഷമാതോടെ ഒരു പ്രസ്താവനയുടെ പേരില്‍ അദ്ദേഹത്തെ ആക്രമിക്കുന്നത് നിര്‍ത്തണമെന്ന് യൂത്ത്‌ലീഗ് സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു. പറഞ്ഞ വാക്കുകളില്‍ വീഴ്ചയുണ്ടായാല്‍ തിരുത്താനുള്ള ജനാധിപത്യ ബോധവും ഫിറോസിനുണ്ടെന്നും യാതൊരു മാന്യതയുമില്ലാതെ വ്യക്തിപരമായി അധിക്ഷേപമാണ് നടക്കന്നതെന്നും നജീബ് ചൂണ്ടിക്കാട്ടി.
മുജാഹിദ് സമ്മേളന പ്രചരണാര്‍ഥം നേരത്തെ പുറത്തിറക്കിയ ക്ലിപ്പിംഗില്‍ മുജാഹിദ് വിഭാഗം വിഭാവനം ചെയ്യുന്ന തൗഹീദാണ് ശരിയായ നവോത്ഥാനവും കേരളത്തില്‍ സമാധാനവും ഉണ്ടാക്കിയതെന്ന് ഇ ടി അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെ രംഗത്തുവന്ന ചേളാരി സമസ്ത ഇ ടിയുടെ പ്രസ്താവന അതിരു കടന്നതും അനുചിതവുമാണെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് നടന്ന യൂത്ത്‌ലീഗിന്റെ വേങ്ങര ഉപതിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ ചേളാരി സമസ്തയെ വിമര്‍ശിച്ച് പ്രമേയം പാസാക്കി. സമസ്തയുടെ പേരെടുത്ത് പറയാതെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ യൂത്ത്‌ലീഗ് നേതാക്കള്‍ രൂക്ഷവിമര്‍ശം അഴിച്ചുവിടുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് പി കെ ഫിറോസിനെ വ്യക്തിപരമായ കടന്നാക്രമണം ഉണ്ടായിരിക്കുന്നത്. സലഫിസവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമസ്തയുടെയും ലീഗിന്റെയും യുവജന വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റമുട്ടലുകള്‍ അതിരുകടക്കുന്നതിനാല്‍ പ്രശ്‌നത്തില്‍ അടിയന്തിര സമവായത്തിന് മുസ്‌ലിംലീഗ് നേതൃത്വം ശ്രമം തുടങ്ങിയിട്ടുണ്ട്.